TopTop

ഇന്ത്യയുടേത് 'ഒറ്റ രാഷ്ട്രീയ'മല്ല, മോദി-ഷാമാരോട് മധ്യപ്രദേശ് മുതൽ ഡൽഹി വരെയുള്ള സംസ്ഥാനങ്ങൾ പറയുന്നത്

ഇന്ത്യയുടേത്

ഡല്‍ഹിയില്‍ ആം ആദ്മിയുടെയും ബിജെപിയെ എതിര്‍ക്കുന്നവരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് തലസ്ഥാനത്തെ ജനങ്ങള്‍ ബഹുഭൂരിപക്ഷവും വിലയിരുത്തിയിരിക്കുന്നു. മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍. 2015 നെ അപേക്ഷിച്ച് സീറ്റുകളും വോട്ടുകളും കുറവാണ് ആം ആദ്മി പാര്‍ട്ടിക്ക്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ മല്‍സരം കടുത്തതായിരുന്നു ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നവുമായിരുന്നു. ആം ആദ്മി പാര്‍ട്ടി പ്രതിഭാസം തുടങ്ങുന്നതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. ബിജെപിയ്‌ക്കെതിരായ ശക്തരായ എതിരാളികള്‍ ആരെന്ന് നോക്കി അവര്‍ക്ക് വോട്ട് നല്‍കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസിന്റെ വോട്ടര്‍മാര്‍ മാറിയിരിക്കുന്നു എന്നതാണ് ഡൽഹി ബോധ്യപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം.

ഒമ്പത് മാസം മുമ്പ് ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബിജെപിയ്ക്ക് നല്‍കിയ ജനങ്ങള്‍ തന്നെയാണ് ഇത്തവണ ആംആദ്മിക്ക് വോട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലേയും ഭരണകർത്താക്കളെ വ്യത്യസ്ത രീതിയിൽ വിലയിരുത്തുന്ന സമീപനം ജനങ്ങൾ തുടരുന്നുവെന്നതിൻ്റെ സൂചന കൂടിയാണിത്.
ഇത് യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന ഒരു പ്രവണതയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ് ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുതല്‍ കണ്ടുതുടങ്ങിയ പ്രവണത. അന്ന് മൂന്ന് സംസ്ഥാനങ്ങളും ബിജെപിയ്ക്ക് നഷ്ടമായി. മധ്യപ്രദേശും രാജസ്ഥാനും നേരിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചതെങ്കിലും അവര്‍ക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞു. ചത്തീസ്ഗഡില്‍ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
എന്നാല്‍ അതിന് ശേഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥിതി തീര്‍ത്തും വ്യത്യസ്തമായി. ബിജെപിയ്ക്ക് വന്‍ കുതിപ്പുണ്ടായി. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായിട്ടും ഒരു ചലനവും ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. പിന്നീട് ഹരിയാന മഹാരാഷ്ട്ര, ഝാര്‍ഖഡ് എന്നി സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ എന്ന നിലയില്‍ ബിജെപിയുടെ വിജയം ഈ സംസ്ഥാനങ്ങളില്‍ എതിരാളികള്‍ പോലും ഉറപ്പിച്ചതായിരുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചതിനെ തുടര്‍ന്ന നാഥനില്ലാത്ത പോലെയായിരുന്നു കോണ്‍ഗ്രസിന്റെ പോരാട്ടം. എന്നിട്ടുപോലും ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ബിജെപിയ്ക്ക് നഷ്ടമായി. ഇതില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് മഹാരാഷ്ട്ര നഷ്ടമാകാന്‍ കാരണമായതെങ്കിലും, അവിടെ ബിജെപിയ്ക്ക് മുന്‍ മല്‍സരങ്ങളില്‍നിന്ന് വ്യത്യസ്തമായി സീറ്റ് കുറയുകയാണ് ചെയ്തത്. ശിവസേനയുടെ കടുംപിടുത്തതിന് മുന്നില്‍ ബിജെപിയ്ക്ക് കാലിടറിയത് അതുകൊണ്ടാണ്. ഹരിയാനയിലാണ് ബിജെപിയ്ക്ക് കനത്ത തിരിച്ചടി നേരിട്ടത്. അവിടെ കേവല ഭൂരിപക്ഷത്തിന് ദുഷ്യന്ത് ചൗതാലയുടെ പാര്‍ട്ടിയുടെ പിന്തുണ തേടേണ്ടിവന്നു. 90 സീറ്റില്‍ ബിജെപിയ്ക്ക് 40 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. ഝാര്‍ഖണ്ടില്‍ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും ചെയ്തു. ഇവിടെയും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
അതായത് സംസ്ഥാനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍നിന്ന് വ്യത്യസ്തമായാണ് വോട്ടുചെയ്യുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ വൈവിധ്യത്തെക്കുറിച്ച് ബിജെപിയെ ബോധ്യപ്പെടുത്തുന്ന തരത്തിലാണ് കഴിഞ്ഞ കുറെ കാലമായി പുറത്തുവരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ തെളിയിക്കുന്നത്. ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും ഏകശില രാഷ്ട്രമായി കാണുന്ന ബിജെപിയെ വോട്ടര്‍മാര്‍ സ്ഥിരമായി തിരുത്തുന്നതിന്റെ സൂചനയാണ് ഇതിലൂടെ തെളിയുന്നത്. നേരത്തെ സൂചിപ്പിച്ച സംസ്ഥാനങ്ങളില്‍, പ്രാദേശിക പാര്‍ട്ടികള്‍ ഇല്ലാത്തിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നതും ശ്രദ്ധേയമാണ്. അതായത് ബിജെപിയ്ക്ക് എതിരായി സംസ്ഥാനങ്ങളില്‍നിന്ന് പ്രാദേശിക പാര്‍ട്ടികളുടെ ചെറുത്തുനില്‍പ്പാണ് ഉണ്ടാകുന്നത്. ഒരു നികുതി, ഒരു നിയമം, ഒരു വിപണി എന്നിങ്ങനെ പറഞ്ഞ് രാജ്യത്തെ ഏക ശിലാരൂപമാക്കുന്ന ബിെജപിയോട് ഇന്ത്യയുടെ വൈജാത്യത്തിന്റെ രാഷ്ട്രീയം കൂടിയാണ് ഈ സംസ്ഥാനങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വിജയവും സംസ്ഥാനങ്ങളെ മെരുക്കാന്‍ അത്ര എളുപ്പം ബിജെപിയ്ക്ക് കഴിയില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ഇത് ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയെടുക്കാനുള്ള പ്രതിസന്ധികള്‍ വലുതാണ്. കാരണം ബിജെപി അവരുട തീവ്രനിലപാടുകളുമായി മുന്നോട്ടുപോകുമ്പോള്‍ പ്രതിരോധത്തിന് പുതിയ രീതികളാണ് ഇപ്പോള്‍ മറ്റുപാര്‍ട്ടികള്‍ മുന്നോട്ടുവെയ്ക്കുന്നത്. പൗരത്വ നിയമ ഭേദഗതിയോടുള്ള പ്രതികരണത്തില്‍ ഇതു കണ്ടതാണ്. കേന്ദ്ര നിയമം നടപ്പിലാക്കില്ലെന്ന് പറയുകയും അതിനെതിരെ സംസ്ഥാന നിയമസഭകള്‍ പ്രമേയ പാസ്സാക്കുകയുമാണ് ചെയ്യുന്നത്. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ പ്രവണതയാണ്. അങ്ങനെ ഒരോ വിഷയത്തിലും കേന്ദ്ര സംസ്ഥാന സംഘര്‍ഷാവസ്ഥയിലേക്കുള്ള സാധ്യതകളിലേക്കാവും ഇന്ത്യന്‍ രാഷ്ട്രീയം കടക്കുക. എല്ലാ വൈജാത്യങ്ങളും തമസ്‌ക്കരിച്ച് ഏക സംവിധാനത്തിലേക്ക് പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയത്തിനെതിരെ സംസ്ഥാനങ്ങളുടെ പ്രതിരോധം കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ കഴിയില്ല. രാജ്യസഭയിൽ പോലും കേന്ദ്ര സർക്കാരിന് ഭൂരിപക്ഷം മാനേജ് ചെയ്യാൻ പറ്റുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കൂടുതൽ സംസ്ഥാനങ്ങൾ ബിജെപിയ്ക്ക് നഷ്ടമാകുന്നത് ഭാവിയിൽ രാജ്യസഭയിലെ അവരുടെ നിലവിലെ അവസ്ഥ മോശമാക്കും.
അതോടൊപ്പം മറ്റൊരു കാര്യം കൂടി ഡല്‍ഹിയിലെ ആപ് വിജയം തെളിയിക്കുന്നുണ്ട്. അത് വിവാദ വിഷയങ്ങളില്‍നിന്ന് അകന്ന് നിന്നുകൊണ്ട് ബിജെപി തീരുമാനിക്കുന്ന വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാതെ മുന്നോട്ടുപോകുന്ന ആം ആദ്മിയുടെ തന്ത്രത്തെക്കുറിച്ചുമാണ്. ആ തന്ത്രം കൂടിയാണ് മൂന്നാം തവണയും ആം ആദ്മിയെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ ഈനിലപാടുകള്‍ ബിജെപി സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രതിരോധത്തെ സഹായിക്കുമോ എന്നത് കണ്ടറിയേണ്ടത്.


Next Story

Related Stories