TopTop
Begin typing your search above and press return to search.

വിശ്വാസ വോട്ട് ഉടന്‍ വേണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല, ഗവര്‍ണറുടെ തീരുമാനം കോടതി പരിശോധിക്കും, കേസ് നാളെ പരിഗണിക്കും

വിശ്വാസ വോട്ട് ഉടന്‍ വേണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല, ഗവര്‍ണറുടെ തീരുമാനം കോടതി പരിശോധിക്കും, കേസ് നാളെ പരിഗണിക്കും

മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് സര്‍ക്കാരിനോട് ഉടന്‍ വിശ്വാസ വോട്ട് തേടാന്‍ നിര്‍ദ്ദേശിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. കേസ് നാളെ പരിഗണിക്കാന്‍ മാറ്റി. എന്നാല്‍ ഫ്ഡ്‌നാവിസിനെ മന്ത്രിസഭ രൂപികരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി പരിശോധിക്കാന്‍ കോടതി തീരുമാനിച്ചു. മന്ത്രിസഭ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നൽകിയ കത്തുകൾ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതിന് ശേഷമാവും ഗവർണറുടെ നടപടി സംബന്ധിച്ച കോടതി ഇടപെടുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാവുക.

" മുന്നിലുള്ള വിഷയം 23-11-2019 ന് സർക്കാർ രൂപികരിക്കാൻ ക്ഷണിച്ച തീരുമാനം ഭരണഘടന വിരുദ്ധമാണോ എന്നതാണ്. ഇത് പരിശോധിക്കാൻ ഗവർണർക്ക് മുന്നിൽ ഹാജരാക്കിയ രണ്ട് കത്തുകൾ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത നാളെ രാവിലെ 10.30 ന് മുമ്പ് ഹാജരാക്കണം' എന്നതായിരുന്നു കോടതിയുടെ ഉത്തരവ്.

മന്ത്രിസഭ രൂപികരണത്തിന് അവകാശവാദമുന്നയിച്ച് ഫഡ്‌നാവിസും അജിത് പവാറും നല്‍കിയ നല്‍കിയ കത്തുകൾ ഹാജരാക്കാനാണ്കോടതി ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാറിനുൾപ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു. ഗവര്‍ണറുടെ ഉത്തരവ് സംബന്ധിച്ച് പരിശോധന നടത്താന്‍ കോടതി തീരുമാനിക്കുകയാണെങ്കിൽ കേസ് നീണ്ടുപോയേക്കാനുള്ള സാധ്യതയുമുണ്ട്. അതിനിടെ വിശ്വാസവോട്ട് തേടാൻ ഉത്തരവിടുമോ എന്നകാര്യത്തിലും നാളെ വ്യക്തത വരുമെന്നാണ് സൂചന. വിശ്വാസ വോട്ട് ഉടന്‍ തേടണമെന്ന ആവശ്യമാണ് പ്രതിപക്ഷത്തിന വേണ്ടി ഹാജരായവര്‍ ഉന്നയിച്ചത്. എന്നാൽ ഇത് കോടതി ഉടന്‍ പരിഗണിക്കാന്‍ തയ്യാറായില്ല. വിശ്വാസ വോട്ട് എപ്പോൾ നടത്തണമെന്ന കാര്യം സ്പീക്കറുടെ വിവേചനാധികാരം ആണെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ മുകുൾ റത്തോഗി പറഞ്ഞു. കത്തുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ നടപടിയും കോടതിയുടെ കോടതി പരിഗണിച്ചേക്കും. ഗവര്‍ണറുടെ നടപടി അദ്ദേഹത്തിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ മുകുള്‍ രത്തോഗി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റീസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റീസുമാരായ അശോക് ഭൂഷന്‍, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിഭാഷകരായി കോണ്‍ഗ്രസ് നേതാക്കളായ മനു അഭിഷേക് സിംങ്വി, കപില്‍ സിബല്‍ എന്നിവരാണ് ഹാജരായത്. പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിസഭ വിളിച്ചു ചേര്‍ക്കാതെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ശിവസേന യ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. മന്ത്രിസഭയുടെ ശുപാര്‍ശയില്ലാതെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് ഭരണഘടന വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതത്തിന് വേണ്ടി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് കോടതിയുടെ വിഷയമല്ലെന്ന് ജസ്റ്റീസ് രമണ പറഞ്ഞു. വിശ്വാസ വോട്ട് ഇന്ന് തന്നെ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. മന്ത്രിസഭ രൂപീകരിക്കാന്‍ ഫഡ്‌നാവിസിനെ ക്ഷണിച്ച നടപടി ഭരണ ഘടന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ആവശ്യങ്ങളാണ് സുപ്രീം കോടതി മുമ്പാകെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ഉന്നയിച്ചിരുന്നത്. ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ അനുവദിച്ച ഗവര്‍ണര്‍ ഭഗ്ത്സിംങ് ഷോഷിയാരിയുടെ നടപടി റദ്ദാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇതിന് പുറമെ ഫഡനാവിസിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഈ മാസം 30 വരെ സമയം നല്‍കിയ ഗവര്‍ണറുടെ നടപടി വെട്ടിക്കുറച്ച് 24 മണിക്കുറാക്കണം. ഒരാഴ്ചയോളം സമയം വിശ്വാസ വോട്ട് തേടാന്‍ നല്‍കിയതിലൂടെ ഗവര്‍ണര്‍ കുതിരക്കച്ചവടത്തിനുള്ള അവസരമാണ് നല്‍കുന്നതെന്നാണ് ഹര്‍ജിക്കാരുടെ വാദം. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ സമാനമായ സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. ഇന്നലെ രാവിലെയാണ് അപ്രതീക്ഷിത നീക്കത്തിലുടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയതത്. എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപികരിച്ചത്. എന്നാല്‍ ഇന്നലെ വൈകീട്ട് ശരത് പവാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബഹുഭൂരിപക്ഷം എന്‍സിപി എംഎല്‍എമാരും പങ്കെടുത്തതോടെ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പ് നേടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം ശക്തമായത്.


Next Story

Related Stories