കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്നും കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്സിലില്കേന്ദ്രസര്ക്കാരിന്റെ അവകാശവാദം.
മനുഷ്യാവകാശ കൗണ്‍സിലിന്റെ 46-ാമത് സെഷനില്‍ പൊതുചര്‍ച്ചയില്‍ സംസാരിച്ച ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ഇന്ദ്ര മണി പാണ്ഡെ 2024 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുകയെന്നത് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ്. ഇത് ചെറുകിട കര്‍ഷകര്‍ക്ക് പ്രത്യേകിച്ചും കൂടുതല്‍ നേട്ടം വാഗ്ദാനം ചെയ്യുന്നതാണ്. കര്‍ഷകരുടെ പ്രതിഷേധത്തിലും അവരെ സര്‍ക്കാര്‍ വളരെയധികം ബഹുമാനത്തോടെ സമീപിക്കുന്നതായും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അവരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതായും പാണ്ഡെ പറഞ്ഞു. 2019 ഓഗസ്റ്റില്‍ പാര്‍ലമെന്റ് നടത്തിയ ജമ്മു കശ്മീരിലെ ഭരണഘടനാപരമായ മാറ്റങ്ങള്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ജനങ്ങള്‍ സ്വാഗതം ചെയ്ത ചരിത്രപരമായ തീരുമാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'ഇത് സാമൂഹിക-സാമ്പത്തിക വികസനത്തിന് പ്രചോദനം നല്കി, പതിറ്റാണ്ടുകളുടെ വിവേചനം അവസാനിപ്പിക്കുക, അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കുക, ഇത് മനുഷ്യാവകാശങ്ങള്‍ പൂര്‍ണ്ണമായി ആസ്വദിക്കുന്നതില്‍ കാരണമായി. ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പ് വഴി ഞങ്ങള്‍ അടിത്തട്ടിലുള്ള ജനാധിപത്യം പുന:സ്ഥാപിച്ചു. 'ഗ്രാമത്തിലേക്ക് മടങ്ങുക' എന്ന ഉദ്യത്തിലൂടെ നല്ല ഭരണം കാഴ്ച്ചവെച്ചു' ഇന്ദ്ര മണി പാണ്ഡെ പറഞ്ഞു. തീവ്രവാദ ആക്രമണങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായും പുരോഗമന ദേശീയ നിയമങ്ങള്‍ ജമ്മു കശ്മീരിലേക്ക് വ്യാപിപ്പിച്ചതായും അവിടുത്തെ ജനങ്ങള്‍ക്ക് ഇന്ത്യയിലെ മറ്റ് ജനങ്ങളുടെ അതേ അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
കര്‍ഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനും അഭിപ്രായം പ്രകടപ്പിക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തുകയും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ സ്വാതന്ത്ര്യം തടയാനുള്ള ശ്രമങ്ങള്‍ നടത്തിയതും അസ്വസ്ഥയുണ്ടാക്കിയെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.