TopTop
Begin typing your search above and press return to search.

ഈ കളി ഇവിടെ അവസാനിപ്പിക്കൂ - രാജസ്ഥാൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി മോദിയോട് മുഖ്യമന്ത്രി ഗെലോട്ട്

ഈ കളി ഇവിടെ അവസാനിപ്പിക്കൂ - രാജസ്ഥാൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി മോദിയോട് മുഖ്യമന്ത്രി ഗെലോട്ട്

രാജസ്ഥാൻ പ്രതിസന്ധിയിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. ഈ കളി, നാടകം ഒക്കെ ഇവിടെ നിർത്തൂ. നേരത്തെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സച്ചിൻ പൈലറ്റ് അനുകൂലികളുമായി ചേർന്ന് തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഗെലോട്ട് മോദിക്ക് കത്ത് നൽകിയിരുന്നു. ഇപ്പോൾ രണ്ടാമതും മോദിയോട് ഇടപെടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഗെലോട്ട്. ഓഗസ്റ്റ് 14ന് നിയമസഭ ചേരാനിരിക്കെ തന്നെ അനുകൂലിക്കുന്ന എംഎൽഎമാരെ ഗെലോട്ട്, ജയ്പൂരിലെ ഫെയർമോണ്ട് റിസോർട്ട് ഹോട്ടലിൽ നിന്ന് പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള ജയ്സാൽമിറിലെ മറ്റൊരു ആഡംബര റിസോർട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സച്ചിൻ പൈലറ്റ് അടക്കമുള്ള 19 വിമത എംഎൽഎമാർക്കെതിരായ അയോഗ്യതാ നോട്ടീസുകളിൽ രാജസ്ഥാൻ ഹൈ്കോടതി നടപടി തടഞ്ഞിരിക്കുകയാണ്. ഇതിനെതിരെ സ്പീക്കർ സി പി ജോഷി സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. നിയമസഭയിൽ വിശ്വാസവോട്ട് നേടാൻ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസം ഗെലോട്ട് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഗെലോട്ട് ക്യാമ്പിൽ കടുത്ത ആശങ്കയുണ്ട്.

ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും എംഎൽഎമാർക്കിട്ടിരുന്ന വില കൂട്ടിയിട്ടുണ്ടെന്നും അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നേരത്തെ 10, 15, 25 കോടി രൂപയൊക്കെ എംഎൽഎമാർക്ക് ബിജെപി ഓഫർ ചെയ്തിരുന്നു എന്നും ഇപ്പോൾ നിയമസഭ സമ്മേളനം വിളിച്ചപ്പോൾ ഇത് അൺലിമിറ്റഡ് ആണ് എന്ന് ഗെലോട്ട് പറഞ്ഞിരുന്നു. ഗെലോട്ടും ജയ്സാൽമിറിലേയ്ക്ക് പോയിട്ടുണ്ട്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് രാജി വയ്ക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടു. സഞ്ജീവനി സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് ഷെഖാവത്തിന്റെ രാജി ഗെലോട്ട് ആവശ്യപ്പെട്ടത്. കുതിരക്കച്ചവടം സംബന്ധിച്ച് അന്വേഷിച്ച രാജസ്ഥാൻ പൊലീസ്, ഷെഖാവത്തിന്റെ പങ്ക് വ്യക്തമായി കണ്ടെത്തിയിട്ടുണ്ടെന്ന് ഗെലോട്ട് വിഭാഗം പറയുന്നു.

102 എംഎൽഎമാരുടെ പിന്തുണ ഗെലോട്ട് വിഭാഗവും 30 എംഎൽഎമാരുടെ പിന്തുണ സച്ചിൻ പൈലറ്റ് വിഭാഗവും അവകാശപ്പെടുന്നു. സച്ചിൻ പൈലറ്റിനൊപ്പം 18 എംഎൽഎമാരുള്ളതായാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. പൈലറ്റ് അടക്കമുള്ള 19 എംഎൽഎമാർ അയോഗ്യരാക്കപ്പെടാതെ കോൺഗ്രസ് എംഎൽഎമാരായി സഭയിലെത്തുകയും വിശ്വാസവോട്ട് നടത്തുകയും ചെയ്താൽ അത് സർക്കാരിന് തലവേദനയാകും. വിപ്പ് ലംഘിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്താൽ വിമത എംഎൽഎമാർ അയോഗ്യരാക്കപ്പെടുമെങ്കിലും ഇവരുടെ വോട്ട് കണക്കാക്കുകയും 101ൽ കുറവാണ് ഗെലോട്ടിന് ലഭിക്കുന്ന പിന്തുണയങ്കിൽ സർക്കാർ വീഴുകയും ചെയ്യു. 200 രാജസ്ഥാൻ നിയമസഭയിൽ 101 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ വർഷം ബിഎസ്പി പാർലമെന്ററി പാർട്ടിയെ ഒന്നാകെ കോൺഗ്രസ്സിൽ ലയിപ്പിച്ച ആറ് എംഎൽഎമാർക്കെതിരെയ ബി എസ് പി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്പീക്കർക്കെതിരെ ബിജെപിയും ഹൈക്കോടതിയിലുണ്ട്. സ്പീക്കർക്കും ആറ് എംഎൽഎമാർക്കും ഹൈക്കോടതി നോട്ടീസ് നൽകുകയും ചെയ്തിരുന്നു.


Next Story

Related Stories