TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയില്‍ നിന്ന് യുപിയിലേക്ക് പോയ ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍

മഹാരാഷ്ട്രയില്‍ നിന്ന് യുപിയിലേക്ക് പോയ ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍

കോവിഡ് -19ന്റെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ച ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പുറപ്പെട്ട ട്രെയിന്‍ എത്തിയത് ഒഡീഷയിലെ റൂര്‍ക്കേല സ്‌റ്റേഷനിലാണ്. ഇന്ന് രാവിലെയാണ് ട്രെയിന്‍ റൂര്‍ക്കേല സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ വസായ് റോഡ് സ്‌റ്റേഷനില്‍നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിനാണ് വഴിതെറ്റി ഒഡീഷയില്‍ എത്തിച്ചേര്‍ന്നത്. ലോക്കോ പൈലറ്റിന് വഴി തെറ്റിയതാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ട്രെയിനിലുള്ളവര്‍ ട്വിറ്ററില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്തതോടെയാണ് ട്രെയിന്‍ റൂട്ട് മാറി സഞ്ചരിച്ച വിവരം പുറംലോകമറിയുന്നത്.

അതേസമയം, തിരക്ക് പരിഹരിക്കുന്നതിനായി ചില ട്രെയിനുകള്‍ റൂര്‍ക്കല സ്‌റ്റേഷന്‍വഴി ബിഹാറിലേക്ക് തിരിച്ചുവിട്ടെന്നാണ് റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെയായും ഉണ്ടായിട്ടില്ല.

എന്നാല്‍, മഹാരാഷ്ട്രയിലെ വസായി റോഡ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനിനെ ഒഡീഷയിലെ റൂര്‍ക്കേല സ്റ്റേഷന്‍ വഴി തിരിച്ചുവിടേണ്ട ആവശ്യമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ചില ആശയക്കുഴപ്പം കാരണം ട്രെയിനിന്റെ ഡ്രൈവര്‍ക്ക് വഴി തെറ്റിയതാണെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചതാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിനിനകത്ത് വെള്ളം പോലും ഉണ്ടായിരുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ഭുസാവലില്‍ നിന്നാണ് ട്രെയിനിന് വഴി മാറിയത് എന്നാണ് അരുണ്‍ ഗുപ്ത എന്ന യാത്രക്കാരന്‍ ട്വിറ്ററില്‍ കുറിച്ചത്. ഭുസാവലില്‍ നിന്ന് നാഗ്പൂര്‍ റൂട്ടിലേക്ക് എന്തിനാണ് പോയതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് ഗുപ്ത ട്വിറ്ററില്‍ ഇക്കാര്യം കുറിച്ചത്. "ഞങ്ങള്‍ വസായിയില്‍ നിന്ന് ഗോരക്പൂരില്‍ പോകുന്ന സ്‌പെഷ്യല്‍ ശ്രമിക് ട്രെയിനില്‍ കയറിയിട്ട് 23 മണിക്കൂറായി, ഇപ്പോഴും ട്രെയിന്‍ മഹാരാഷ്ട്രയില്‍ തന്നെയാണ്, ഞങ്ങള്‍ക്ക് വിശക്കുന്നു, കുടിക്കാന്‍ വെള്ളം പോലും ഇവിടെ ഇല്ല, ഈ ട്രെയിന്‍ ഭൂസവാലില്‍ നിന്ന് നാഗ്പൂര്‍ റൂട്ടില്‍ ഓടുന്നത് എന്തിനാണ്" എന്നാണ് അരുണ്‍ ഗുപ്ത ട്വീറ്റ് ചെയ്തത്.

കേന്ദ്ര റെയില്‍ വേ മന്ത്രി പീയുഷ് ഗോയലിനെ ടാഗ് ചെയ്ത ഈ ട്വീറ്റിന് ഇന്ത്യന്‍ റെയില്‍വേ സേവ എന്ന ട്വിറ്റര്‍ അക്കൗണ്ട് ഒരു മണിക്കൂറിന് ശേഷം ട്രയിനിന്റെ ലൊക്കേഷനും ഒര്‍ജിനേറ്റിങ് സമയവും തങ്ങളുമായി പങ്ക് വെക്കണമെന്ന് ആവശ്യപ്പെട്ട് മറുപടിയും നല്‍കിയിരുന്നു.



Next Story

Related Stories