TopTop
Begin typing your search above and press return to search.

കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി ലോകത്തെ അടിസ്ഥാനപരമായി മാറ്റില്ല, അമിതാധികാര പ്രവണത ശക്തമാകും: ടി.ടി ശ്രീകുമാര്‍ സംസാരിക്കുന്നു

കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി ലോകത്തെ അടിസ്ഥാനപരമായി മാറ്റില്ല, അമിതാധികാര പ്രവണത ശക്തമാകും: ടി.ടി ശ്രീകുമാര്‍ സംസാരിക്കുന്നു

പ്രശസ്ത സാമൂഹ്യശാസ്ത്രകാരനും എഴുത്തുകാരനും അധ്യാപകനുമായ ടി.ടി ശ്രീകുമാര്‍, ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകനാണ്. നേരത്തെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂര്‍ ഉള്‍പ്പെടെ നിരവധി പ്രശസ്തങ്ങളായ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങളും എഴുതി. പുനര്‍വായനകളിലെ മാര്‍ക്‌സിസം ആണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഒടുവിലത്തെ കൃതി. കോവിഡാനന്തര ലോകത്തെ കുറിച്ചും അതേക്കുറിച്ച് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന വ്യത്യസ്ത ചിന്താധാരകളെക്കുറിച്ചുമാണ് അദ്ദേഹം സംസാരിക്കുന്നത്. അമിതാധികാര പ്രവണതകളെ ചെറുക്കാന്‍ സിവില്‍ സമൂഹം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്ന അദ്ദേഹം, നിലനില്‍ക്കുന്ന വ്യവസ്ഥയെ അടിസ്ഥാനപരമായി മാറ്റാന്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് എന്തുകൊണ്ട് സാധിച്ചേക്കില്ലെന്നും അഴിമുഖവുമായുള്ള അഭിമുഖത്തില്‍ വിശദീകരിക്കുന്നു

എന്‍.കെ ഭൂപേഷ്: കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ലോകം കടന്നുപോയ, വലിയ മാറ്റമുണ്ടാക്കിയ സംഭവങ്ങളുണ്ട്. സാമ്പത്തിക രീതികളിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ബലാബലത്തിലും വലിയ മാറ്റങ്ങളുണ്ടാക്കിയ സംഭവങ്ങള്‍. അത്രയും വലിയ മാറ്റങ്ങള്‍ക്കാണ് ലോകം കൊറോണയ്ക്ക് ശേഷമുളള കാലത്ത് വിധേയമാകാന്‍ പോകുന്നതെന്ന വിലയിരുത്തലുകള്‍ ചില ചിന്തകര്‍ നടത്തുന്നുണ്ട്. താങ്കള്‍ എങ്ങനെയാണ് അതിനെ കാണുന്നത്?ടി.ടി ശ്രീകുമാര്‍: കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഒന്നാം ലോകയുദ്ധം, പിന്നെ സാമ്പത്തിക മാന്ദ്യം, രണ്ടാം ലോക യുദ്ധം എന്നിങ്ങനെയുള്ള സംഭവങ്ങള്‍ ലോകത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശാബ്ദത്തിന്റെ പ്രത്യേകത സാമ്പത്തിക വ്യവസ്ഥിതിയില്‍ ഉണ്ടായ അസ്ഥിരതയാണ്. ഈ അസ്ഥിരതയുടെ കാരണമാകട്ടെ, ഡിജിറ്റല്‍ എക്കോണമിയുമായി ബന്ധപ്പെട്ടതും. മുന്‍ നൂറ്റാണ്ടില്‍ പരിചയിച്ച ഒരു സാമ്പത്തിക ക്രമത്തില്‍ നിന്നുള്ള മാറ്റമാണ് ഈ അസ്ഥിരതയ്ക്ക് കാരണമായത്. അത് 80-കളുടെയാണ്. ഇതിന്റെ ഫലമായുണ്ടായ പ്രശ്നങ്ങളാണ് തൊണ്ണൂറുകളില്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍. ഈ നവ വ്യാവസായിക രാജ്യങ്ങളില്‍ - അന്ന് അവയെ ഈസ്റ്റ് ഏഷ്യന്‍ കടുവകള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത് - ആരംഭിച്ച പ്രതിസന്ധി വളരെ പെട്ടെന്ന് ആഗോള തലത്തില്‍ പടരുകയായിരുന്നു. അതിനെ തുടര്‍ന്നാണ് സിലിക്കന്‍വാലിയില്‍ തന്നെ ആഞ്ഞടിച്ച ഡോട് കോം ബബിള്‍ എന്നറിയപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി രൂപമെടുത്തത്. നൂറു കണക്കിന് നവമാധ്യമ കമ്പനികളാണ് കുമിളകള്‍ പോലെ പൊട്ടിപ്പോയത്. പിന്നീട് സാമ്പത്തിക ലോകം ഒരിക്കലും ശാന്തമായിരുന്നിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ സാമ്പത്തിക മാന്ദ്യത്തിനും ലോക യുദ്ധത്തിനും ശേഷം എന്താണ് സംഭവിച്ചത് എന്ന് നമുക്കറിയാം. അന്നാണ് മുതലാളിത്തത്തിന്റെ സുവര്‍ണ്ണ കാലം എന്നറിയപ്പെടുന്ന ഏറ്റവും നല്ല കാലഘട്ടം ഉണ്ടായത്. ക്ഷേമരാഷ്ട്ര സങ്കല്‍പ്പതിലൂടെ സോവിയറ്റ് മാതൃകയിലുള്ള കമ്യൂണിസ്റ്റ് വിപ്ലവങ്ങളിലേക്ക് യൂറോപ്പ് പോകാതിരിക്കാന്‍ ട്രേഡ് യൂണിയനുകളെ കൂട്ടുപിടിച്ചുകൊണ്ട് ലോക മുതലാളിത്തം വെല്‍ഫെയര്‍ സമ്പദ് വ്യവസ്ഥ നടപ്പാക്കിയ കാലമായിരുന്നു അത്. ഭരണകൂടങ്ങള്‍ സജീവമായി സാമ്പത്തിക മേഖലയില്‍ ഇടപെടുകയും, അസമത്വം അമിതമായി വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ടുള്ള സാമ്പത്തിക നടപടികളും നയങ്ങളും സ്വീകരിക്കുകയും ചെയ്തു. ഈ സുവര്‍ണ്ണ കാലം 1973-ലെ ഓയില്‍ ഷോക്ക് വരെ നീണ്ടുനിന്നു - വെല്‍ഫയര്‍ സ്റ്റേറ്റിന്റെ വിജയ കാലം. ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ കാലഘട്ടം കൂടിയായിരുന്നു അത്. ഡീകോളനൈസേഷന്‍ മൂന്നാം ലോക രാജ്യങ്ങളുടെ സാമ്പത്തിക ഭാഗധേയവും മാറ്റി മറിച്ചു. പക്ഷെ 73-ലെ ഓയില്‍ പ്രതിസന്ധിയോടു കൂടി ഈ സ്ഥിതിക്ക് മാറ്റം വന്നു. അതോടെയാണ് വെല്‍ഫെയര്‍ സ്റ്റേറ്റ് സങ്കല്‍പ്പത്തില്‍ നിന്ന് നിയോ ലിബറലിസത്തിലേക്ക് ലോക മുതലാളിത്തം മാറുന്നത്. താച്ചറിസവും റീഗണോമിക്‌സുമൊക്കെ ഉണ്ടാകുന്നത് ഈ കാലത്താണ്. ഐഎംഎഫും ലോകബാങ്കുമൊക്കെ നിയോ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ മൂന്നാം ലോക രാഷ്ട്രങ്ങളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി. ഈ ഘട്ടത്തില്‍തന്നെയാണ് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുളള പരിവര്‍ത്തനവും തുടങ്ങുന്നത്.ഇതിന്റെയൊക്കെ സഞ്ചിതമായ ഒരു ഫലമെന്ന നിലയിലാണ് ഈ നൂറ്റാണ്ട് ആരംഭിച്ചപ്പോള്‍ മുതല്‍ നിരന്തരമായി സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. ഇതിനകം തന്നെ നാലോളം സാമ്പത്തിക പ്രതിസന്ധി ഈ നൂറ്റാണ്ടില്‍ ഉണ്ടായി കഴിഞ്ഞു. ഇങ്ങനെ സാമ്പത്തിക അസ്ഥിരത കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് ആഗോള സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുകയും അതിന്റെ ഫലമായി മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കൂപ്പു കുത്തുകയും ചെയ്യുന്ന സമയത്താണ് കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടാകുന്നത്. തുടര്‍ച്ചയായ പ്രതിസന്ധിക്കിടയില്‍ ഇത്തരത്തില്‍ ഒരു പാന്‍ഡമിക് ലോകത്തെ കീഴടക്കുമ്പോള്‍ ഇപ്പോഴുള്ള സാമൂഹ്യ, രാഷ്ട്രീയ ക്രമങ്ങള്‍ക്ക് അതേ രീതിയില്‍ തുടരാന്‍ കഴിയുമോ എന്ന കാര്യം സംശയിക്കാവുന്നതാണ്. അതേസമയം നമ്മള്‍ ആലോചിക്കേണ്ട കാര്യം, അടിസ്ഥാനപരമായി ഇപ്പോഴത്തെ സംവിധാനത്തെ മാറ്റാന്‍ ഈ പ്രതിസന്ധി കാരണമാകുമോ എന്നതാണ്. അതായത് ലോകത്തിന്റെ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥിതിയെ നിലനിര്‍ത്തിയിരിക്കുന്ന സംവിധാനത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടോ എന്നതാണ്. അതേപോലെ ലോക രാഷ്ട്രീയത്തിന്റെ ശാക്തിക ബലാബലത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടോ എന്നതാണ്. ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇല്ലെന്ന് വേണം മനസ്സിലാക്കാന്‍. കാരണം ലോക മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം അതിനെ നിലനിര്‍ത്തുകയെന്നത് അത്യാവശ്യമാണ്. ദുരന്ത നിവാരണത്തെപ്പോലും അവര്‍ സംവിധാനം ചെയ്യുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് അമേരിക്ക അവിടുത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനെക്കാള്‍ പ്രധാന്യത്തില്‍ അവിടുത്തെ സമ്പദ് വ്യവസഥയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. യൂറോപ്പ് പോലും മനുഷ്യ ജീവനേക്കാള്‍ വില നല്‍കുന്നത് സമ്പദ് വ്യവസ്ഥയുടെ മുതലാളിത്ത അടിസ്ഥാനത്തിന് പോറലേല്‍ക്കാതെ നോക്കാനാണ്.ഭൂപേഷ്: കഴിഞ്ഞ നൂറ്റാണ്ടിലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം, മുതലാളിത്തം പല രീതിയില്‍ പരിവര്‍ത്തിക്കപ്പെട്ടത് നമ്മള്‍ കാണുന്നു. കെയ്നീഷ്യന്‍ തിയറിക്ക് പ്രാമുഖ്യം കിട്ടുന്നു. വെല്‍ഫയര്‍ സംവിധാനത്തിലേക്ക് ലോക മുതലാളിത്തം മാറുന്നു. അതിന് ശേഷം നിയോ ലിബറലിസം വരുന്നു. ഇപ്പോഴുണ്ടായ പ്രതിസന്ധിയെ താങ്കള്‍ കാണുന്നത് ഡിജിറ്റല്‍ എക്കോണമിയുമായി ബന്ധപ്പെട്ടാണ്. അപ്പോള്‍ ഇപ്പോഴത്തേത് ഒരു സാങ്കേതിക പ്രശ്നമാണോ അതോ നിയോ ലിബറലിസത്തിന്റെ തന്നെ പ്രതിസന്ധിയാണോ?ശ്രീകുമാര്‍: ഇതൊരു വളരെ പ്രധാനപെട്ട പ്രശ്നമാണ്. ഡിജിറ്റല്‍ ഇക്കോണമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിയോ ലിബറലിസത്തിന്റെ സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നാണ് സംഭവിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. നേരത്തെയൊക്കെ സാങ്കേതികവിദ്യയുടെ മാറ്റം മൂലം ഇല്ലാതാക്കപ്പെടുന്ന തൊഴിലുകള്‍ക്ക് പകരമായി മറ്റു ചില മേഖലകലില്‍ തൊഴില്‍ സാധ്യതകള്‍ ഉയര്‍ന്നുവരുമായിരുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റം വളരെ പെട്ടന്നായിരുന്നു. ഇടതടവില്ലാതെയുള്ള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ വരവോടെ കാര്യങ്ങള്‍ വീണ്ടും മാറി. ലോക മുതലാളിത്തത്തിലേക്ക് പുതിയ ശക്തികള്‍ ഉയര്‍ന്നുവന്നത് പെട്ടന്നായിരുന്നു. ജനറല്‍ ഇലക്ട്രിക്കല്‍സ് പോലുള്ള പ്രബല കോര്‍പ്പറേറ്റ് കമ്പനികളെ മറികടന്ന് പുതിയ ടെക്നോളജി കമ്പനികള്‍ ഉയര്‍ന്നുവന്നത് നാം കണ്ടതാണ്, മാര്‍ക്സിന് പോലും പ്രവചിക്കാന്‍ കഴിയുമായിരുന്നില്ല എന്ന് പറയാന്‍ പറ്റുന്ന തരം മാറ്റങ്ങളാണ് ഉണ്ടായത്. എങ്ങനെയാണ് ഈ കമ്പനികളുടെ മൂലധനത്തിനുവേണ്ടിയുളള ഒരു ആദിമ മൂലധന സമാഹരണം (Primitive Accumulation) ഉണ്ടായത്? സാങ്കേതിക വിദ്യയില്‍ നിന്നാണ് ഈ നവ മുതലാളിത്തത്തിന് വളരാന്‍ കഴിഞ്ഞത്. ഡിജിറ്റല്‍ എക്കോണമി വന്നതോടെ മുതലാളിത്തത്തിന്റെ അതുവരെയുള്ള രീതികളാണ് മാറിയത്. ആര്‍ക്കും ഇന്നൊവേറ്റീവാകാം എന്ന അവസ്ഥ വന്നു. ഭരണകൂടത്തിന്റെയും യൂണിവേഴ്സിറ്റികളുടെയും മാധ്യസ്ഥതയില്‍ നടന്നിരുന്ന റിസര്‍ച്ച് ആന്റ് ഡവ്ലപ്മെന്റിന് വലിയ റോളില്ലാതായി. ദേശീയ ഇന്നൊവേഷന്‍ വ്യവസ്ഥകള്‍ തന്നെ അനാഥമായി. പുതിയ ആശയങ്ങള്‍ക്കായി പ്രാധാന്യം. ഗൂഗിളും ഫേസ്ബുക്കും നിങ്ങളുടെ ആശയങ്ങള്‍ ഞങ്ങള്‍ക്ക് തരൂ എന്നാണ് പറയുന്നത്. ആശയങ്ങളുടെ മേല്‍ കുത്താധികാരം സ്ഥാപിച്ച് അതിന്റെ അടിസ്ഥാനത്തില്‍ മൂലധനം വര്‍ധിപ്പിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. സാമ്പത്തിക രംഗത്ത് അടിസ്ഥാനപരമായ മാറ്റമാണ് ഉണ്ടായത്. അതാണ് പക്ഷെ ലോക സമ്പദ് വ്യവസ്ഥയെ ഇത്ര അധികം വള്‍ണറബിള്‍ ആക്കിയത്, അതിന്റെ ആന്തരിക ഘടനകളെ തീര്‍ത്തും അസ്ഥിരപ്പെടുത്തിയത്.കോര്‍പ്പറേറ്റുകളുടെ രാഷട്രീയത്തിന് അകത്തുനിന്നു തന്നെ പുതിയ മൂലധനം ഉയര്‍ന്നുവരുന്നു. അത് ലോകത്തിന്റെ തന്നെ പൊതുബോധത്തെ സ്വാധീനിക്കാന്‍ കഴിയുന്ന രീതിയില്‍ വളരുകയാണ് ചെയ്യുന്നത്. നമ്മുടെ സ്വഭാവ രീതികളെ തന്നെ സ്വാധീനിക്കാന്‍ കഴിയുന്ന സാമൂഹിക മാധ്യമങ്ങളും മറ്റും വളരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുതലാളിത്ത ശക്തിയായി, സാംസ്‌ക്കാരിക സാമൂഹ്യ സംരംഭമായി നവമാധ്യമ സ്ഥാപനങ്ങള്‍ മാറുകയാണ്. നേരത്തെ ഉണ്ടായിരുന്ന വലിയ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സിനോ, അതല്ലെങ്കില്‍ മറ്റ് ടെലി കമ്യൂണിക്കേഷന്‍ കമ്പനികള്‍ക്കോ അതിന് കഴിഞ്ഞിരുന്നില്ല.ടെലിവിഷന്‍ പഠനമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ വലിയ സാംസ്‌ക്കാരിക പഠനങ്ങളിലൊന്ന്. റെയ്മണ്ട് വില്ല്യംസിനെ പോലുള്ളവര്‍ നടത്തിയ പഠനങ്ങളൊക്കെ ഉണ്ട്. അതൊക്കെ ഇപ്പോള്‍ മാറി. സോഷ്യല്‍ മീഡിയ വന്നതോടെ, ആഗോള സാമ്പത്തിക ക്രമത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള കമ്പനികളായി ഇവ മാറുകയാണ്. അതുമാത്രമല്ല, ആ സാമ്പത്തിക ശേഷിയെ നിലനിര്‍ത്താനുള്ള പൊതുബോധവും സൃഷ്ടിക്കാന്‍ കഴിയുന്ന കോര്‍പ്പറേറ്റുകളായിട്ടാണ് ഇവ നിലനില്‍ക്കുന്നത്. ഇതൊരു പുതിയ സംഭവമാണ്. അതിന്റെ മുഴുവന്‍ പ്രധാന്യവും നമ്മള്‍ മനസ്സിലാക്കുന്നുണ്ടോ എന്നറിയില്ല. ഇതൊന്നും ഒറ്റ തിരിഞ്ഞ് കാണേണ്ടതല്ല. തെരഞ്ഞെടുപ്പുകള്‍ സ്വാധീനിക്കപ്പെടുന്നു. ലോക മുതലാളിത്ത ക്രമത്തില്‍ നവസാമൂഹ്യ മാധ്യമങ്ങള്‍ കൊണ്ടുവന്ന സാമ്പത്തിക, സാംസ്‌ക്കാരിക മാറ്റങ്ങളാണിത്. അതിനിടെയിലാണ് കൊറോണ വൈറസ് വരുന്നത്. ഇപ്പോള്‍ ലോക്ഡൗണ്‍ എന്ന് പറയുമ്പോഴും, മുഴുവന്‍ അര്‍ത്ഥത്തില്‍ അങ്ങനെയില്ല. നവ സാമൂഹ്യ മാധ്യമങ്ങളുടെ പ്രാധാന്യം ലോകത്തിന് ബോധ്യപ്പെടുത്തി കൊടുക്കാന്‍ വേണ്ടിയാണ് എന്ന മട്ടിലാണ് കോവിഡ് വന്നു നില്‍ക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങളും വെര്‍ച്ച്വലായി നടക്കുന്നു. ക്ലാസുകളും ഔദ്യോഗിക യോഗങ്ങളുമെല്ലാം നടക്കുന്നു. ഗൂഗിളും യുട്യൂബും ഇ മെയിലും വാട്സ് ആപ്പും അങ്ങനെ പലതും ഉണ്ട്. ഇതിന്റെ ഉള്ളിലാണ് ലോക്ഡൗണ്‍ നടക്കുന്നത്. ഫേസ് ടു ഫേ‌സ് അല്ലാത്ത പരസ്പര വിനിമയത്തിന്റെ വന്‍ സഞ്ചയത്തിനുള്ളിലാണ് ലോക്ഡൗണ്‍ നടക്കുന്നത്. പൂര്‍ണമായി മുങ്ങിപോകുമായിരുന്ന സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കുന്നത് ഇവയാണ്. അത്തരത്തിലുള്ള കമ്പനികളുടെ മാത്രം മൂല്യം ഉയര്‍ന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നാമിപ്പോള്‍ ദിവസവും വായിക്കുന്നുണ്ട്. ടെറി ഈഗിള്‍ട്ടന്‍ എന്ന മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഉണ്ട്. കേരളത്തില്‍ പലരും വായിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. 2013- ല്‍ ആണെന്ന് തോന്നുന്നു അദ്ദേഹം ഒരു കുറിപ്പെഴുതിയിരുന്നു. ഇംഗ്ലണ്ടില്‍ താന്‍ മാത്രമായിരിക്കും ഒരു EMV - Email Virgin- ഇമെയില്‍ 'കന്യകന്‍'; താന്‍ ഇ-മെയിലോ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റ് തന്നെയോ ഉപയോഗിക്കാറില്ല എന്നുമാണ് 2013-ല്‍ അദ്ദേഹം എഴുതിയത് (Why I never use email, Terry Eagleton, Prospects Magazine, 2013) . തത്കാലം അറിയാന്‍ നിര്‍വാഹമില്ലങ്കിലും 2013-ല്‍ പോലും ഇങ്ങനെ ജീവിക്കാന്‍ ധൈര്യപ്പെട്ട അദ്ദേഹം ഈ കൊറോണക്കാലത്ത് എന്ത് ചെയ്യുകയാണെന്ന് ഞാന്‍ ആലോചിക്കുകയാണ്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇ-മെയിലും ഇല്ലാതെയാണോ അദ്ദേഹം കഴിയുന്നത്? ആവാന്‍ സാധ്യതയില്ല എന്ന് ഞാന്‍ കരുതുകയാണ്. ഓരോ വ്യക്തിയും ഒറ്റപ്പെടുന്നു എന്ന് പറയപ്പെടുന്ന ലോക്ക്ഡൗണ്‍ കാലം നവമാധ്യമങ്ങളുടെ കേവലാടിമാകളാക്കി നമ്മളെ മാറ്റുക കൂടിയാണ്. നവ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തീര്‍ച്ചയായും നവ ലിബറല്‍ യുക്തിയുടെ അടിസ്ഥാനത്തിലാണ്. അവസാനത്തെ ടെറി ഈഗിള്‍ട്ടനെയും അത് അതിന്റെ ഉള്ളിലേക്ക് വലിച്ചെടുക്കുകയാണ് എന്ന് കരുതാന്‍ ന്യായങ്ങള്‍ ഉണ്ട്. അതുകൊണ്ട് കൊറോണക്കാലം കഴിയുമ്പോള്‍ നിയോലിബറലിസം മാറി പുതിയ സാമ്പത്തിക ജനാധിപത്യം വരും, സാമൂഹികത ഉണ്ടാവും എന്ന് കരുതാന്‍ കഴിയുന്ന എന്ത് വസ്തുനിഷ്ഠ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്? നാം പരസ്പരം ബന്ധപ്പെടുന്നത് തന്നെ അതിന്റെ യുക്തിയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സംവിധാനത്തിന്റെ ഔദാര്യത്തിലാണ്.

ഭൂപേഷ്: ഈ മാറ്റവുമായി ബന്ധപ്പെട്ട് ലോകത്ത് ഭിന്നങ്ങളായ ചിന്തകള്‍ രൂപപ്പെട്ടിട്ടുണ്ടാകുമല്ലോ. അതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? കോവിഡിന്റെ കൂടി പശ്ചാത്തലത്തിലുയരുന്ന ചര്‍ച്ചകളെ കുറിച്ചാണ് ചോദിക്കുന്നത്.ശ്രീകുമാര്‍: ഞാന്‍ ഇപ്പോള്‍ സൂചിപ്പിച്ചത് പോലെ നവമാധ്യമങ്ങളോടുള്ള നമ്മുടെ വിധേയത്വത്തെ അടയാളപ്പെടുത്തുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്. ഇതുമായി ബന്ധപ്പെട്ടുവേണം നമ്മള്‍ ഈ വിഷയങ്ങളെ കാണാന്‍. ഇപ്പോഴത്തെ ഈ കാലഘട്ടം ഭരണകൂടത്തിന്റെ അമിതാധികാരത്തെ ഉറപ്പിക്കാന്‍ പോന്നതാണെന്നാണ് അഗംബനെ പോലുള്ളവര്‍ പറയുന്നത്. State of exception എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നത്. ഇത്തരമൊരു കാലഘട്ടത്തില്‍ ഭരണകൂടത്തിന് അതിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിക്കാനും ഭരണഘടനകള്‍ സസ്പെന്റ് ചെയ്യാനുമുള്ള സാധ്യതകള്‍ നല്‍കുന്നുവെന്നാണ് അദ്ദേഹം പറയുന്നു. ഇങ്ങനെയുള്ള സ്റ്റേറ്റ് ഓഫ് എക്സപ്ഷനെ ശാശ്വതീകരിക്കുന്നതാണ് കോവിഡ്. മനുഷ്യന്റെ വള്‍നറബിലിറ്റിയെ - ദുര്‍ബലതയെ - ഭരണകൂടവും കോര്‍പ്പറേറ്റുകളും ചൂഷണം ചെയ്യുകയാണ്. ഒരര്‍ത്ഥത്തില്‍ അദ്ദേഹം പറയുന്നത് ശരിയാണ്. എന്നാല്‍ ഇതേ സമയത്താണ് സിസെക്കിനെ പോലുള്ളവര്‍ മറ്റൊരു വാദവുമായി വരുന്നത്. എല്ലാ അധികാരത്തേയും നമ്മള്‍ ഇങ്ങനെ കാണാന്‍ പാടില്ലെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്. മരിക്കണോ ജീവിക്കണോ എന്ന ചോദ്യത്തിന് മുന്നില്‍ ചില അവകാശങ്ങള്‍ ഭരണകൂടത്തിന് നമ്മള്‍ കൊടുക്കാന്‍ തയ്യാറാകുന്നുവെന്ന് വേണം കണക്കിലാക്കാനെന്നാണ് അദ്ദേഹം പറയുന്നത്. എന്റെ അഭിപ്രായത്തില്‍ സിസെക്ക് മുന്നോട്ടുവെയ്ക്കുന്ന യുക്തിയും അഗംബന്‍ മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളും രണ്ടല്ല എന്നതാണ്. അമിതാധികാരം ഉണ്ടാകുന്നില്ലെന്ന് സിസെക്ക് പറയുന്നില്ല. അതിനെ അദ്ദേഹം നിഷേധാത്മകയമായി കാണുന്നില്ലെന്ന് മാത്രം. അധികാരത്തെ, അതിന്റെ ചില കടന്നുകയറ്റങ്ങളെ ഈ ഘട്ടത്തില്‍ കുറേക്കൂടി സഹഭാവത്തോടെ കാണുകയാണ് ചെയ്യുന്നത്. അധികാരത്തെ ഭയക്കാതെ അധികാരവുമായി സഹകരണത്തോടെ പ്രവര്‍ത്തിക്കേണ്ട ഒരു സന്ദര്‍ഭമായി കോവിഡിനെ മനസ്സിലാക്കുകയല്ലേ ചെയ്യേണ്ടതെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.എന്നാല്‍ ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത രീതിയില്‍ അധികാരങ്ങളെ ഭരണകൂടം സ്വാംശീകരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. സ്റ്റേറ്റ് ഓഫ് എക്സപ്ഷന്‍ എന്ന അഗംബന്‍ പറഞ്ഞ അവസ്ഥയിലേക്ക് ശാശ്വതമായി സമൂഹത്തെ തള്ളിയിടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. മിക്കവാറും ഭരണകൂടങ്ങള്‍ അധികാരം അമിതമായി കേന്ദ്രീകരിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ കൂടിയാണ് കോവിഡ് വരുന്നത്. ഇന്ത്യയിലെ അവസ്ഥ നമുക്കറിയാം. അമേരിക്കയില്‍ ട്രംപിന്റെ രീതികള്‍, തുര്‍ക്കിയില്‍, ബ്രിട്ടനില്‍ ബ്രക്സിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അങ്ങനെ പല രാജ്യങ്ങളിലും ഈ ഒരു അവസ്ഥ നേരത്തെ തന്നെ ഉണ്ടായിട്ടുള്ളതാണ്. ഇതിന്റെ തുടര്‍ച്ചയായി വേണം ഇപ്പോഴത്തെ സംഭവങ്ങളെ കാണാന്‍. സ്വകാര്യതക്കെതിരെ കുറെ നാളുകളായി കോര്‍പറേറ്റുകള്‍ രംഗത്തുണ്ട്. ഭരണകൂടത്തെ ആ വഴിക്ക് കൊണ്ട് വരുവാനും സ്വകാര്യത അത്ര വലിയൊരു പ്രശ്‌നമല്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളെയും ഭരണനേതൃത്വങ്ങളെയും വിശ്വസിപ്പിക്കാനും ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് ഏറ്റവും ദുര്‍ബലമായി തോന്നിയത് സിസെക്കിന്റെ വാദങ്ങളെയാണ്. ഇത്രയും ശക്തമായ രീതിയില്‍ അധികാര കേന്ദ്രീകരണം നിലനില്‍ക്കുമ്പോഴാണ് പുതിയ നീക്കങ്ങള്‍ ഉണ്ടാകുന്നതെന്ന് ഓര്‍ക്കണം. കോവിഡിന്റെ കാലത്തുണ്ടായതുപോലുള്ള സഹഭാവപൂര്‍ണമായ നിലപാടുകള്‍ നിലനില്‍ക്കണമെങ്കില്‍ ശക്തമായ സിവില്‍ സൊസൈറ്റി നിലനില്‍ക്കേണ്ടതുണ്ട്. സിവില്‍ സൊസൈറ്റി ശക്തമാകുമ്പോള്‍ ഭരണകൂടത്തിന്റെ ശക്തി കുറയുകയാണ് ചെയ്യുക. ഭരണകൂടത്തിന്റെ ശക്തിയെ നിയന്ത്രിക്കുന്ന രണ്ട് സംവിധാനങ്ങളാണ് വിപണിയും സിവില്‍ സൊസൈറ്റിയും. വിപണിക്കാണ് കൂടുതല്‍ സ്വാധീനമെന്ന് ചരിത്രപരമായി തന്നെ നമുക്ക് അറിയാം. അധികാര കേന്ദ്രീകരണത്തിന്റെ ഭാഗമായി ചിലയിടങ്ങളില്‍ വിപണിയും സിവില്‍ സമൂഹവും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍പ്പെടും. സിവില്‍ സമൂഹവും വിപണിയും ഒരുപോലെ ഭരണകൂടത്തിന്റെ പിടിയിലാകുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ചൈനയിലാണെങ്കില്‍ സിവില്‍ സമൂഹമില്ല, എന്നാല്‍ വിപണി സ്വതന്ത്രമാണ് - ചില നിയന്ത്രണങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടെങ്കിലും. സിംഗപ്പൂരിലും സിവില്‍ സമൂഹത്തിനു വളരെ പരിമിതമായി മാത്രമേ നിലനില്‍ക്കാന്‍ കഴിയുന്നുള്ളൂ. (ഇതേക്കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്- Subpolitics and democracy: The role of new media in the 2011 General Elections in Singapore. Science, Technology and Society, 18 (2), 231-249.) ഞാന്‍ സബ്‌പൊളിറ്റിക്‌സ് എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ പ്രതിഭാസം ഉണ്ട് - സിവില്‍ സമൂഹത്തിനുള്ളിലെ ജനാധിപത്യോന്മുഖമായ ഒരു അടിസ്ഥാന ധാര. അതിനെ ഇല്ലായ്മ ചെയ്യാന്‍ ഇടയുണ്ട് ഈ അമിതാധികാരം എന്നതിനെ കുറിച്ച് എനിക്കും വേവലാതിയുണ്ട്. അഗംബന്‍ പറയുന്ന ഭീതിയുടെ അടിസ്ഥാനം അദ്ദേഹം അതത്ര വ്യക്തമായി പറയുന്നില്ലെങ്കിലും, എനിക്ക് മനസ്സിലാകുന്നത്, ഈ അമിതാധികാര കേന്ദ്രീകരണം മൂലം കോവിഡാനന്തര കാലത്ത് സിവില്‍ സമൂഹം ഇല്ലാതായി പോകുമോ എന്നതാണ്. ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാനും, പൗരാവകാശങ്ങള്‍ നിലനിലനിര്‍ത്താന്‍ വേണ്ടിയും സിവില്‍ സമൂഹം ബാക്കി ഉണ്ടാകുമോ എന്നതാണ് ചോദ്യം. ഈ ദാര്‍ശനിക ചര്‍ച്ച ഞാന്‍ മനസ്സിലാക്കുന്നത് ഈ പ്രശ്‌നമാണ്. അഗംബന്‍ സന്ദര്‍ഭത്തിന്റെ ഗൌരവം മനസ്സിലാക്കാതെ സ്വന്തം സിദ്ധാന്തത്തിന്റെ സാംഗത്യവും പ്രസക്തിയും തിട്ടപ്പെടുത്താന്‍ അവസരവാദപരമായി കൊറോണയുടെ സാഹചര്യത്തെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും 'സ്റ്റേറ്റ് ഓഫ് എക്സെപ്ഷന്‍' ശാശ്വതീകരിക്കപ്പെടുന്നതിനെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന് സാധൂകരണമുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഇന്ന് ഭരണകൂടത്തിന്റെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ പാടുള്ളൂ, എല്ലാ വിമതത്വവും അപകടകരമാണ് എന്ന പൊതുബോധം ശക്തമായിരിക്കുന്നു.ഭൂപേഷ്: ഇങ്ങനെയൊരു പൊതുബോധം ശക്തിപ്പെടുമ്പോള്‍ സിവില്‍ സമൂഹത്തിന്റെ അവസ്ഥ എന്താവും?ശ്രീകുമാര്‍: ഇപ്പോഴത്തേത് പോലുള്ള അവസ്ഥയില്‍ ചൈനീസ് മാതൃക പിന്തുടരാവുന്നതാണെന്ന് ചിലര്‍ പറയുന്നു. ഞാന്‍ ഗൂഡാലോചന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല. കോവിഡ് മൂലം ചൈനയില്‍ കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ടാകാം. എന്നാല്‍ ചിലര്‍ പറയുന്നത് പോലെ അത്രയൊന്നുമുണ്ടാകില്ല. 2003-ല്‍ സാര്‍സ് വന്ന കാലത്ത് ഹോങ്കോങ്ങില്‍ താമസിച്ചതാണ് ഞാന്‍. അതിന് ശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് കണ്ടതാണ്. സാര്‍സിന്റെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് കണ്ടപ്പോള്‍ കൂടിയാണ് സിവില്‍ സൊസൈറ്റിയുടെ ആവശ്യം ഹോങ്കോങ്ങിലെ ജനതയ്ക്ക് ബോധ്യപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ ചൈനക്കെതിരെയുള്ള ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടിയത് അവരുടെ സാര്‍സ് മാനേജ്‌മെന്റ് പരാജയങ്ങള്‍ കൂടിയാണ്. അതിന് ശേഷമാണ് ചൈനയ്ക്കെതിരായ വികാരം ശക്തമായത്. സിവില്‍ സമൂഹവും ഭരണകൂടവും തമ്മില്‍ കടുത്ത സംഘര്‍ഷം ഉണ്ടായിരുന്നു. അന്നത്തെ എല്ലാ ആരോപണങ്ങളും പക്ഷെ ശരിയായിരുന്നില്ല. ചില കാര്യങ്ങള്‍ ഇപ്പോഴും ചൈനയില്‍ സര്‍ക്കാര്‍ മറച്ചുവെയ്ക്കുന്നുണ്ടാകാം; അതിനര്‍ത്ഥം അവര്‍ രോഗത്തെ നിയന്ത്രിച്ചിട്ടില്ലെന്നല്ല. അങ്ങനെ പറയുമ്പോഴും ചൈനയെ മാതൃകയാക്കിയാലുള്ള സ്ഥിതി എന്താണ്? പൗരസമൂഹം ഇല്ലാതാകുന്ന അവസ്ഥയാവും ഉണ്ടാവുക. ഭരണകൂടത്തിന് ഒരു സഹാനുഭൂതിയുള്ള സംവിധാനമായി നിലനില്‍ക്കാന്‍ സാധിക്കും. ഭരണകൂടത്തെയും അത്തരമൊരു നൈതികതയോടുള്ള പ്രതിബദ്ധതയില്‍ നിലനിര്‍ത്താന്‍ കഴിയണം. അതിന് സിവില്‍ സമൂഹം ശക്തമായി ഉണ്ടാവണം എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭൂപേഷ്: ഇപ്പോഴത്തെ ഈ പാന്‍ഡെമിക്കിനെ തുടര്‍ന്നുള്ള ഭീതി ജനങ്ങളെ കൂടുതല്‍ ഭരണകൂടത്തിന് വിധേയപ്പെടുത്തുകയല്ലേ ചെയ്യുക. അങ്ങനെ നോക്കുമ്പോള്‍ ഭരണകൂടം കൂടുതല്‍ ശക്തിപ്പെടുകയല്ലേ ചെയ്യുക?ശ്രീകുമാര്‍: അതുണ്ടാവുമെങ്കിലും എങ്ങനെ എന്നതാണ് പ്രധാനം. അതിന് കേവല രാഷ്ട്രീയത്തിന്റെ രീതികള്‍ മാത്രമല്ല ഉണ്ടാവുക. അത് സംഭവിക്കുന്നത് എങ്ങനെയാണെന്നു നോക്കാം. ഇന്ന് കോര്‍പ്പറേറ്റ് മേഖല ഏറ്റവും കൂടുതല്‍ കൈവയ്ക്കാന്‍ ആലോചിക്കുന്ന മേഖല ആരോഗ്യ രംഗമാണ്. യുദ്ധത്തിന്റെ കാലത്ത് പട്ടാളക്കാര്‍ക്ക് തോക്കുകള്‍ കൊടുക്കുന്നത് പോലെ, കോവിഡിന്റെ കാലത്ത് ഡോക്ടര്‍മാര്‍ക്ക് വെന്റിലേറ്ററുകള്‍ കൊടുക്കേണ്ടേ എന്നാണ് സിസെക്ക് ചോദിച്ചത്. ഈ രൂപകത്തില്‍ തന്നെ എങ്ങനെയാണ് ആരോഗ്യമേഖലയെ ഇനി കാണാന്‍ പോകുന്നതെന്നത് വ്യക്തമാകുന്നുണ്ട്. ഗൂഗിളും അതുപോലുള്ള കമ്പനികളും ആരോഗ്യ മേഖലയിലെ ഗവേഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇന്ന് മനുഷ്യനുള്ളതിനെക്കാള്‍ കഴിവും ശക്തിയും ഉണ്ടാക്കാന്‍ കഴിയുന്ന രീതിയിലുള്ള ഗവേഷണങ്ങളാണ് നടക്കുന്നത്. മനുഷ്യനെ കൂറെക്കൂടി യന്ത്രവത്ക്കരിക്കുന്ന രീതിയിലുള്ള ഗവേഷണങ്ങള്‍. റോബോര്‍ട്ടുകളെയല്ല, കൂടുതല്‍ യന്ത്രവത്കൃത മനുഷ്യനെ ഉണ്ടാക്കാനുള്ള ഗവേഷണങ്ങള്‍ ആണ് നടക്കുന്നത്. കോര്‍പ്പറേറ്റുകള്‍ ഇത്തരം ഗവേഷണങ്ങള്‍ നടത്തുന്നത് നിയോ ലിബറല്‍ യുക്തിക്കുള്ളില്‍ നിന്നുകൊണ്ട് കൂടിയാണ്. ഇതൊക്കെ കോവിഡാനന്തര ലോകത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കാന്‍ പോകുന്ന ശക്തിയെന്താണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ്. കോര്‍പ്പറേറ്റുകളുടെ ഗവേഷണങ്ങളുടെ തുടര്‍ച്ചയാണ് നടക്കുക. മത ധാര്‍മ്മികതയുടെയും മറ്റും പേരില്‍ പല രാജ്യങ്ങളിലും തടഞ്ഞുവെച്ചിരുന്ന പല ജൈവഗവേഷണങ്ങളും ഇനി അത്തരം വിലക്കുകളെ മറികടന്നു മുന്നോട്ടു കൊണ്ടുപോകാന്‍ പല രാജ്യങ്ങളിലും സാഹചര്യം ഉണ്ടാവും. ചൈനയിലേക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകര്‍ എത്താന്‍ കാരണം അവിടെ അത്തരം നിയന്ത്രണങ്ങള്‍ ഇല്ലെന്നതു കൊണ്ടാണ്. അത്തരത്തില്‍ ഏതെങ്കിലും കേവല ധാര്‍മ്മികതയുടെ പേരില്‍ ബയോളജിക്കല്‍ ഗവേഷണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഇനി വേണോ എന്ന ചോദ്യമാണ് ഉയരുക. ഹെബര്‍മാസ് ഈ ചോദ്യത്തെ വ്യാകുലതകളോടെ അഭിമുഖീകരിക്കുനുണ്ട്. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ഒരു പുസ്തകം എഴുതിയിരുന്നു The Future of Human Nature (2001) ജെനിറ്റിക് എന്‍ജിനിയറിംഗ് അടക്കമുള്ള അത്തരം ഗവേഷണങ്ങളുടെ നൈതിക പരിസരം ആഴത്തില്‍ വിചാരണ ചെയ്യുന്ന പുസ്തകമാണത്. ഇത്തരം ഗവേഷണങ്ങളുടെ സാമൂഹ്യ പ്രത്യാഘാതം അന്വേഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പുസ്തകമാണ്. എന്തായാലും ഇത് ശാസ്ത്രത്തെ സംബന്ധിച്ച്, അതായത് യഥാസ്ഥിതിക ശാസ്ത്ര ഗവേഷണത്തെ സംബന്ധിച്ച് ഈ മാറ്റം വളരെ നല്ലതാണ്. മതത്തിന്റെ പിടി ഈ മേഖലയില്‍ അയയുവാന്‍ ഇത് കാരണമാകും എന്ന് തോന്നുന്നു. എന്നാല്‍ ശാസ്ത്രം എന്നത് നിയോ ലിബറല്‍ യുക്തിക്കുള്ളില്‍ നിലനില്‍ക്കുന്നതാണ്. കേവലമായ ഒരു ശാസ്ത്രമില്ല. ശാസ്ത്രം നിലനില്‍ക്കുന്നത് ഒരു സാമൂഹ്യപരിസരത്തിലാണ്. അതുകൊണ്ടുതന്നെ ആരോഗ്യമേഖലയില്‍ ഭരണകൂടവും കോര്‍പ്പറേറ്റുകളും എന്തു ചെയ്യുന്നുവെന്നതും കോവിഡാനന്തര ലോകത്തെ സംബന്ധിച്ച് പ്രധാനമാണ്.

വ്യവസ്ഥയ്ക്കുള്ളിലെ മൽസരം

ഭൂപേഷ്: കോവിഡാനന്തര കാലത്തെ ആഗോളവത്ക്കരണമെന്നത് ചൈനയെ കേന്ദ്രീകരിച്ചായിരിക്കും, അമേരിക്കയുടെ സ്വാധീനം ഇല്ലാതാവും എന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ വ്യപകമാണ്. താങ്കള്‍ അതിനെ എങ്ങനെ കാണുന്നു?

ശ്രീകുമാര്‍: ചൈനയും ലോക മുതലാളിത്തവും തമ്മിലുള്ള ബന്ധത്തെ കാണാതെയാണ് ചിലര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ചൈനീസ് വിപണിയില്ലാതെയും അവിടുത്തെ കൂലി കുറഞ്ഞ തൊഴിലില്ലാതെയും ലോകമുതലാളിത്തത്തിനും; ലോക വിപണിയിലെ പ്രവേശമില്ലാതെ ചൈനയ്ക്കും നിലനില്‍ക്കുക അസാധ്യമാണ്. അതൊരു പരസ്പരബന്ധമാണ്. അമേരിക്ക വന്‍ ശക്തിയെന്ന് പറയുന്നത് ലോക മുതലാളിത്ത സംവിധാനത്തിനുള്ളിലെ ഒരു സാമ്രാജ്യത്വ ശക്തിയെന്ന നിലയിലുള്ള ആ രാജ്യത്തിന്റെ സ്ഥാനമാണ്. യുറോപ്യന്‍ യൂണിയനും ജപ്പാനും ഒക്കെ ചേര്‍ന്ന ഒരു അച്ചുതണ്ടാണ് അത്. അതിന്റെ ഭാഗമാകുകയാണ് ചൈന ചെയ്തത്. 1949-ല്‍ വിപ്ലവത്തിന് ശേഷം ചൈന ലോക വ്യാപാര സംഘടനയില്‍നിന്ന് പിന്‍വാങ്ങിയതാണ്. പിന്നീട് അങ്ങോട്ട് അപേക്ഷ നല്‍കിയാണ് ചൈന ലോക വ്യാപാര സംഘടനയുടെ ഭാഗമായത്. അതായത് അന്ന് അവര്‍ മുന്നോട്ടുവെച്ച മുഴുവന്‍ ഉപാധികളും അംഗീകരിച്ചാണ് ചൈന അതിന് തയ്യാറായത്. യൂറോപ്യന്‍ യുണിയനുമായും ജപ്പാനുമായും അമേരിക്കയുമായും കാനഡയുമായും മെക്‌സിക്കോയുമായുമെല്ലാം പ്രത്യേകം പ്രത്യേകം ഉഭയകക്ഷി കരാറില്‍ ഏര്‍പ്പെടണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ചൈന അക്ഷരംപ്രതി അനുസരിച്ചു. അങ്ങ‌നെയാണ് ലോകവ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ പുന:പ്രവേശനത്തിന് വഴി തെളിഞ്ഞത്. അമേരിക്ക ആവശ്യപ്പെട്ടതിലധികം സൌജന്യങ്ങള്‍ ചൈന അന്ന് ചെയ്തു കൊടുത്തു. അതിനു വേണ്ടി അവര്‍ പറഞ്ഞ പല നിയമങ്ങളും പേറ്റന്റ് അടക്കം ചൈനയില്‍ കൊണ്ടുവന്നു. അവരുടെ നിയമങ്ങളില്‍, സമീപനങ്ങളില്‍ മാറ്റംവരുത്തി. അതായത് ലോക വ്യാപാര സംഘടനയുടെ ചിട്ടവട്ടങ്ങള്‍ക്ക് അനുസരിച്ചാണ് ചൈനയും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ചൈനീസ് ഉത്പന്നങ്ങളെ പൂര്‍ണമായി വേണ്ടെന്ന് വെയ്ക്കാന്‍ അമേരിക്കക്കോ തിരിച്ചോ കഴിയില്ല. അതുകൊണ്ട് ഈ ലോക ക്രമത്തെ കോവിഡ് മാറ്റുമോ എന്ന് ചോദിക്കുമ്പോള്‍ അത് എത്ര മാത്രം സങ്കീര്‍ണമാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം. ചൈന ഏകപക്ഷീയമായി ലോകത്തിന്റെ നേതൃസ്ഥാനം ഏറ്റടുക്കുകയല്ല, മറിച്ച് ലോക മുതലാളിത്ത ക്രമത്തിന് അകത്ത് ചൈനയുടെ സ്ഥാനത്തിന് വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ് ചെയ്യുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് കടം കൊടുക്കുന്ന, അതിന്റെ പലിശ വാങ്ങുന്ന, ലോകബാങ്കിനെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെയും തങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ചൈന മാറുകയാണ് ചെയ്യുന്നത്. ആഭ്യന്തര ഭരണ ക്രമത്തില്‍ മാറ്റമില്ലാതിരിക്കുമ്പോഴും ചൈന ഇങ്ങനെ മാറുന്നുണ്ട്. ചൈനീസ് വിപണി വേണ്ടെന്ന് വെച്ചാല്‍ ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ പലതിന്റെയും വലിയ വിപണിയാണ് നഷ്ടപ്പെടുക. അമേരിക്കയും യുറോപ്യന്‍ യൂണിയനും ജപ്പാനുമൊക്കെ എങ്ങനെയാണോ ലോക മുതലാളിത്തത്തില്‍ കഴിയുന്നത്, അതുപോലെ തന്നെയാണ് ചൈനയും കഴിയുന്നത്. അതിന്റെ ഒരു യുക്തിക്കുള്ളിലാണ്, പുറത്തല്ല. അത് മനസ്സിലാക്കാതെയാണ് ചൈന എന്തോ വ്യത്യസ്തമായ ശാക്തികചേരിയാണ് എന്ന രീതിയില്‍ പറയുന്നത്. ലോക മുതലാളിത്തത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള തൊഴില്‍ വിഭജനത്തില്‍ ശക്തമായ സ്ഥാനം ഏറ്റെടുക്കുകയാണ് ചൈന ചെയ്തിട്ടുള്ളത്. ഒരേ സമയം വിപണിയും മൂലധനത്തിന്റെ സ്രോതസ്സുമായിരിക്കുക എന്ന സങ്കീര്‍മായ റോളാണ് ചൈന നിര്‍വഹിക്കുന്നത്.ഭൂപേഷ്: ഇതോടുകൂടി ചൈനയുടെ രാഷ്ട്രീയ ഇടപെടലുകളും ലോകത്ത് വര്‍ധിക്കുമോ?ശ്രീകുമാര്‍: തീര്‍ച്ചയായും വര്‍ദ്ധിക്കും. പക്ഷെ ഇതില്‍ പ്രധാനമായി മനസ്സിലാക്കേണ്ടത് അമേരിക്ക ഒരു സാമ്രാജ്യത്വ ശക്തിയാണ്, അതേസമയം ചൈന ഇതുവരെയല്ല അങ്ങനെയല്ല എന്നതാണ്. തങ്ങളുടെ വര്‍ധിച്ചുവരുന്ന ശേഷി അവരുടെ സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വേണ്ടി ചൈന ഉപയോഗിക്കുമെന്ന കാര്യം ഉറപ്പാണ്. അതിനു സഹായകരമായ ഇടപെടലുകളും അവര്‍ നടത്തും. അത് സാമ്രാജ്യത്വം ഉപയോഗിക്കുന്നതുപോലെ ആകുമോ എന്നത് കണ്ടറിയേണ്ടതാണ്. ഇതുവരെ അങ്ങനെയുണ്ടായിട്ടില്ല. സാമ്രാജ്യത്വ മോഹങ്ങള്‍ ഉള്ള രാജ്യമാണ് ചൈന. പക്ഷെ വെറുതെ മോഹിച്ചാലോ ഒരു പ്രാദേശിക സാമ്പത്തിക ശക്തി എന്ന നിലയില്‍ ചെറു രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തിയാലോ അത് സാമ്രാജ്യത്വം ആകില്ല. അമേരിക്ക നടത്തിയ സാമ്രാജ്യത്വ യുദ്ധങ്ങളുടെ പോലും ഭാഗമായിട്ടില്ല ചൈന. അതേസമയം അതിനെ ശക്തമായി എതിര്‍ക്കാനും ചൈന തയ്യാറായിട്ടില്ല. പങ്കാളിയാവാനുള്ള സാമ്പത്തിക സൈനിക ശേഷി ഉണ്ടായിട്ടും കഴിഞ്ഞ ദശാബ്ദങ്ങളില്‍ അമേരിക്ക സൃഷ്ടിച്ച സാമ്രാജ്യത്വ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടില്ല. ചുറ്റുപാടുമുള്ള അസ്വാരസ്യങ്ങളിലെ ഇടപെടലിനപ്പുറം സാമ്രാജ്യത്വ മോഹവുമായി ചൈന ഇറങ്ങിയിട്ടില്ല. കോവിഡിന് ശേഷം അങ്ങനെ മാറും എന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ ലോക മുതലാളിത്തത്തില്‍ ഇപ്പോള്‍ ചൈനയുടെ സ്ഥാനം വെച്ച് അത്തരത്തില്‍ ഒരു ചുവടുമാറ്റത്തിന് ചൈന തയ്യാറാകുമെന്ന് തോന്നുന്നില്ല. പക്ഷെ ചൈന ഒരു വലിയ സാമ്പത്തിക ശക്തി തന്നെയാണ്. അമേരിക്കന്‍ ജിഡിപിയുടെ എഴുപതു ശതമാനത്തോളം വരും ഇപ്പോള്‍ ചൈനയുടെ ജിഡിപി. ഇതൊരു ചെറിയ കാര്യമല്ല.ഭൂപേഷ്: ഇപ്പോഴത്തെ പ്രതിസന്ധി അമേരിക്കയെ ഒരു ലോകശക്തിയെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുമോ? ശ്രീകുമാര്‍: അമേരിക്ക ഏറ്റവും കൂടുതല്‍ ഭയക്കുന്നത് അതാണ്. അമേരിക്കയുടെ സോഫ്റ്റ് പവര്‍ - അവരുടെ പ്രത്യയശാസ്ത്ര സ്വാധീനം - അത് നഷ്ടമാകുമോ എന്നതാണ്. കോവിഡ് അതിനെ ബാധിച്ചിട്ടുണ്ട്. അമേരിക്കന്‍സോഫ്റ്റ് പവറിന് പകരം ചൈനീസ് സോഫ്റ്റ് പവര്‍ ലോകത്ത് വ്യാപിക്കുമോ എന്നതാണ് പലരും ചിന്തിക്കുന്നത്. അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകുന്നത്. ഒരു അമേരിക്കന്‍ സൈനികനോ സിവിലിയനോ ശത്രുക്കളുടെ കൈകളാല്‍ എവിടെയെങ്കിലും കൊല്ലപ്പെട്ടാല്‍ ആ രാജ്യത്ത് ബോംബര്‍ വിമാനങ്ങള്‍ അയച്ചു പ്രതികാര ബുദ്ധിയോടെ ആയിരക്കണക്കിന് സിവിലിയന്‍മാരെ വരെ കൊലപ്പെടുത്താറുള്ള അമേരിക്കിയിലാണ് മറ്റ് രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചു വീഴുന്നത്. അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ ഏറെയുണ്ടെന്ന് ലോകം വിശ്വസിച്ചിരുന്ന അമേരിക്കയിലാണ് ഇത് സംഭവിക്കുന്നത്. എന്ത് വിലയാണ് അമേരിക്കന്‍ ഭരണകൂടം നിസഹായരായ ഈ അമേരിക്കന്‍ പൌരന്മാരുടെ ജീവന് നല്‍കുന്നത്? കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കന്‍ സ്വപ്നത്തെ - ഒബാമ മുതല്‍ ട്രംപ് വരെയുള്ളവര്‍ ആഘോഷിക്കുന്ന 'അമേരിക്കന്‍ ഡ്രീമി'നെ - ഇത് ബാധിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. ഇത് അമേര്‍ക്കന്‍ അധികാര ശക്തിയുടെ ലെജിറ്റിമസിയെ ബാധിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ അടിസ്ഥാനപരമായി ചിന്തിച്ചാല്‍ ഇത്തരത്തില്‍ അമേരിക്കയുടെ പ്രത്യശാസ്ത്രപരമായ സ്വാധീനത്തില്‍ ഉണ്ടാവുന്ന മാറ്റം കൊണ്ട് അമേരിക്കന്‍ സാമ്പത്തിക ശക്തിക്ക് വലിയ മാറ്റമുണ്ടാകുന്നില്ല. ആയിരങ്ങള്‍ മരിച്ചു വീഴുമ്പോഴും അവിടെ അവര്‍ ആ ശാക്തിക അടിത്തറയ്ക്ക് ഊനം തട്ടാതെ നോക്കാനാണ് ശ്രദ്ധിക്കുന്നത്. ഉപരിഘടനയിലെ മാറ്റം വളരെ പ്രധാനമായിരിക്കുമ്പോഴും അടിസ്ഥാന യാഥാര്‍ത്ഥ്യം നിയോ ലിബറല്‍ മുതലാളിത്ത വ്യവസ്ഥിതി തന്നെയാണ്. അതിനകത്തുള്ള തൊഴില്‍ വിഭജനത്തില്‍ ചൈനയും അമേരിക്കയും യുറോപ്യന്‍ യൂണിയനും പഴയതുപോലെ തുടരുകയും ചെയ്യുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മാറ്റം കോവിഡ് സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ഉണ്ടാവില്ല. അല്ലെങ്കിലും മാറ്റം ഉണ്ടാവുന്നത് ദീര്‍ഘകാല രാഷ്ട്രീയത്തിലൂടെയാണ്. മാറ്റത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിലൂടെയാണ്. കോവിഡ് നല്‍കുന്ന പാഠങ്ങള്‍ പുതിയ രാഷ്ട്രീയത്തിന്, പുതിയ സാമൂഹികതയ്ക്ക്, എങ്ങനെ സഹായകമാവും എന്നത് നാം സൂക്ഷ്മമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. പുതിയ ലോകം ഭരണകൂട ഭീകരതകളുടെ, അമിതാധികാര കേന്ദ്രീകരണത്തിന്റെ, നവഫാസിസത്തിന്റെ ചൊല്‍പ്പടിയിലേക്ക് പോകാതിരിക്കാനുള്ള ജാഗ്രതകള്‍ ഉണ്ടാവുക എന്നത് സമൂഹത്തിന്റെ ഭാവി ജനാധിപത്യവത്ക്കരണത്തിന് അത്യന്താപേക്ഷിതമാണ്.


Next Story

Related Stories