TopTop
Begin typing your search above and press return to search.

'അവര്‍ ഇപ്പോഴും വേട്ടയാടുന്നു, അര്‍ദ്ധരാത്രിയില്‍ പോലും വീടിന് മുന്നില്‍ അജ്ഞാത സംഘം റോന്ത് ചുറ്റുന്നു', സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് അഴിമുഖത്തോട്

അവര്‍ ഇപ്പോഴും വേട്ടയാടുന്നു, അര്‍ദ്ധരാത്രിയില്‍ പോലും വീടിന് മുന്നില്‍ അജ്ഞാത സംഘം റോന്ത് ചുറ്റുന്നു, സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് അഴിമുഖത്തോട്

മൂന്ന് പതിറ്റാണ്ട് മുമ്പുള്ള കേസില്‍ ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ തടവിലായിട്ട് രണ്ട് വര്‍ഷം തികയുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനായിരുന്ന സഞ്ജീവ് ഭട്ടിനെതിരെ അധികാരികള്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് ബന്ധുക്കളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഉന്നയിക്കുന്ന ആരോപണം. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ, ആക്രമികള്‍ക്ക് അവരുടെ രോഷം പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോദി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചത് സഞ്ജീവ് ഭട്ടായിരുന്നു. ഇതാണ് ബിജെപി അദ്ദേഹത്തെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ കാരണം.

സഞ്ജീവ് ഭട്ട് പോലീസ് സുപ്രണ്ടായിരുന്ന 1990ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ് അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷത്തിനിടെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത ഒരു വ്യക്തി കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട കേസിലാണ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ജൂണ്‍ 20ന് ഗുജറാത്ത് കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയത്.

സഞ്ജീവ് ഭട്ടിന്റെ ജയില്‍ വാസം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് ഇപ്പോഴും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അഴിമുഖത്തോട് സംസാരിക്കുന്നു..

"ഇപ്പോഴും അവര്‍ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. വീടിന് നേരെയും കാറിനും നേരെയും ഒക്കെ രാത്രികളില്‍ പലപ്പോഴും കല്ലെറിയുന്നു. രാത്രി നേരങ്ങളില്‍, അസമയത്ത്, രാത്രി രണ്ടു മണിക്കും മൂന്നുമണിക്കും ഒക്കെ വീടിന് പുറത്ത് ബൈക്കില്‍ ആളുകള്‍ വന്ന് നിരീക്ഷിക്കും. ഞങ്ങളുടെ സ്വകാര്യതാ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. വീട്ടില്‍ വരുന്നവരെയും പോകുന്നവരെയും ഒക്കെ അജ്ഞാതര്‍ നിരീക്ഷിക്കുകയാണ്. എന്തിനാണ് ഇവര്‍ ഇപ്പോഴും ഞങ്ങളെ വേട്ടയാടികൊണ്ടിരിക്കുന്നതെന്ന് എനിക്കറിയില്ല'' - സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ഇപ്പോഴും സഞ്ജീവ് ഭട്ടിന്റെ കുടുംബത്തെ വേട്ടയാടുന്നതിന്റെ വിവരങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു ശ്വേത സംസാരിച്ച് തുടങ്ങിയത്.

അയല്‍പക്കക്കാരുടെ ഭാഗത്ത് നിന്ന് പ്രശ്നങ്ങള്‍ ഒന്നുമില്ല, പക്ഷെ, ആരും തങ്ങളെ പരസ്യമായി പിന്തുണക്കാനും സഹായിക്കാനും തയ്യാറല്ല. എല്ലാവര്‍ക്കും ഭയമാണ്.. ഏറ്റവും മോശമായ ഈ അവസ്ഥയിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന പല ഫോണ്‍ കോളുകളും എന്റെയും കുടുംബത്തിന്റെയും ആത്മവീര്യം കെടാതെ സൂക്ഷിക്കുന്നവയാണ്.

എന്നാല്‍, തങ്ങള്‍ അറിയാത്ത നിരവധി ആളുകള്‍, രാജ്യത്തിന്റെ പല സംസ്ഥാനങ്ങളില്‍ നിന്നും ഇപ്പോഴും തങ്ങളെ വിളിച്ച് പിന്തുണയും സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യാറുണ്ടെന്നും ശ്വേത പറഞ്ഞു. ഒരുപാട് പേര്‍ വ്യക്തിപരമായ പിന്തുണക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സും ഇടതു പക്ഷ പാര്‍ട്ടികള്‍ പോലും ശക്തമായ നിലപാട് എടുത്തിട്ടില്ല.

സഞ്ജീവ് ഭട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന ചോദ്യത്തോട്, ശ്വേതയുടെ മറുപടി: ''പാലന്‍പൂര്‍ ജില്ലാ ജയിലിലാണ്.. ഞങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഇല്ല, വീഡിയോ കോള്‍ ചെയ്യാനോ ഒരു ഫോണ്‍ കോള്‍ ചെയ്യാന്‍ പോലും ജയില്‍ അധികൃതര്‍ അനുമതി നല്‍കുന്നില്ല, ഒരു വിവരവും ഇല്ല. കോവിഡ് മൂലം സുപ്രിം കോടതി പൂര്‍ണമായി പ്രവര്‍ത്തിക്കുന്നില്ലല്ലോ, സുപ്രിം കോടതി പൂര്‍ണമായി പ്രവര്‍ത്തനമാരംഭിക്കാന്‍ കാത്തിരിക്കുകയാണ്, ജാമ്യാപേക്ഷ നല്‍കണം. ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇനി സുപ്രിം കോടതിയെ സമീപിക്കുക. സുപ്രിം കോടതിയില്‍ പ്രതീക്ഷയും വിശ്വാസവുമുണ്ട്.''

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെ എങ്ങിനെ കാണുന്നു എന്ന ചോദ്യത്തിന്, രാജ്യത്തെ ജനാധിപത്യത്തില്‍ തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നായിരുന്നു അവരുടെ മറുപടി.

"ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുക എന്നത് തന്നെയാണ് ഫാസിസത്തിനെതിരെയുള്ള ശക്തമായ പ്രതിരോധ മാര്‍ഗം. ഭരണകൂടത്തിന് എത്ര ആളുകളെ ജയിലില്‍ അടക്കാനാവും, പത്തോ, ഇരുപതോ, അമ്പതോ...? പൊതുജനം തെരുവിലിറങ്ങി പ്രതിഷേധിക്കുക, ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തന്നെ ഫാസിസത്തെ പരാജയപ്പെടുത്താന്‍ നമുക്ക് സാധിക്കും." വ്യക്തിപരമായ ദുഃഖത്തിനിടയിലും ശ്വേതാഭട്ട് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

"2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്ന ഒരേയൊരു കാരണം കൊണ്ടു മാത്രമാണ് മോദി ഭരണകൂടം സഞ്ജീവിനെ വേട്ടയാടുന്നത്. വിയോജിപ്പിന്റെ ശബ്ദങ്ങളെ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് നിശബ്ദമാക്കുകയാണു അവര്‍ ചെയ്യുന്നത്. ഇത് സഞ്ജീവിന്റെ കുടുംബപ്രശ്നമല്ല. എല്ലാവരുടെയും പ്രശ്നമാണ്. ഇന്ന് സഞ്ജീവാണെങ്കില്‍ നാളെ നമ്മളില്‍ ആരുമാവാം. എല്ലാവരും തെരുവിലേക്കിറങ്ങൂ. നീതിക്കു വേണ്ടി ഉച്ചത്തില്‍ സംസാരിക്കൂ.." - ശ്വേത പറഞ്ഞു.

ഐ.പി.എസ് അസോസിയേഷന്റെ ഭാഗത്ത് നിന്ന് പിന്തുണ ലഭിക്കുന്നില്ല. സഞ്ജീവിന്റെ ചില സഹപ്രവര്‍ത്തകര്‍, അവര്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് രഹസ്യമായി സ്വകാര്യ സംഭാഷണങ്ങളില്‍ പറയാറുണ്ട്. എന്നാല്‍, പഴയ സഹപ്രവര്‍ത്തകര്‍ക്ക് എല്ലാം പരസ്യമായി പിന്തുണക്കാന്‍ ഭയമാണെന്നും ‌ശ്വേതാ ഭട്ട് പറഞ്ഞു.


Next Story

Related Stories