TopTop
Begin typing your search above and press return to search.

അംഗന്‍വാടികളില്‍ മുട്ട കൊടുക്കാനുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം ബിജെപി സര്‍ക്കാര്‍ വെട്ടി; കൂടുതലും ബാധിക്കുക ദളിത്‌, ആദിവാസി കുട്ടികളെ

അംഗന്‍വാടികളില്‍ മുട്ട കൊടുക്കാനുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം ബിജെപി സര്‍ക്കാര്‍ വെട്ടി; കൂടുതലും ബാധിക്കുക ദളിത്‌, ആദിവാസി കുട്ടികളെ

മധ്യപ്രദേശില്‍ വീണ്ടും 'മുട്ട വിവാദം'. സംസ്ഥാനത്തെ അംഗന്‍വാടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മുട്ട നല്‍കാനുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം നിലവിലെ ബിജെപി സര്‍ക്കാര്‍ വേണ്ടെന്നു വച്ചു. കുട്ടികള്‍ക്ക് മുട്ട നല്‍കില്ലെന്നും പകരം പോഷകാഹാരമെന്ന നിലയില്‍ പാല്‍ നല്‍കാനാണ് തീരുമാനമെന്ന് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. അതിനിടെ, സംസ്ഥാന ബിജെപിയിലെ ശിവരാജ് സിംഗ്-ജ്യോതിരാദിത്യ സിന്ധ്യ പക്ഷങ്ങള്‍ തമ്മിലുള്ള ഉരസലിനും പ്രസ്തുത സംഭവം കാരണമായിട്ടുണ്ട്.

കമല്‍ നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്നപ്പോഴാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പോഷകാഹാരമെന്ന നിലയില്‍ മുട്ട നല്‍കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അധികാരമേറ്റ് അധികം കഴിയും മുമ്പു തന്നെ ഇക്കാര്യത്തില്‍ തീരുമാനമായെങ്കിലും ഫണ്ടില്ല എന്ന കാരണത്താല്‍ ഇത് നീട്ടിവയ്ക്കപ്പെടുകയായിരുന്നു. എന്നാല്‍ 2020 ഏപ്രില്‍ മുതല്‍ പദ്ധതി തുടങ്ങാനിരിക്കെയാണ് കമല്‍ നാഥ് മന്ത്രിസഭ അട്ടിമറിക്കപ്പെടുന്നതും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതും. കമല്‍ നാഥ് മന്ത്രിസഭയില്‍ വനിതാ, ശിശുക്ഷേമ മന്ത്രിയായിരുന്ന ഇമാര്‍തി ദേവിയാണ് കുട്ടികള്‍ക്ക് മുട്ട നല്‍കാനുള്ള നീക്കം മുന്നോട്ടു വച്ചത്. മുട്ട ആവശ്യമില്ലാത്തവര്‍ക്ക് പാലും പഴവും നല്‍കാനും തീരുമാനമായിരുന്നു. ഇതിനെതിരെ ജയിന്‍ സമുദായത്തിന്റെയും ബിജെപിയുടേയും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അത് കണക്കാക്കാതെ മുന്നോട്ടു പോവുകയായിരുന്നു കമല്‍ നാഥ് സര്‍ക്കാരും ഇമാര്‍തി ദേവിയും.

പക്ഷേ, സിന്ധ്യക്കൊപ്പം ഉറച്ചു നിന്നിരുന്ന ഇമാര്‍തി ദേവി അദ്ദേഹത്തിനൊപ്പം ബിജെപിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്നാണ് കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ മുന്‍ വകുപ്പായ വനിതാ, ശിശുക്ഷേമ മന്ത്രിയായി തന്നെ ചുമതലയേറ്റ ഇമാര്‍ത ദേവിയാകട്ടെ, അംഗന്‍വാടി കുട്ടികള്‍ക്ക് മുട്ട നല്‍കുന്ന തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് ഇതിനിടെ വ്യക്തമാക്കിയിരുന്നു. താന്‍ കോണ്‍ഗ്രസ് മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ വാഗ്ദാനമാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട നല്‍കും എന്നത് എന്നും അതുകൊണ്ട് ഈ സര്‍ക്കാരില്‍ മന്ത്രിയായിരിക്കുമ്പോള്‍ അത് നടപ്പാക്കുമെന്നും അവര്‍ പ്രസ്താവിച്ചത് വീണ്ടും വിവാദത്തിനിടയാക്കി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാന്‍ മുട്ടയ്ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയത്.

ഒരു ദശകത്തിലേറെയായി തുടരുന്നതാണ് സംസ്ഥാനത്തെ മുട്ട വിവാദം. 2009-ലാണ് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സ്‌കീമിന്റെ ഭാഗമായി മുട്ട ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 2015-ല്‍ ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നെങ്കിലും ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ഇത് വെട്ടി. തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാനുള്ള കമല്‍ നാഥ് സര്‍ക്കാരിന്റെ തീരുമാനം വരുന്നതും പിന്നാലെ സര്‍ക്കാര്‍ താഴെപ്പോകുന്നതും.

രാജ്യത്ത് പോഷകാഹാര ലഭ്യതയുടെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഇതില്‍ തന്നെ ദളിതരും ആദിവാസികളുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടിരിക്കുന്നതും. ദേശീയ കുടുംബാരോഗ്യ സര്‍വെയുടെ കണ്ടെത്തലനുസരിച്ച് അഞ്ചു ശതമാനത്തില്‍ താഴെയുള്ള 42 ശതമാനം കുട്ടികളും വളര്‍ച്ച മുരടിച്ചവരും 43 ശതമാന പേര്‍ ഭാരക്കുറവ് നേരിടുന്നവരുമാണ്. ലോക്ഡൗണും സംസ്ഥാനത്തെ പോഷകാഹാര ലഭ്യതയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. കുട്ടികള്‍- 51 ശതമാനം, ഗര്‍ഭിണികള്‍-67 ശതമാനം, മുലയൂട്ടുന്ന അമ്മമാര്‍- 68 ശതമാനം എന്നിങ്ങനെയാണ് ഈ സമയത്ത് പോഷകാഹാര ലഭ്യത ബാധിച്ചവര്‍. ഇതിലേറെയും ഗ്രാമങ്ങളില്‍ താമസിക്കുന്ന ദളിതരും ആദിവാസികളുമാണ്.

കുട്ടികളെ മുട്ട കഴിക്കുന്നവര്‍ എന്നും അല്ലാതവരെന്നും തിരിക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അതിനാല്‍ ഉള്ളി പോലും കഴിക്കാത്ത ജയിന്‍ സമുദായക്കാര്‍ അടക്കമുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഈ തീരുമാനമെന്നുമാണ് ബിജെപ് വക്താവ് ദീപക് വിജയ്‌വര്‍ഗിയ പറഞ്ഞത്. മധ്യപ്രദേശിലെ 40 ശതമനം ജനങ്ങള്‍ സസ്യഭക്ഷണം കഴിക്കുന്നവരാണ്‌. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ 14 ഇടങ്ങളില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ തന്നെ കേരളം, തെലങ്കാന, ആന്ധ്ര പ്രദേശ്‌, പശ്ചിമ ബംഗാള്‍, ഝര്‍ഖണ്ഡ്, തമിഴ്നാട്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ 95 ശതമാനം പേരും മാംസഭക്ഷണം കഴിക്കുന്നവരാണെന്ന് 2014-ലെ നാഷണല്‍ ബേസ് ലൈന്‍ സര്‍വേ കണ്ടെത്തിയിരുന്നു. ത്രിപുര, കര്‍ണാടക, ജമ്മു ആന്‍ഡ് കാശ്മീര്‍, ആസാം, ചത്തീസ്ഗഡ് എന്നിവിടങ്ങളിലെ 70 ശതമാനത്തിനു മുകളില്‍ ഉള്ളവരും മാംസഭക്ഷണം കഴിക്കുന്നവരാണ്‌.

Next Story

Related Stories