TopTop
Begin typing your search above and press return to search.

കാര്‍ഷിക നിയമങ്ങളും കര്‍ഷക പ്രക്ഷോഭവും: സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കാര്‍ഷിക നിയമങ്ങളും കര്‍ഷക പ്രക്ഷോഭവും: സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പുതിയ കാര്‍ഷിക നിയമങ്ങളും കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാര്‍ച്ച് 19ന് റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചതായി കമ്മിറ്റി അംഗമായ അനില്‍ ഗന്‍വതിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, റിപ്പോര്‍ട്ട് സംബന്ധിച്ച മറ്റു വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു അനില്‍ ഗന്‍വതിന്റെ പ്രതികരണം.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കര്‍ഷകരുടെ പരാതികള്‍ അറിയുന്നതിന്റെ ഭാഗമായി 85ഓളം കര്‍ഷക സംഘടനകളുമായി സമിതി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാന ദിനപത്രങ്ങളില്‍ നോട്ടീസ് പരസ്യപ്പെടുത്തിക്കൊണ്ട് പൊതുജനങ്ങളുടെ പ്രതികരണം, കാഴ്ചപ്പാടുകള്‍, നിര്‍ദേശങ്ങള്‍ എന്നിവയും സമിതി തേടിയിരുന്നു. കര്‍ഷകരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചുകൊണ്ട് ജനുവരി 11നാണ് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് കോടതിയെ അറിയിക്കുന്നതിനാണ് സമിതി രൂപവത്കരിച്ചത്. അനില്‍ ഗന്‍വതിനൊപ്പം അശോക് ഗുലാത്തി, പ്രമോദ് ജോഷി എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതി അംഗമായി നിയോഗിച്ചിരുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഭുപീന്ദര്‍ സിംഗ് മന്‍ രാജിവെച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച സമിതി അംഗങ്ങള്‍ നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടതിനു പിന്നാലെയായിരുന്നു ഭുപീന്ദറിന്റെ രാജി.

അതേസമയം, മറ്റു സമിതി അംഗങ്ങളും നിയമത്തെ അനുകൂലിക്കുന്നവരാണെന്നും അവരെ മാറ്റാതെ സഹകരിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കര്‍ഷക സംഘടനകളുടെ വാദം കോടതി അംഗീകരിച്ചില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് കോടതിയെ അറിയിക്കുന്നതിനാണ് സമിതി രൂപവത്കരിച്ചത്. ഏതെങ്കിലും കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അവര്‍ക്ക് അധികാരമില്ല. പിന്നെ എവിടെയാണ് പക്ഷപാതം പ്രശ്നമാകുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ചോദിച്ചത്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഒരാള്‍ നടത്തിയ അഭിപ്രായ പ്രകടനം സമിതി അംഗമാകുന്നതിനുള്ള അയോഗ്യതയല്ല. അതിന്റെ പേരില്‍ ആളുകളെ ബ്രാന്‍ഡ് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കാനാവില്ല. സമിതി മുമ്പാകെ പോകാന്‍ താല്‍പര്യമില്ലെങ്കില്‍ നിങ്ങളെ ആരും നിര്‍ബന്ധിക്കില്ല. പക്ഷേ, നിങ്ങള്‍ക്ക് ഇത്തരത്തില്‍ ആളുകളെയോ കോടതിയേയോ അപകീര്‍ത്തിപ്പെടുത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.


Next Story

Related Stories