അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രിംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗം ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. രാവിലെ 10.30ന് രാജ്യം കാത്തിരിക്കുന്ന വിധി പ്രഖ്യാപിക്കുന്നാണ് കരുതുന്നത്. ഇന്ന് രണ്ടാം ശനിയാഴ്ച അവധിയായിട്ടും വിധി പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രം കോടതി ഒത്തുചേരുകയാണ്. ഇന്ന് മറ്റൊരു വിധത്തിലുമുള്ള കോടതി നടപടികളുമുണ്ടാകില്ല.
1992ല്‍ ബാബറി മസ്ജിദ് പൊളിച്ചതിന് ശേഷം തുടരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്. വിധി പ്രഖ്യാപന സാധ്യതകള്‍ വ്യക്തമാക്കി ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി ക്രമസമാധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ക്വാഡുകളെ ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 16ന് വിധിയുണ്ടാകുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ വൈകുന്നേരം വരെയും വിധി തീയതിയില്‍ കൃത്യത വന്നിരുന്നില്ല. നവംബര്‍ 17ന് ഗൊഗോയ് വിരമിക്കുന്ന ദിവസമാണ്. നവംബർ 15നകം വിധിയുണ്ടാകുമെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കോടതി വിധിയെന്നാണ് അടുത്ത ചീഫ് ജസ്റ്റിസ് ആകുന്ന എസ് എ ബോബ്ഡെ നാളത്തെ വിധിയെ വിശേഷിപ്പിച്ചത്.
അയോധ്യയാണോ ശബരിമലയാണോ വരുന്നതെന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ വിളിച്ചുവരുത്തി ഉത്തര്‍പ്രദേശിലെ സുരക്ഷാ ചര്‍ച്ച ചെയ്തതില്‍ നിന്നും അയാധ്യ വിധിയാണ് വരുന്നതെന്ന് വ്യക്തമാകുകയായിരുന്നു. നാല്‍പ്പത് ദിവസത്തെ വാദം കേള്‍ക്കലിന് ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്നതാണ് ഭരണഘടനാ ബെഞ്ച്.
1980ലാണ് അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി സംബന്ധിച്ച് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽപ്പെട്ടവർ തമ്മിലുള്ള ഭൂമി തര്‍ക്കത്തിന് രാഷ്ട്രീയ സ്വഭാവം കൈവന്നത്. 1992 ഡിസംബർ ആറിന് വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികൾ, 16-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ബാബറി മസ്ജിദ് പൊളിച്ചു. സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരായ കർസേവകരാണ് പള്ളി പൊളിച്ചത്. 'രാമജന്മ ഭൂമി'യിലെ ക്ഷേത്രം പൊളിച്ചാണ് മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ഈ മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അതിന് തെളിവില്ലെന്നാണ് മുസ്ലിം സംഘടനകളുടെ വാദം. തുടര്‍ന്നുണ്ടായ വർഗീയ കലാപങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തിലേറെ പേര് കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. പള്ളി പൊളിച്ച കേസിൽ എൽ കെ അദ്വാനി അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ പ്രതികളാണ്.
2010 സെപ്തംബറില്‍ അലഹബാദ് ഹൈക്കോടതി കേസിലെ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവര്‍ക്ക് അയോധ്യയിലെ 2.77 ഏക്കർ ഭൂമി തുല്യമായി മൂന്നായി പകുത്തു നല്‍കാമെന്ന് വിധിച്ചു. ഈ വിധിയില്‍ അതൃപ്തരായിരുന്ന മൂന്ന് കക്ഷികളും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. 14 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് 40 ദിവസത്തെ പ്രതിദിന വാദത്തിന് ശേഷമാണ് സുപ്രീം കോടതി വിധി പറയാനായി കേസ് മാറ്റിയത്.