ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തിന് ജാമ്യം

ഐഎൻഎക്സ് മീഡിയ പണ തട്ടിപ്പ് കേസിൽ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത പണ തട്ടിപ്പ് കേസിൽ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ആര് ഭാനുമതിയുടേയും എ എസ് ബൊപ്പണ്ണയുടേയും ബഞ്ചാണ് ജാമ്യം അനുവദിച്ചത്. ചിദംബരം തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്ന് കോടതി പറഞ്ഞു. രാജ്യം വിട്ടുപോകരുത്. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുകയോ പൊതു പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുത്. നവംബർ 28ന് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു. 106 ദിവസത്തെ തടവിന് ശേഷമാണ് ചിദംബരം മോചിതനാകുന്നത്.
ചിദംബരം ജയിലിലുള്ളപ്പോൾ തന്നെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞ എൻഫോഴ്സ്മെൻ്റ്, ചിദംബരത്തിന് ജാമ്യം നൽകരുത് എന്ന് പറഞ്ഞിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് എൻഫോഴ്സ്മെൻ്റിന് വേണ്ടി ഹാജരായത്. ചിദംബരത്തിന് വേണ്ടി കപിൽ സിബലും അഭിഷേക് മനു സിംഗ് വിയും. ഐഎൻഎക്സ് മീഡിയയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അവസാനം 106 ദിവസത്തിന് ശേഷം എന്ന് പറഞ്ഞ് മകനും കേസിലെ പ്രതികളിലൊരാളുമായ കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.
Phew. At last after 106 days :)
— Karti P Chidambaram (@KartiPC) December 4, 2019
ആരോപണ സ്വഭാവത്തിലുള്ള നിരീക്ഷണങ്ങള്‍ ചിദംബരത്തിനെതിരെ കേസുമായി ബന്ധപ്പെട്ട് നടത്തിയതിന് ഡല്‍ഹി ഹൈക്കോടതിയെ സുപ്രീം കോടതി വിമര്‍ശിച്ചു. അതേസമയം കുറ്റകൃത്യത്തിന്റെ ഗൗരവത്തെക്കുറിച്ച് ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണത്തോട് സുപ്രീം കോടതി യോജിച്ചു.
അധികാരത്തിലുള്ളവര്‍ തന്നെ ഇത്തരം തട്ടിപ്പുകളുടെ ഭാഗമാകുമ്പോള്‍ ഇത്തരം പണ തട്ടിപ്പുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല ചെയ്യുന്നത് എന്നും വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത് എന്ന് എന്‍ഫോഴ്സ്മെന്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അതേസമയം ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയും തുഷാര്‍ മേത്തയുടെ വാദങ്ങളെ എതിര്‍ത്തു. ചിദംബരത്തെ ആരോപിക്കപ്പെടുന്ന പണ തട്ടിപ്പുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുമില്ലെന്ന് ഇരുവരും വാദിച്ചു.
ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 22ന് ഈ കേസില്‍ സുപ്രീം കോടതി ജാമ്യം നല്കി. എന്നാല്‍ പണ തട്ടിപ്പ് കേസില്‍ ഒക്ടോബര്‍ 16ന് ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡി തുടരുകയും ചെയ്തതിനാല്‍ ജയിലില്‍ തുടരേണ്ടി വന്നു. 2017 മേയ് 15നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2007ല്‍ പി ചിദംബരം കേന്ദ്ര ധന മന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയ്ക്ക് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡ് ചട്ടങ്ങള്‍ ലംഘിച്ച് നിയമവിരുദ്ധമായി 305 കോടി രൂപ നിക്ഷേപം സ്വീകരിക്കാന്‍ അനുവദിക്കാന്‍ ഇടപെടല്‍ നടത്തി എന്നാണ് ആരോപണം. പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരവും കേസില്‍ പ്രതിയായിരുന്നു.