TopTop
Begin typing your search above and press return to search.

ആരോപണങ്ങള്‍ ഗൗരവമേറിയത്; അനില്‍ ദേശ്മുഖിനെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ആരോപണങ്ങള്‍ ഗൗരവമേറിയത്; അനില്‍ ദേശ്മുഖിനെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. ആരോപണങ്ങള്‍ അത്യന്തം ഗൗരവമേറിയതാണ്. അതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണ്. ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സിബിഐ അന്വേഷണത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും നല്‍കിയ ഹര്‍ജികള്‍ തള്ളി.

അനില്‍ ദേശ്മുഖിനെതിരെ മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഉന്നയിച്ച ആരോപണങ്ങളില്‍ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താന്‍ ബോംബെ ഹൈക്കോടതിയാണ് സിബിഐയോട് നിര്‍ദേശിച്ചത്. അതിനുശേഷം ആവശ്യമെങ്കില്‍ തുടര്‍ അന്വേഷണം ആകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും സുപ്രീം കോടതിയെ സമീപിച്ചത്. അനില്‍ ദേശ്മുഖിന്റെ വാദം കേള്‍ക്കാതെ സിബിഐ അന്വേഷണം പാടില്ലെന്നാണ് ഇരുകൂട്ടരും വാദിച്ചത്. എന്നാല്‍ വാദം കോടതി അംഗീകരിച്ചില്ല. ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് എതിരെയാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആരോപണം ഉന്നയിച്ചത്. അതിന്റെ സത്യാവസ്ഥ അറിയാന്‍ നിഷ്പക്ഷ അന്വേഷണം ആവശ്യമാണ്. ഇപ്പോള്‍ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. അതിനെ തടയേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും പൊലീസ് നടപടികളില്‍ അന്യായമായി ഇടപെട്ടെന്നുമായിരുന്നു അംബാനി കേസിനെത്തുടര്‍ന്ന് പുറത്താക്കിയ പരംബീര്‍ സിംഗിന്റെ ആരോപണങ്ങള്‍. ആരോപണങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് പരംബീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചതിനു പിന്നാലെ അനില്‍ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

മുകേഷ് അംബാനി കേസില്‍ പുറത്താക്കിയ സച്ചിന്‍ വസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നാണ് പരംബീറിന്റെ ആരോപണം. റസ്റ്റോറന്റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവയില്‍ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നല്‍കാന്‍ മന്ത്രി സച്ചിന്‍ വസെയോട് ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടു. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് കേസില്‍ ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു. അംബാനി കേസില്‍ പരംബീറിനെ മുംബൈ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനു ശേഷമായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍, ആരോപണങ്ങള്‍ അനില്‍ ദേശ്മുഖ് നിഷേധിച്ചിരുന്നു. പരംബീര്‍ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏകാംഗ കമ്മീഷനെയും നിയോഗിച്ചിരുന്നു.


Next Story

Related Stories