TopTop
Begin typing your search above and press return to search.

EXPLAINER: ജെഎൻയു കത്തുന്നത് എന്തുകൊണ്ട്? എന്താണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്?

EXPLAINER: ജെഎൻയു കത്തുന്നത് എന്തുകൊണ്ട്? എന്താണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്?

Rabbits before Lawyers, tigers before JNU എന്നാണ് ഇന്ന് ദ ടെലിഗ്രാഫ് പത്രത്തിന്റെ ലീഡ് വാര്‍ത്ത. അഭിഭാഷകരുടെ മുമ്പില്‍ മുയലുകള്‍, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ കടുവകള്‍. ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ അഭിഭാഷകര്‍ ഡല്‍ഹി പൊലീസുകാരെ വളഞ്ഞിട്ട് തല്ലിയിരുന്നു. അവിടെ കാണാത്ത 'ഉശിര്' സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് കാണിക്കുന്നത് പരിഹാസ്യമാണ് എന്നാണ് ഈ തലക്കെട്ട് ചൂണ്ടിക്കാട്ടുന്നത്. അതേസമയം കേവലമൊരു പൊലീസ് നടപടിയല്ല ഇവിടെ പ്രശ്‌നം. മറിച്ച് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ 2014 മുതല്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നയത്തിൻ്റേയും പൊതുസമീപനത്തിൻ്റേയും പ്രശ്നമാണ് ഇത് എന്ന് വിലയിരുത്തപ്പെടുന്നു. ജെഎൻയു അഡ്മിനിസ്ട്രേഷനും ആവശ്യങ്ങൾ അവഗണിക്കുന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും എതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥി സംഘടനകളും സമര രംഗത്തുണ്ട്.

ജെഎൻയു വിദ്യാർത്ഥികളുടെ പാർലമെൻ്റ് മാർച്ചിൽ ഇന്നലെ നടന്നത്

ഫീസ് വര്‍ദ്ധന അടക്കമുള്ള പ്രശ്‌നങ്ങളില്‍ മൂന്നാഴ്ചയോളമായി തുടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിനെതിരെ പ്രതിഷേധവുമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളും അധ്യാപകരും പൊലീസിന്റെ ലാത്തിക്കും ബൂട്ടിനും ഇരയായി. വൈകുന്നേരം വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകവേ പോലും പൊലീസ് പിന്തുടര്‍ന്ന് മര്‍ദ്ദിച്ചതായി പരാതിയുണ്ട്. മാധ്യമപ്രവര്‍ത്തകരേയും സിആര്‍പിഎഫുകാര്‍ മര്‍ദ്ദിച്ചു. പീപ്പിൾസ് ഡിസ്പാച്ച് ന്യൂസ് വെബ് സൈറ്റിൻ്റെ റിപ്പോർട്ടറായ വി അരുൺ കുമാറിനെ സിആർപിഎഫുകാർ മർദ്ദിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളടക്കം അമ്പതോളം വിദ്യാര്‍ത്ഥികളെയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് കൊണ്ടുപോയി. പൊലീസും സിആര്‍പിഎഫും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത് വലിയ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയയ്ക്കുകയും വിദ്യാര്‍ത്ഥികളുടെ പ്രതിനിധി സംഘം എച്ച്ആര്‍ഡി മന്ത്രാലയത്തിലേയ്ക്ക് പോകാന്‍ ഒരുങ്ങുകയും ചെയ്ത സമയം സ്ട്രീറ്റ് ലൈറ്റുകള്‍ ഓഫാക്കിയ പൊലീസ് നടപടിക്കെതിരെയും പ്രതിഷേധമുയര്‍ന്നു.

എന്താണ് ജെഎൻയുവിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് കാരണം? ഹോസ്റ്റല്‍ മാന്വലിനെതിരായ പ്രതിഷേധത്തിന് കാരണമെന്ത്?

ഹോസ്റ്റൽ ഫീ കുത്തനെ കൂട്ടിയതിനും ഹോസ്റ്റൽ സംവരണ ചട്ടങ്ങൾ അട്ടിമറിക്കുന്നതിനും എതിരെയാണ് നിലവിലെ സമരമെങ്കിലും യഥാർത്ഥത്തിൽ ജെഎൻയുവിൻ്റെ സ്വതന്ത്ര സ്വഭാവവും ബഹുസ്വര സംസ്കാരവും സംരക്ഷിക്കാൻ കൂടിയുള്ള സമരമാണിത് എന്ന് വിദ്യാർത്ഥികൾ പറയുന്നു. വൈസ് ചാൻസിലറായി ജഗദീഷ് കുമാറിനെ മോദി സർക്കാർ നിയമിച്ചത് മുതൽ വിദ്യാർത്ഥികളും സർക്കാരും തമ്മിൽ നിരന്തര സംഘർഷത്തിലാണ്.

ഫീസ് ഇരട്ടിയോളമാക്കി ഉയര്‍ത്തിയത്, ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത്, ഹോസ്റ്റലിലെ സമയ നിയന്ത്രണങ്ങള്‍ തുടങ്ങിയവയെല്ലാമാണ് പ്രതിഷേധത്തിന് കാരണം. ഒക്ടോബർ 28നാണ് ഇൻ്റർഹാൾ അഡ്മിനിസ്ട്രേഷൻ കമ്മിറ്റി പുതിയ ഹോസ്റ്റല്‍ മാന്വല്‍ അംഗീകരിച്ചത്. ഒരു വർഷം നിലവിൽ നൽകേണ്ടത് 28,000 മുതൽ 32,000 രൂപ വരെയാണ്. ഇത് പുതിയ മാന്വൽ പ്രകാരം 58000 മുതൽ 61,000 വരെയാകും. 2000-2300 ആയ പ്രതിമാസ വാടക 6000 വരെയാകും. 5500 രൂപയുണ്ടായിരുന്ന മെസ് സെക്യൂരിറ്റി 12000 മായി ഉയർത്തി. ഒരാളുള്ള മുറിക്ക് 20 രൂപയിൽ നിന്ന് 600 രൂപയാക്കി വാടക ഉയർത്തി. രണ്ട് പേരുള്ള റൂമിന് 10 രൂപയിൽ നിന്ന് 300 രൂപയും.1700 രൂപ സർവീസ് ചാർജ്ജ് ഈടാക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികളോടും അധ്യാപകരോടും ആലോചിക്കാതെയുള്ള ഈ നടപടി അംഗീകരിക്കില്ല എന്ന് വിദ്യാർത്ഥികൾ പറയുന്നു. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം അപ്രാപ്യമാക്കുന്ന നീക്കങ്ങളാണ് വി സി ജഗദീഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടക്കുന്നത് എന്ന് വിദ്യാർത്ഥികൾ പറയുന്നു.

വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രം ഫീസ് ഇളവ് നല്‍കാം എന്ന് ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എന്നാൽ ദാരിദ്ര്യരേഖ നിർണയിക്കുന്ന മാനദണ്ഡങ്ങളെ തന്നെ വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നു. ഡ്രസ് കോഡും ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ സമയനിയന്ത്രണ തീരുമാനങ്ങളും പിന്‍വലിച്ചു. അതേസമയം സ്‌കോളര്‍ഷിപ്പുള്ള ബിപിഎല്‍ വിദ്യാര്‍ത്ഥികളും ബിപിഎല്‍ ഇതര വിദ്യാര്‍ത്ഥികളും വര്‍ദ്ധിപ്പിച്ച ഫീസ് നല്‍കണമെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ നിലപാട്. ഇത് കുറക്കാനാവില്ല എന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇത് വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കുന്നില്ല. രാത്രി 11.30നകം ഹോസ്റ്റലിലെത്തിയിരിക്കണം, ഡൈനിംഗ് ഹാളിലടക്കം അഡ്മിനിസ്ട്രേഷൻ മാന്യമെന്ന് നിർവചിച്ചിട്ടുള്ള വസ്ത്രങ്ങളേ ധരിക്കാൻ പാടൂ തുടങ്ങിയ വിവാദ നിർദ്ദേശങ്ങളുമുണ്ട്.

പുതിയ ഫീസ് നിരക്കുകൾ നിലവിൽ വന്നാൽ ജെഎൻയു രാജ്യത്തെ ഏറ്റവും ചിലവേറിയ സർവകലാശാലയായി മാറും. അലഹബാദ് യൂണിവേഴ്‌സിറ്റി, വിശ്വഭാരതി, ജാമിയ മിലിയ ഇസ്ലാമിയ തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളിലെയെല്ലാം ഫീസ് കുറഞ്ഞ തുകയാണ്. നിലവില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ മാത്രമാണ് 55000ല്‍ പരം വാര്‍ഷിക ഫീസ് ഭക്ഷണത്തിനും താമസത്തിനുമടക്കം ഈടാക്കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ 40,000നും 55,000നും ഇടയില്‍ വാര്‍ഷിക ചിലവ് വരുന്നുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം വിദ്യാർത്ഥികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് എന്ന വസ്തുത നിലനില്‍ക്കെയാണിത്.

കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം, വിദ്യാർത്ഥികളുടെ നിലപാട്

വിദ്യാര്‍ത്ഥി പ്രക്ഷോഭം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുന്‍ യുജിസി ചെയര്‍മാന്‍ വി എസ് ചൗഹാന്‍, നിലവിലെ കമ്മീഷന്‍ സെക്രട്ടറി രജനീഷ് ജെയിന്‍, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ അനില്‍ സഹസ്രബുദ്ധെ തുടങ്ങിയവര്‍ കമ്മിറ്റിയിലുണ്ട്. എംഎച്ച്ആര്‍ഡി (മിനിസ്ട്രി ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ്) ജോയിന്റ് സെക്രട്ടറി ഗിരീഷ് ഹോസൂറുമായി സംസാരിച്ച ശേഷം യൂണിയന്‍ നേതാക്കള്‍ പറഞ്ഞത് എംഎച്ച്ആര്‍ഡി കമ്മിറ്റി ജെഎന്‍യു അഡ്മിനിലസ്‌ട്രേഷനുമായി സംസാരിക്കുമെന്നാണ്. കമ്മിറ്റിക്ക് മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കും. എന്നാല്‍ ക്ലാസുകൾ ബഹിഷ്കരിച്ചുള്ള സമരം തുടരുമെന്നും യൂണിയന്‍ വൈസ് പ്രസിഡന്റ് സാകേത് മൂണ്‍ പറഞ്ഞു. പുതിയ ഹോസ്റ്റല്‍ മാന്വല്‍ നിയമവിരുദ്ധമാണ്. അത് പിന്‍വലിക്കണം. സ്റ്റുഡന്റ്‌സ് യൂണിയനും ടീച്ചേഴ്‌സ് യൂണിയനും പങ്കാളിത്തമുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരിക്കണം ഹോസ്റ്റല്‍ മാന്വല്‍ തയ്യാറാക്കേണ്ടത്. വി സി ജഗദീഷ് കുമാര്‍ രാജി വയ്ക്കണം എന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

2014 മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഭവിക്കുന്നത്

രോഹിത് വെമുലയും ഫാത്തിമ ലത്തീഫും അടക്കം നിരവധി വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത്. ഈ വർഷം മാത്രം ഐഐടി മദ്രാസിൽ ഫാത്തിമയടക്കം നാല് വിദ്യാർത്ഥികളും ഒരു അധ്യാപകനും ആത്മഹത്യ ചെയ്തിരുന്നു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ 2016 ജനുവരിയിൽ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്നത്തെ മാനവ വിഭവ ശേഷി മന്ത്രാലയം യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട് എബിവിപിക്ക് അനുകൂലമായ തീരുമാനങ്ങളും നടപടികളും എടുപ്പിച്ചത് സംബന്ധിച്ച ആരോപണങ്ങൾ വലിയ വിവാദമായിരുന്നു. മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയും കേന്ദ്ര സഹ മന്ത്രിയായിരുന്ന ബന്ദാരു ദത്താത്രേയയും വി സി അപ്പാറാവുവിൽ ചെലുത്തിയ സമ്മർദ്ദം, രോഹിത് അടക്കമുള്ള അംബേദ്കർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല സ്വീകരിച്ച നടപടികളിൽ നിർണായകമായിരുന്നു.

ജെഎൻയുവിലും ഹൈദരാബാദ് സർവകലാശാലയിലും ജാദവ്പൂർ യൂണിവേഴ്സിറ്റിയും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലും മദ്രാസ് ഐഐടിയിലും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുമെല്ലാം നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങൾ, വിദ്യാഭ്യാസത്തിൻ്റെ കാവിവത്കരണ ശ്രമങ്ങളും സ്വതന്ത്ര ചിന്തകളേയും ബഹുസ്വരതയേയും നശിപ്പിക്കാനുള്ള ശ്രമങ്ങളുമാണ് എന്ന വിമർശനം ശക്തമാണ്. കേരളത്തിൽ കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥി അഖിലിനെതിരായ നടപടികളും അഖിലിൻ്റെ ആത്മഹത്യാശ്രമവും അധ്യാപകൻ പ്രസാദ് പന്ന്യനെതിരായ നടപടികളുമെല്ലാം ഈ കാവി രാഷ്ട്രീയവത്കരണങ്ങളുടെ ഭാഗമാണ് എന്ന ആരോപണം ഉയർന്നിരുന്നു.

കഴിഞ്ഞയാഴ്ച ജെഎന്‍യുവിലെത്തിയ കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കാമ്പസില്‍ കുടുങ്ങിയിരുന്നു. ഇതിനിടെ പൊഖ്രിയാലും യുജിസി സെക്രട്ടറിയും വിദ്യാര്‍ത്ഥികളെ കണ്ടെങ്കിലും വിദ്യാര്‍ത്ഥികളെ കണ്ട് സംസാരിക്കാന്‍ വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രവേശനത്തിലെ സംവരണ ചട്ടങ്ങൾ അട്ടിമറിക്കാൻ അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നതായി വിദ്യാർത്ഥികൾ പറയുന്നു. ഹോസ്റ്റൽ മാന്വൽ അടക്കമുള്ള നിയന്ത്രണങ്ങൾ യൂണിവേഴ്സിറ്റിയുടെ സ്വതന്ത്ര പ്രവർത്തനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.


Next Story

Related Stories