TopTop
Begin typing your search above and press return to search.

ഐഎസ്ആര്‍ഒ ചാരക്കേസ്; ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി സിബിഐയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി

ഐഎസ്ആര്‍ഒ ചാരക്കേസ്; ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി സിബിഐയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി

1994ലെ ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച ജസ്റ്റിസ് ഡി.കെ ജയിന്‍ അധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതി അംഗീകരിച്ചു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതി അംഗീകരിച്ചത്. തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസില്‍ കേരള പൊലീസ് ഗുഢാലോചന നടത്തിയോ എന്ന കാര്യത്തിലാണ് സിബിഐ തുടര്‍ അന്വേഷണം നടത്തുക.

ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമിതി റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സിബിഐയ്ക്ക് കൈമാറണമെന്നാണ് കേന്ദ്ര സര്‍ക്കാരിനുള്ള നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കാനും സിബിഐയ്ക്ക് സ്വാതന്ത്ര്യമുണ്ട്, റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന പരിഗണിക്കില്ല, റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താനാവില്ല, റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മൂന്ന് മാസത്തിനകം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം, റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായുള്ള നമ്പി നാരായണന്റെ അഭിഭാഷകന്റെ അപേക്ഷയും പരിഗണിക്കില്ല എന്നിങ്ങനെ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ അനധികൃത അറസ്റ്റ്, പീഡനം, അവഹേളനം അവയില്‍ പൊലീസിന്റെ പങ്ക് ഉള്‍പ്പെടെയാണ് ജസ്റ്റിസ് ഡി.കെ ജയിന്‍ അധ്യക്ഷനായ ഉന്നതതല സമിതി അന്വേഷിച്ചത്. രണ്ടര വര്‍ഷത്തോളം എടുത്താണ് സമിതി അന്വേഷണം പൂര്‍ത്തിയാക്കിയത്.

ചാരക്കേസില്‍ സുപ്രീം കോടതി 2018ല്‍ നമ്പി നാരായണന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കേസില്‍ മുന്‍ ശാസ്ത്രജ്ഞനെ അനാവശ്യമായി അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും മാനസിക ക്രൂരതയ്ക്ക് വിധേയരാക്കുകയും ചെയ്തുവെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്ന നിരീക്ഷണത്തിലാണ് ജസ്റ്റിസ് ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മുന്‍ അഡീഷണല്‍ സെക്രട്ടറി ബി.കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ എന്നിവരായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍. കഴിഞ്ഞ ഡിസംബര്‍ 14, 15 തീയതികളില്‍ സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗവും സമിതി വിശദമായി കേട്ടിരുന്നു.

കേരള പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ചാരവൃത്തി ആരോപണത്തിലാണ് നമ്പി നാരായണനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ പാകിസ്താന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ക്ക് കൈമാറിയെന്നായിരുന്നു ആരോപണം. അത് നമ്പി നാരായണന്‍, ഡി ശശികുമാര്‍, കെ ചന്ദ്രശേഖര്‍ എന്നീ ശാസ്ത്രജ്ഞരുടെ അറസ്റ്റിനും കാരണമായി.


Next Story

Related Stories