TopTop
Begin typing your search above and press return to search.

ലോക്ക് ഡൗണ്‍ കൊണ്ട് ഒരു ഗുണവുമുണ്ടായില്ല - രാഹുല്‍ ഗാന്ധി, സാമ്പത്തിക പാക്കേജ് ക്രൂരമായ തമാശയെന്ന് സോണിയ

ലോക്ക് ഡൗണ്‍ കൊണ്ട് ഒരു ഗുണവുമുണ്ടായില്ല - രാഹുല്‍ ഗാന്ധി, സാമ്പത്തിക പാക്കേജ് ക്രൂരമായ തമാശയെന്ന് സോണിയ

കോവിഡിനെ ചെറുക്കാനുള്ള നടപടികളുടെ പേരില്‍ അധികാരം പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുകയാണെന്നും ഫെഡറലിസത്തെ അട്ടിമറിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് സോണിയയുടെ വിമര്‍ശനം. ഏകപക്ഷീയമായാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുകയാണ് - വീഡിയോകോണ്‍ഫറന്‍സിംഗ് യോഗത്തില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഭരണഘടനയുടെ അവിഭാജ്യ ഭാഗമായ ഫെഡറലിസം മറന്നുപോകുന്നു. രാജ്യത്ത് നിലവിലുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റോ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളോ വിളിച്ചുചേര്‍ക്കുമോ എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല. കുടിയേറ്റ തൊഴിലാളികളെ സര്‍ക്കാര്‍ ക്രൂരമായി അവഗണിച്ചു. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 13 കോടി കുടുംബങ്ങള്‍ക്ക് യാതൊരുവിധ ധനസഹായവും നല്‍കിയില്ല. പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി പാക്കേജ് പ്രഖ്യാപനവും ധന മന്ത്രി നല്‍കിയ വിശദീകരണങ്ങളും രാജ്യത്തോടുള്ള ക്രൂരമായ തമാശയായി പോയി - സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവര്‍ക്ക് പണം നേരിട്ട് നല്‍കാനും ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടുകളിലേയ്ക്ക് മടങ്ങാന്‍ ബസ്സുകളും ട്രെയിനുകളും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും ആരും കേട്ടില്ല. 2020-21 സാമ്പത്തിക വര്‍ഷം നെഗറ്റീവ് വളര്‍ച്ചയോടെയായിരിക്കും അവസാനിക്കുന്നത് എന്ന് വിവിധ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൈനസ് 5 വരെ ഇത് താഴാമെന്ന് പറയുന്നു. ഇതിന്റെ ദുരന്തം വലിയ വ്യാപ്തിയുള്ളതായിരിക്കുമെന്ന് സോണിയ മുന്നറിയിപ്പ് നല്‍കി. നിലവിലെ സര്‍ക്കാരിന് ഈ രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളുടെ അതീവ ദൈന്യജീവിതത്തോട് യാതൊരു അനുകമ്പയുമില്ല. ഇത് ഹൃദയഭേദകമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനും വിവാദ തൊഴില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനുമുള്ള ശ്രമം സര്‍ക്കാരിന്റെ അതിര് കടന്ന പ്രവര്‍ത്തനങ്ങളാണ്. 21 ദിവസം കൊണ്ട് കൊറോണയെ പിടിച്ചുകെട്ടാമെന്ന പ്രധാനമന്ത്രിയുടെ ആദ്യ ചിന്ത തെറ്റാണെന്ന് തെളിഞ്ഞു. ലോക്ക് ഡൗണ്‍ എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് ഈ സര്‍ക്കാരിന് യാതൊരു നിശ്ചയവുമില്ലെന്നാണ് തോന്നുന്നത്. തുടര്‍ച്ചയായ ലോക്ക് ഡൗണുകള്‍ പ്രതികൂല ഫലങ്ങളാണുണ്ടാക്കിയത് - സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം കോവിഡ് ലോക്ക് ഡൗണ്‍ കൊണ്ട്് യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കോവിഡ് വ്യാപനം തടയുക, രോഗം നിയന്ത്രണവിധേയമാക്കുക എന്നീ ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ വൈറസ് ബാധ വര്‍്ദ്ധിക്കുകയാണ്. ജനങ്ങള്‍ക്ക് കോടികളുടെ നഷ്്ടമുണ്ടായി. ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അംഗീകരിക്കാനാവില്ല. ജനങ്ങള്‍ക്ക് വായ്പകളല്ല വേണ്ടത്. സാമ്പത്തികസഹായമാണ് വേണ്ത്. കുടിയേറ്റ തൊഴിലാളികളേയും ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ഭാഗമായവരേയും സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അത് കോടിക്കണക്കിനാളുകളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടും. പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാക്കാത്തതിനാല്‍ ഇപ്പോല്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീക്കാന്‍ പോകുന്നു എന്നാണ് മനസ്സിലാക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

11 ഇന ആവശ്യങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് മുന്നോട്ടുവച്ചത്

1. ആദായനികുതി അടയ്‌ക്കേണ്ടതില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും അടുത്ത ആറ് മാസത്തേയ്ക്ക് 7500 രൂപ നേരിട്ട് നല്‍കുക.

2. അടുത്ത ആറ് മാസത്തേയ്ക്ക് ആവശ്യമുള്ള എല്ലാ വ്യക്തികള്‍ക്കും 10 ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കുക.

3. തൊഴിലുറപ്പ് ദിനങ്ങളുടെ എണ്ണം 200 ആക്കി വര്‍ദ്ധിപ്പിക്കുക

4. കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കുക

5. കോവിഡ്് 19 ഇന്‍ഫെക്ഷന്‍ സംബന്ധിച്ച് കൃത്യവും പ്രാധാന്യമുള്ളതുമായ വിവരങ്ങള്‍ നല്‍കുക. ടെസ്റ്റിംഗ്, അടിസ്ഥാന സൗകര്യം, കണ്ടെയ്‌നിംഗ് സ്പീഡ് തുടങ്ങിയവയെല്ലാം സംബന്ധിച്ച്.

6. ഏകപക്ഷീയമായ എല്ലാ നയ തീരുമാനങ്ങളും പ്രത്യേകിച്ച്് തൊഴിലവകാശങ്ങള്‍ റദ്ദാക്കുന്ന തൊഴില്‍നിയമപരിഷ്‌കരണങ്ങള്‍ പിന്‍വലിക്കുക.

7. റാബി വിളകളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ മിനിമം താങ്ങുവില ഉറപ്പാക്കുക. ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുക.

8. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക്് ആവശ്യമായ ഫണ്ട് നല്‍കുക. സംസ്ഥാന സര്‍ക്കാരുകളുമായി വ്യക്തമായ ആശയവിനിമയം നടത്തുക. ലോക്ക് ഡൗണില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളില്‍.

9. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം അടിയന്തരമായി പുനരാരംഭിക്കുക.

10. വ്യക്തവും അര്‍ത്ഥപൂര്‍ണവുമായ ഒരു സാമ്പത്തിക കര്‍മ്മപദ്ധതി അവതരിപ്പിക്കുക - പ്രൊപ്പഗാണ്ടയ്ക്ക് പകരം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും സമ്പദ് വ്യവസ്ഥയുടെ ഉദ്ധാരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

11. അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് മുമ്പായി സംസ്ഥാന സര്‍ക്കാരുകളോട് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുക.

എ കെ ആന്റണി, എസ് ഗുലാം നബി ആസാദ്, അധിർ രഞ്ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ (കോൺഗ്രസ്), എച്ച്ഡി ദേവേഗൗഡ (ജെഡിഎസ്); മമത ബാനർജി, ഡെറിക് ഓ' ബ്രിയൻ (എ‌ഐ‌ടി‌സി), ശരദ് പവാർ, പ്രഫുൽ പട്ടേൽ (എൻസിപി), എം കെ സ്റ്റാലിൻ (ഡിഎംകെ), ഉദ്ദവ് താക്കറെ, സഞ്ജയ് റൗത്ത് (ശിവസേന), സീതാരം യെച്ചൂരി (സി.പി.എം), ഡി. രാജ (സിപിഐ), ഹേമന്ത് സോറൻ (ജെഎംഎം), ശരദ് യാദവ് (എൽജെഡി), ഡോ. ഒമർ അബ്ദുല്ല (എൻസി), തേജസ്വി യാദവ്, മനോജ് ഝാ (ആർ‌ജെഡി), പി കെ കുഞ്ഞാലിക്കുട്ടി (ഐ‌യു‌എം‌എൽ), ജയന്ത് ചൗധരി (ആർ‌എൽ‌ഡി), ഉപേന്ദ്ര കുശ്വാഹ (ആർ‌എൽ‌എസ്‌പി), ബദ്രുദ്ദീൻ അജ്മൽ (എ.ഐ.യു.ഡി.എഫ്), ജിതിൻ റാം മഞ്ജി, ജോസ് കെ മണി (കെസി-എം), എൻ കെ പ്രേംചന്ദ്രൻ (ആർ‌എസ്‌പി), രാജു ഷെട്ടി (സ്വാഭിമാനി പക്ഷ്); തോൽ തിരുമാവളവൻ (വി.സി.കെ-ടി.എൻ); പ്രൊഫ. കോദന്ദാരം (ടിജെഎസ്).


Next Story

Related Stories