TopTop
Begin typing your search above and press return to search.

'യു പി എസ് സി ജിഹാദ്': സുദർശൻ ടിവി പരിപാടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ; സുരേഷ് ചാവ്ഹങ്കെ രാജ്യത്തിന് ദ്രോഹം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് ജ. ചന്ദ്രചൂഢ്

യു പി എസ് സി ജിഹാദ്: സുദർശൻ ടിവി പരിപാടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ; സുരേഷ് ചാവ്ഹങ്കെ രാജ്യത്തിന് ദ്രോഹം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് ജ. ചന്ദ്രചൂഢ്

സിവിൽ സർവീസിലേക്ക് മുസ്‌ലിങ്ങള്‍ കൂടുതലായി എത്തുന്നത് യുപിഎസ്സി ജിഹാദ് ആണെന്ന് ആരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംപ്രേക്ഷണം ചെയ്യുന്നത് സുപ്രീം കോടതി വിലക്കി.

യു പി എസ് സിയിൽ മുസ്ലീങ്ങൾ നുഴഞ്ഞുകയറുന്നു എന്ന വർഗീയ വിദ്വേഷ പരാമർശമടങ്ങിയ ആർഎസ്എസ് അനുകൂല ചാനൽ സുദർശൻ ടിവിയുടെ പരിപാടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിന്മേൽ സുപ്രീംകോടതിയുടെ രൂക്ഷ പരാമർശങ്ങളാണ് നടത്തിയത്. "ഈ പരിപാടിക്ക് ഗൂഢോദ്ദേശ്യമുണ്ട്. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെക്കുന്നതാണിത്. പൊതുപരീക്ഷയാണ് അവരും എഴുതുന്നത്. പൊതുവായിത്തന്നെയാണ് അഭിമുഖവും. യുപിഎസ്സി പരീക്ഷകളുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നുണ്ട് ഈ പരിപാടി. എങ്ങനെയാണ് ഈ പ്രശ്നത്തെ നമ്മൾ കൈകാര്യം ചെയ്യേണ്ടത്. ഇതിനോട് സഹിഷ്ണുത പുലർത്താൻ കഴിയുമോ," കേസ് പരിഗണിച്ച ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

സിവിൽ സർവീസ് പരീക്ഷകളെഴുതുന്ന ഒരു സമുദായത്തിലെ ഉദ്യോഗാർഥികളെയൊന്നാകെ ലക്ഷ്യം വെക്കുകയാണ് സുദർശൻ ടിവിയുടെ പരിപാടിയെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി.

സുദർശൻ ടിവിയുടെ ചീഫ് എഡിറ്റർ സുരേഷ് ചാവ്ഹങ്കെ അവതാരകനായ പരിപാടി സംപ്രേഷണം ചെയ്യുന്നതിനെതിരെ സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കുമ്പോഴാണ് ചന്ദ്രചൂഢ് ഈ പരാമർശങ്ങൾ നടത്തിയത്. സുദർശൻ ടിവിയിലൂടെ രാജ്യത്തിന് ദ്രോഹം ചെയ്തുകൊണ്ടിരിക്കുകയാണ് സുരേഷ് ചാവ്ഹങ്കെയെന്നും അയാളിൽ നിന്ന് അൽപം നിയന്ത്രണം പ്രതീക്ഷിക്കുന്നുണ്ടെന്ന് വാദം തുടങ്ങുമ്പോൾത്തന്നെ ചാവ്ഹങ്കെയുടെ വക്കീലിനോട് ചന്ദ്രചൂഢ് പറയുകയുണ്ടായി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുംവിധം ഇലക്ട്രോണിക് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും കോടതി വിശദീകരിക്കുകയുണ്ടായി. ആവശ്യമായ നിയന്ത്രണങ്ങൾ അവയ്ക്കുമേൽ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ഒരു സ്വാതന്ത്ര്യവും നിരുപാധികമല്ലെന്ന് കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇത് ശരിയാണെന്ന് ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു. ചന്ദ്രചൂഢിനെയും കെഎം ജോസഫിനെയും കൂടാതെ ഇന്ദു മൽഹോത്രയാണ് ബഞ്ചിലുണ്ടായിരുന്നത്.

അതെസമയം മാധ്യമങ്ങളെപ്രതി നിയമനിർമാണം നടത്തുന്നത് അപായകരമാകുമെന്ന നിലപാടാണ് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത എടുത്തത്. മറ്റ് പൗരന്മാർക്ക് ഉള്ള സ്വാതന്ത്ര്യം മാത്രമേ മാധ്യമ പ്രവർത്തകർക്കും ഉള്ളൂവെന്ന് ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. അമേരിക്കയിലേത് പോലെ മാധ്യമ പ്രവർത്തകർക്ക് പ്രത്യേക സ്വാതന്ത്ര്യം ഇവിടെ ഇല്ല. ചില ചാനലുകളിലെ ചർച്ചകളിൽ ആങ്കർമാർ ആണ് കൂടുതൽ സമയവും സംസാരിക്കുന്നത്. പാനലിസ്റ്റുകളെ സ്വതന്ത്രമായി സംസാരിക്കാൻ അനുവദിക്കാറില്ല. ചില അവസരങ്ങളിൽ പാനലിസ്റ്റുകളുടെ മൈക്ക് പകുതി ഓഫ് ചെയ്യുക ആണ്. ചർച്ചകളിൽ നിഷ്പക്ഷരായ മാധ്യമപ്രവർത്തകരെ ആണ് ആവശ്യമെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം അംഗീകരിച്ചും, ബഹുമാനിച്ചും മാത്രമേ ജസ്റ്റിസ് കെ എം ജോസഫ് മുന്നോട്ട് വച്ച ആശങ്ക പരിഹരിക്കാൻ കഴിയുകയുള്ളുവെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിലപാട്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ജനാധിപത്യസംവിധാനത്തിൽ ഒരു ദുരന്തമായി പരിണമിക്കും. പല വെബ് പോർട്ടലുകളുടെയും യഥാർത്ഥ ഉടമകൾ ആരാണ് എന്ന് പോലും വ്യക്തമല്ല. ഒരു സമാന്തര മാധ്യമം ഇവിടെ വളരുകയാണ്. ഒരു ലാപ് ടോപ്പും, നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ഒരു മധ്യപ്രവർത്തകന് ഈ സമാന്തര മാധ്യമ സംവിധാനത്തിലൂടെ വാർത്തകൾ ലക്ഷകണക്കിന് പേരിൽ എത്തിക്കാൻ കഴിയും. എന്നാൽ ഇത്തരം മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ ഇവിടെ സംവിധാനങ്ങൾ ഇല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

സുദർശൻ ടിവിയുടെ പരിപാടിയുടെ ടീസറിലാണ് മുസ്ലിം സമുദായാംഗങ്ങൾ യുപിഎസ്സിയിൽ നുഴഞ്ഞുകയറുന്നുവെന്ന പ്രസ്താവന ഉണ്ടായിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം രാജ്യത്തുയർന്നു. സുരേഷ് ചാവ്ഹാങ്കക്കെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് 1700 ലധികം പ്രമുഖ വ്യക്തികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംവിധായകരായ അനുരാഗ് കശ്യപ്, കബീർ ഖാൻ, വിക്രമാദിത്യ മോട്വാനേ, ബിജോയ് നമ്പ്യാർ അടക്കമുള്ളമുള്ള ചലച്ചിത്ര പ്രവർത്തകർ, മാധ്യമപ്രവർത്തകരായ സാഗരിക ഘോഷ്, പരൻജോയ് ഗുഹ തകൂർത്ത തുടങ്ങിയവരാണ് സുരേഷ് ചാവ്ഹാങ്കയ്ക്കെതിരെ എഫ്ഐആർ ഇടണമെന്ന് ആവശ്യപ്പെട്ടു.

"മുസ്ലീങ്ങൾ എങ്ങനെ ഐഎഎസ്സിലും ഐപിഎസ്സിലും നുഴഞ്ഞുകയറുന്നു, ഇതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ കോച്ചിംഗ് സെന്ററിൽ നിന്ന് പഠിച്ചിറങ്ങുന്നവർ ജാമിയ ജിഹാദികളാണ്. ഇത് യുപിഎസ്ഇ ജിഹാദ് ആണ്" എന്നായിരുന്നു ചാല്ഹങ്കെയുടെ പ്രസ്താവന. ഐപിഎഎസ് അസോസിയേഷനുകളും നിലവിൽ സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും സുരേഷ് ചാവ്ഹാങ്കയുടെ മതവിദ്വേഷ പരാമർശങ്ങൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തു വരികയുണ്ടായി.

Next Story

Related Stories