TopTop
Begin typing your search above and press return to search.

ഭീമാ കൊറേഗാവ് കേസില്‍, 83 വയസ്സായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റില്‍

ഭീമാ കൊറേഗാവ് കേസില്‍, 83 വയസ്സായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റില്‍

ഭീമാ കൊറേഗാവ് കേസില്‍ 83 വയസ്സായ ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റില്‍. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ഝാര്‍ഖണ്ഡില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവാകാശ പ്രവര്‍ത്തകനാണ് സ്റ്റാന്‍ സ്വാമി. ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലാകുന്ന 16 -മത്തെ ആളാണ് സ്റ്റാന്‍ സാമി.

റാഞ്ചിയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയ എന്‍ഐഎ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വാറന്റ് പോലും കാണിക്കാതെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ടുപോയതെന്ന് സ്വാമിയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

അഞ്ച് പതിറ്റാണ്ടായി ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ സ്വാമി വാര്‍ധക്യ സഹജമായ രോഗങ്ങളും നേരിടുന്നു. ആദിവാസികളുടെ വന അവകാശങ്ങള്‍ക്കും വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ് സ്റ്റാന്‍ സ്വാമി. ഝാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഇദ്ദേഹത്തിനെതിരെ രാജ്യ ദ്രോഹത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ ആ കേസ് റദ്ദാക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് സ്വാമി അന്വേഷണ ഏജന്‍സി തന്നെ വിടാതെ പിന്തുടരുന്നതിനെക്കുറിച്ച് ഒരു വിഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ക്കും അയച്ച കത്തില്‍, തന്നെ അഞ്ച് ദിവസത്തിനുളില്‍ 15 മണിക്കൂര്‍ എന്‍ഐഎ ചോദ്യം ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കാന്‍ അന്വേഷണ സംഘം ചില രേഖകള്‍ കാണിച്ചുവെന്നും അതൊക്കെ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സ്വാമിയെ അറസ്റ്റ് ചെയ്തതില്‍ പിപ്പീള്‍സ് യുണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് പ്രതിഷേധിച്ചു. അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ നടപടിയാണിതെന്ന് സംഘടന ആരോപിച്ചു. സൊസൈറ്റി ഓഫ് ജീസസ് എന്ന വിഭാഗത്തില്‍പ്പെട്ട ആളാണ് സ്വാമി.


Next Story

Related Stories