TopTop
Begin typing your search above and press return to search.

സുപ്രധാന സ്ഥാനങ്ങളിൽ രാഹുലിന്റെ വിശ്വസ്തർ, കേരളത്തിൽ നിന്നും മൂന്ന് പേര്‍; കോൺഗ്രസ് നേതൃനിരയിൽ വൻ അഴിച്ചുപണി

സുപ്രധാന സ്ഥാനങ്ങളിൽ രാഹുലിന്റെ വിശ്വസ്തർ, കേരളത്തിൽ നിന്നും മൂന്ന് പേര്‍; കോൺഗ്രസ് നേതൃനിരയിൽ വൻ അഴിച്ചുപണി

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ എഐസിസി തലത്തിൽ വീണ്ടും അഴിച്ചുപണി. പുതിയ ജനറൽ സെക്രട്ടറിമാരെയും സംസ്ഥാന ചുമതലക്കാരെയും നിയമിക്കുകയുമാണ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചെയ്തിരിക്കുന്നത്. രാഹുൽ ഗാന്ധിയോട് അടുത്ത് നിൽക്കുന്ന നേതാക്കളെ ഉൾ‌പ്പെടുത്തിയാണ് സുപ്രധാന സ്ഥാനങ്ങൾ വീതിച്ച് നല്‍കിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള മുന്ന് പേരാണ് പുനഃസംഘടനയിൽ സുപ്രധാന ചുമതലകൾ കൈക്കൊള്ളുന്നത്. എ കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നിവരാണ് പുതിയ പട്ടികയിലുള്ളത്.

സംഘടനാ കാര്യങ്ങളിൽ അധ്യക്ഷ സോണിയാ ഗാന്ധിയെ സഹായിക്കാൻ സമിതിയെ നിയോഗിക്കണമെന്ന ആഗസ്റ്റ് 24 ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ അഴിച്ചു പണി. ഇതിലും രാഹുൽ ഗാന്ധിയോട് അടുത്ത് നിൽക്കുന്ന നേതാക്കൾക്കാണ് ഭൂരിപക്ഷം.

എ.കെ ആന്റണിയും കെ.സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, മുകുൾ വാസ്നിക്, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ. ആറംഗ സമിതിയിൽ വിമത ക്യാമ്പിലെ മുകുൾ വാസ്നിക്ക് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. കെ.സി വേണുഗോപാൽ, സുർജേവാല എന്നിവർ എല്ലാ പ്രധാന കമ്മിറ്റികളിലേക്കും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രവർത്തകസമിതിയിലെ പുതിയ അംഗങ്ങളായി ദിഗ്‌വിജയ് സിങ്, രാജീവ് ശുക്ല, മാണികം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച്.കെ. പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബൻസൽ, ദിനേശ് ഗുണ്ടുറാവു, മനീഷ് ചത്രത്ത്, കുൽജിത് നാഗ്ര എന്നിവര്‍ കടന്നു വന്നിട്ടുണ്ട്. .

അതേസമയം, പുനഃസംഘടനയിൽ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമായി. എന്നാൽ ആദ്ദേഹം കോൺഗ്രസ് പ്രവർത്തക സമിതിയിൽ തുടരും. കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളിൽ ഗുലാം നബി ആസാദും ഉൾപ്പെട്ടിരുന്നു.

ഗുലാം നബി ആസാദിന് പുറമെ മോത്തിലാൽ വോറ, അംബിക സോണി, മല്ലികാർജുൻ ഖാർഗെ എന്നിവരും പുനഃസംഘടനയിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്തായി. ഹരിയാനയുടെ ചുമതലയുണ്ടായിരുന്ന ഗുലാം നബി ആസാദിനു പകരം വിവേക് ബൻസാൽ തൽസ്ഥാനം കൈകാര്യം ചെയ്യും. ഗുലാം നബി ആസാദിന്റെ രാജ്യസഭാ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കുന്നതോടെ അദ്ദേഹം പൂർണമായും അപ്രസക്തനാവാനുള്ള സാധ്യത കുടിയാണ് തുറക്കുന്നത്.

ഉമ്മൻ ചാണ്ടി, മുകുൾ വാസ്നിക്, പ്രിയങ്ക ഗാന്ധി, അജയ് മാക്കൻ, കെ.സി വേണുഗോപാൽ, താരീഖ് അൻവർ, ജിതേന്ദ്രസിംഗ്, രൺദീപ് സിംഗ് സുർജേവാല, ഹരീഷ് റാവത്ത് എന്നിവരെയാണ് പുതിയ ജനറൽ സെക്രട്ടറിമാരായി നിയമിച്ചത്. പ്രിയങ്ക ഗാന്ധിക്ക് ഉത്തർപ്രദേശിന്റെയും ഉമ്മൻ ചാണ്ടിക്ക് ആന്ധ്രപ്രദേശിന്റെയും ചുമതല തുടരും. താരീഖ് അൻവറിനാണ് കേരളത്തിന്റെ ചുമതല. ശരദ് പവാർ, പി എ സംഗമ എന്നിവർ എൻ‌സി‌പി രൂപീകരിച്ചപ്പോൾ കോൺഗ്രസ് വിട്ടയാളാണ് താരിഖ് അൻവർ. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ്. ഇരട്ട ചുമതലയാണ് അദ്ദേഹത്തിന് ഇത്തവണ ലഭിച്ചത്.



Next Story

Related Stories