TopTop
Begin typing your search above and press return to search.

6000 രൂപ സഹായം ഫലം കണ്ടില്ല; ഗ്രാമപ്രദേശങ്ങളിലെ ഗർഭിണികളായ സ്ത്രീകൾ ഗുരുതരമായ പോഷകാഹാരക്കുറവനുഭവിക്കുന്നുവെന്ന് പഠനം

6000 രൂപ സഹായം ഫലം കണ്ടില്ല; ഗ്രാമപ്രദേശങ്ങളിലെ ഗർഭിണികളായ സ്ത്രീകൾ ഗുരുതരമായ പോഷകാഹാരക്കുറവനുഭവിക്കുന്നുവെന്ന് പഠനം

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ പ്രസവാനന്തര ആരോഗ്യത്തെ സംബന്ധിച്ചു നടത്തിയ ഒരു സ്വതന്ത്ര സർവ്വേയുടെ കണ്ടെത്തൽ പ്രകാരം ഇന്ത്യൻ ഗ്രാമങ്ങളിലെ ഗർഭിണികളായ സ്ത്രീകളിൽ പകുതിയോളം പേർ ഗർഭിണിയായിരിക്കുന്ന കാലത്തോ പ്രസവനന്തരമോ ആവശ്യത്തിന് പോഷക സമ്പുഷ്ടമായ ആഹാരം കഴിയ്ക്കാത്തതിനാൽ, അവരുടെ ശരീരഭാരത്തിൽ വലിയ കുറവ് വരുന്നതായി കാണുന്നു. ആറ് സംസ്ഥാനങ്ങളിലെ ഗ്രാമീണപ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഒരു പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വസ്തുതതകൾ വെളിവാകുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞരായ രീതിക ഖേരെയും, ജീൻ ദ്രെസും അവരുടെ വിദ്യാർത്ഥികളും ചേർന്ന് നടത്തിയ ജെച്ച - ബച്ചാ (ജെ എ ബി എസ് ) എന്ന സ്വതന്ത്ര സർവേയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികൾക്കും, മുലയൂട്ടുന്ന സ്ത്രീകൾക്കു ലഭിക്കുന്ന ഭക്ഷണം, വിശ്രമം, ആരോഗ്യസംരക്ഷണ സാധ്യതകൾ തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി നടന്ന പഠനത്തിൽ ഗര്‍ഭിണികളായിരിക്കുമ്പോഴോ മുലയൂട്ടുമ്പോഴോ ഉള്ള സ്ത്രീകളുടെ ശരാശരി ശാരീരികഭാര വളർച്ച വെറും ഏഴു കിലോഗ്രാം മാത്രമാണെന്നാണ് കാണിക്കുന്നത്. ഉത്തർപ്രദേശിലെ ഗർഭിണികളായ സ്ത്രീകൾക്കിടയിലാണ് ശരീര ഭാരത്തിൽ ഏറ്റവും കുറവ് വർദ്ധനവ്. ശരാശരി നാല് കിലോ തൂക്കത്തിന്റെ വർദ്ധനവ് മാത്രമാണിവർക്കിടയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പഠനത്തിലുൾപ്പെട്ട സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രാദേശിലാണ് താരതമ്യേന മെച്ചപ്പെട്ട ആരോഗ്യ സ്ഥിതി സ്ത്രീകൾ പ്രകടിപ്പിക്കുന്നത്. ഇവിടെയാകട്ടെ ശരാശരി പതിനൊന്നു കിലോയോളം ശാരീരിക ഭാരം വർധിച്ചതായി കാണുന്നു. 342 ഗര്‍ഭിണികളയേയും പ്രസവാനന്തര ശുശ്രൂഷയിലിരിക്കുന്ന 364 സ്ത്രീകളെയും ഉൾപ്പെടുത്തിയുള്ളതായിരുന്നു ഈ പഠനം.

ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ്, ഒറീസ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിങ്ങനെ ആറു സംസ്ഥാങ്ങങ്ങളിൽ നടത്തിയ പഠനത്തിനിടയിൽ പൂർണഗര്‍ഭിണികളായിരിക്കുന്ന സ്ത്രീകൾ വരെ വെറും നാല്പതു കിലോ ശാരീരിക ഭാരമുള്ളവരാണെന്നാണ് കാണുന്നത്. ഗര്‍ഭിണികളായിരിക്കുന്ന സ്ത്രീകളെ സംബന്ധിച്ചു ഇത് വളരെ കുറഞ്ഞ ശാരീരികഭാരമാണ്. അതിനാൽ തന്നെ 50 ശതമാനത്തിലധികം സ്ത്രീകളും ശാരീരികാവശതകളുടെ ലക്ഷണങ്ങളായ കാല്പാദങ്ങളിലെ നീരോ കടുത്ത വിറയലോ അനുഭവിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ 49 ശതമാനം ഗർഭിണികൾക്കും, മുലയൂട്ടുന്നവരിൽ 39 ശതമാനം സ്ത്രീകൾക്കും ഗർഭിണിയായിരുന്ന കാലയളവിൽ ശാരീരിക ഭാരത്തിൽ വര്‍ദ്ധനവുണ്ടായോ ഇല്ലയോ എന്നതിനെകുറിച്ചു വലിയ ധാരണയില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾപ്രകാരം, ശാരീരിക ഭാരവും ഉയരവും അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന ബോഡി മാസ്സ് ഇൻഡക്സ് (ബി എം ഐ) കുറവാണെങ്കിൽ ഗര്‍ഭവതിയായിരിക്കുന്ന കാലയളവിൽ 13 മുതൽ 18 വരെ കിലോഗ്രാം വരെ ശരീര ഭാരം വർധിപ്പിക്കേണ്ടതായിട്ടുണ്ട്.കു ഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനുവേണ്ടി ഇത്രയും ശാരീരിക പുഷ്ടി അത്യാവശ്യമാണ്. ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ 2015 - 2016 വർഷത്തെ കണക്കുകൾപ്രകാരം ഇന്ത്യൻ ഗ്രാമങ്ങളിലെ 27 ശതമാനം സ്ത്രീകൾക്കും 18.5 kg/m മാത്രമാണ് ബോഡി മാസ്സ് ഇൻഡെക്സ്സ് രേഖപെടുത്തിയിട്ടുള്ളത്. 18.5kg/m ബോഡി മാസ്സ് ഇന്‍ഡക്സില്‍ കുറവുള്ള സ്ത്രീകളെ പോഷകാഹാരകുറവുള്ളവരായി കണക്കാക്കേണ്ടതുണ്ട്.

പഠനത്തിലുൾപ്പെട്ട സ്ത്രീകളിൽ 22 ശതമാനം മാത്രമേ ഗർഭസമയത്തു അധിക ഭക്ഷണം കഴിക്കുന്നവരായുള്ളൂ അവരിൽ തന്നെ 31 ശതമാനം മാത്രമേ പോഷകസമ്പുഷ്ടമായ പച്ചക്കറികളും മറ്റു പഴവര്‍ഗ്ഗങ്ങളും കഴിക്കുന്നുള്ളു. മുലയൂട്ടുന്ന അമ്മമാരിൽ അമ്പതു ശതമാനത്തിൽ താഴെ വരുന്നവർ മാത്രമാണ് മുട്ട, പാൽ, മത്സ്യം, മാംസം തുഴടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണസാധനങ്ങൾ കഴിക്കുന്നത്. ഉത്തർപ്രദേശിലെ കണക്കുകൾ പ്രകാരം ഇത് കേവലം 12 ശതമാനം മാത്രമാണ്. "ഈ സ്ത്രീകളുടെ ദൈനംദിന ഭക്ഷണചര്യകൾ സ്വതവേ ശുഷ്കവും ദരിദ്രവുമാണ്. ഗര്‍ഭവതിയായിരിക്കുന്ന കാലത്തു അവർക്കു കൂടുതൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നതിൽ അത്ഭുതമേതുമില്ല", പഠനത്തിന് നേതൃത്വം നൽകുന്ന അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്റിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറായ രീതിക ഖേര പറയുന്നു. "കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുന്ന ഈ സ്ത്രീകൾ പ്രസവിക്കുന്നതിന്റെ തലേ ദിവസം വരെ ദിവസവേതനത്തിനു ജോലിക്കു പോകുന്നവരാണ്, ഇനി പുറത്തു ജോലിക്കു പോയില്ലെങ്കിലും പ്രതിഫലമില്ലാത്ത ഭാരിച്ച വീട്ടു ജോലികൾ ചെയ്യേണ്ടിവരുന്നവരുമാണ്", ഖേര കൂട്ടി ചേർക്കുന്നു. ഗർഭിണികളായ സ്ത്രീകളിലെ പോഷകാഹാരക്കുറവിനു പ്രധാനകാരണം ദാരിദ്ര്യമാണെന്നിരിക്കെത്തന്നെ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുന്നത് കുട്ടികൾ അമിതമായി വളരുന്നത് തടയുമെന്നും അതിലൂടെ സുഖകരമായ പ്രസവം സാധ്യമാകുമെന്നുമുള്ള അന്ധവവിശ്വാസവും ഗർഭിണികൾ ഭക്ഷണം കഴിക്കാതിരിക്കുന്നതിനു കാരണമാണ്. പഠനം നടത്തിയ സംസ്ഥാനങ്ങൾക്കിടയിൽ തന്നെ ഗർഭിണികളുടെ ആരോഗ്യ നിലവാരത്തിൽ കാര്യമായ വ്യത്യാസങ്ങൾ കാണാം. മികച്ച ഭരണനിർവഹണ സാഹചര്യങ്ങൾ നിലവിലിരിക്കുന്ന ഹിമാചൽ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ഗർഭിണികളുടെ ആരോഗ്യനില താരതമ്യേന മെച്ചമാണ്. "പഠനത്തിലുൾപ്പെട്ട മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹിമാചൽ പ്രദേശിലെ ആരോഗ്യരംഗം വളരെ മികച്ചതാണ്. ഉയർന്ന സാക്ഷരതയുള്ള ഹിമാചപ്രദേശിലെ സ്ത്രീകൾക്കു തങ്ങൾക്കു ലഭിക്കേണ്ട അനുകൂല്യങ്ങളെയും അവകാശങ്ങളെയും കുറിച്ചു ബോധ്യമുള്ളതിനാൽ അവ നിഷേധിക്കപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്തുവാനും സാധിക്കുന്നു. ഇതുകൊണ്ടുകൂടിയാണ് അവിടുത്തെ ഗർഭിണികളായ സ്ത്രീകൾക്കിടയിൽ മെച്ചപ്പെട്ട ആരോഗ്യസ്ഥിതി നമുക്ക് കാണാനാവുന്നത്" , പഠനസംഘത്തിലെ അംഗവും ഹിമാചൽ പ്രദേശ് , ഉത്തർ പ്രദേശ് എന്ന രണ്ടു സംസ്ഥാനങ്ങളില്‍ പഠനം നടത്തുകയും ചെയ്ത അംബേദ്‌കർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ തനിഷ്‌ക് ഖരൻ ഛത്രി പറയുന്നു. ഇതിനോടപ്പം തന്നെ നിരക്ഷരരായ സ്ത്രീകൾക്ക് പോലും പ്രദേശത്തെ അംഗനവാടികൾ സർക്കാർ സംവിധാനങ്ങളെയും സേവനങ്ങളെയും കുറിച്ചു വിവരങ്ങൾ നൽകുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നതായാണ് പഠന റിപ്പോർട് ചൂണ്ടിക്കാണിക്കുന്നത്. പഠനത്തിലുൾപ്പെട്ടവരിൽ 50 ശതമാനം ഗർഭിണികളും പ്രസവിച്ചു കിടക്കുന്നവരിൽ 57 ശതമാനം സ്ത്രീകളും മാത്രമാണ് കേന്ദ്ര സർക്കാരിന്റെ ഗര്‍ഭിണികൾക്കുള്ള സാമ്പത്തിക സഹായത്തിനു അർഹരായവർ. ഇവരിൽ തന്നെ ഗർഭിണികളിൽ 8 ശതമാനം പേർക്കും പ്രസവിച്ചു കിടക്കുന്നവരിൽ 23 ശതമാനം പേർക്കും മാത്രമാണ് സാമ്പത്തിക സഹായം കൈപ്പറ്റാനായിട്ടുള്ളത്.

രാജ്യവ്യാപകമായി തന്നെ ആദ്യ ശിശുവിനെ ഗർഭം ധരിക്കുന്നവർ മാത്രമേ കേന്ദ്രസർക്കാരിന്റെ ധനസഹായത്തിന് അർഹരായി കണക്കാക്കപ്പെടുന്നുള്ളു. ഇതിനാൽ തന്നെ ഗർഭിണികളായ 55 ശതമാനം സ്ത്രീകളും പ്രസ്തുത ധനസഹായത്തിന്റെ പരിധിയിൽ പെടാത്തവരാണ്. ജാച്ച -ബച്ചാ പഠനഗ്രൂപ് വിവരാവകാശ നിയമത്തിലൂടെ സംഘടിപ്പിച്ച രേഖകൾ പ്രകാരം അര്‍ഹരായവരിൽ തന്നെ 22 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് 2018 -19 കാലയളവിൽ ധനസഹായം ലഭിച്ചത്. അവരിൽ തന്നെ 14 ശതമാനം പേർക്ക് മാത്രമാണ് മൂന്ന് ഗഡുക്കളായി മുഴുവൻ തുകയും ലഭിച്ചിരിക്കുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം ഗർഭകാലത്തും മുലയൂട്ടൽ സമയത്തും വരുന്ന ചെലവുകൾക്കായി ഗർഭിണികളായ സ്ത്രീകൾക്കോരോരുത്തർക്കും 6000 രൂപ അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്. വനിതാ ശിശു ക്ഷേമ മന്ത്രാലയം ആരംഭിച്ച ഇന്ദിര ഗാന്ധി മാതൃത്വ സഹയോഗ യോജന (ഐ ജി എം എസ് വൈ) എന്ന പദ്ധതിയുടെ തുടക്കമെന്ന നിലയ്ക്ക് ഗർഭിണികളായ സ്ത്രീകള്‍ക്ക് മൂന്ന് ഗഡുക്കളായി 6000 ചിലവിനായി അനുവദിച്ചിരുന്നു. എന്നാൽ 2013ൽ ഇത് ഭക്ഷ്യ സുരക്ഷാ നിയമം പാസ്സായതോടുകൂടി ഐ ജി എം എസ് വൈ പദ്ധതിയെ ഈ നിയമത്തിനു കീഴിൽ കൊണ്ടുവരികയാണുണ്ടായത്. എന്നാൽ ഈ പദ്ധതിയ്ക്കാകട്ടെ ഭക്ഷ്യ സുരക്ഷാ നിയമത്തെക്കാളും കൂടുതൽ നിബന്ധനകളും കുറഞ്ഞ പ്രാപ്തിയുമാണ് ഉണ്ടായിരുന്നത് എന്ന് കാണാം. ഐ ജി എസ് എം വൈ പദ്ധതി പ്രകാരം പത്തൊൻപതു വയസിനു മുകളിലുള്ള സ്ത്രീകൾക്ക് മാത്രമേ പ്രസവത്തിന്റെ ചെലവുകൾക്കായി മൂന്ന് ഗഡുക്കളായി സാമ്പത്തിക സഹായം നൽകുവാൻ അനുവാദമുള്ളൂ. ഇത് തന്നെ രണ്ടാമത്തെ പ്രസവം വരെ മാത്രമേ ലഭിക്കുകയുള്ളു എന്ന് മാത്രമല്ല കുട്ടിയെ പ്രതിരോധ കുത്തിവെപ്പുകൾക്കു വിധേയമാക്കിയാൽ മാത്രമേ ധനസഹായത്തിന് ആപേക്ഷികമാണ് അർഹത ലഭിക്കുകയുള്ളു. 2015 -2016 വരെ ഈ പദ്ധതിക്കായി ബഡ്ജറ്റിൽ നിന്നുമുള്ള നീക്കിയിരിപ്പു തുക വെറും 400 കോടി രൂപയായിരുന്നു. 2017ൽ ഭരണത്തിൽ വന്ന എൻ. ഡി. എ സർക്കാർ ഈ പദ്ധതിയുടെ പേര് പ്രധാനമന്ത്രി മാതൃ വന്ദന യോജന (പി എം എം വി വൈ) എന്ന് മാറ്റി തീർക്കുകയും നിബന്ധനകൾ കർശനമാക്കുകയും പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം കുറച്ചു കൊണ്ടുവരികയുംചെയ്തു. ആദ്യപ്രസവത്തിനു മാത്രം നൽകാവുന്ന തരത്തിൽ ഈ ധനസഹായത്തെ പുനർക്രമീകരിച്ച എൻ ഡി എ സർക്കാർ ധനസഹായത്തിന്റെ തുക 5000മാക്കി കുറക്കുകയും ചെയ്തു. ഇതിലൂടെ ഇന്ത്യയിൽ നടക്കുന്ന നാലിലൊന്നു ജനനങ്ങളെ പോലും ഉൾക്കൊള്ളാൻ ഈ പദ്ധതിക്ക് കഴിയാതെ വരുന്നു. പി എം എം വി വൈ പദ്ധതിയുടെ ബഡ്ജറ്റ് നീക്കിയിരിപ്പു തുക 2700 കൂടിയായി ഉയർത്തിയിട്ടുണ്ടെങ്കിലും ചുരുങ്ങിയത് ഒരു വര്‍ഷത്തേക്ക് 15000 കോടി രൂപ വകയിരുത്തിയാൽ മാത്രമേ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള കണക്കനുസരിച്ചു ധനസഹായം നല്കുവാന്‍ സാധിക്കുകയുള്ളു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹരായിട്ടുള്ള സ്ത്രീകൾക്ക് പോലും അത് വാങ്ങിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്നുണ്ട്. ഓരോ ഗഡു പണം കൈപ്പറ്റുന്നതിനായും അവര്‍ക്ക് ഒരു പുതിയ അപേക്ഷയും രേഖകളും ഹാജരാകേണ്ടതുണ്ട്. അതിനോടൊപ്പം തന്നെ പദ്ധതിക്കായി രജിസ്റ്റർ ചെയ്യുന്നതിനായി സ്വന്തം ആധാർ കാർഡിന്റെ കോപ്പി, ഭർത്താവിന്റെ ആധാർ കാർഡിന്റെ കോപ്പി എന്നിവയോടൊപ്പം ബാങ്ക് പാസ്സ്ബുക്കും മാതൃ ശിശു സംരക്ഷണ കാർഡും ഹാജരാകേണ്ടതുണ്ട് എന്ന് മാത്രമല്ല അവരുടെ ബാങ്ക് അക്കൗണ്ടും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുമുണ്ടായിരിക്കണം. ഇതെല്ലം ശരിയായി ചെയ്തതിനു ശേഷവും തങ്ങളുടെ അപേക്ഷകൾ പലപ്പോഴും നിരസിക്കപ്പെടുകയുണ്ടാ യതെന്നു നിരവധി സ്ത്രീകളാണ് പഠനസംഘത്തോട് പരാതി പറഞ്ഞിരിക്കുന്നത്. "തങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ഗര്‍ഭകാലത്ത് സ്ത്രീകൾ ഈ കടലാസുപണികൾ പൂർത്തീകരിക്കുന്നതിനായി ഓടി നടക്കേണ്ടിവരുന്ന അവസ്ഥയാണ്", നിലവിലുള്ളതെന്നാണ് പഠന സംഘത്തിലെ അംഗമായ ഖേര പറയുന്നത്. പ്രസവവാവശ്യത്തിനുള്ള ചിലവുകളെ സംബന്ധിച്ചുള്ള കണക്കുകളും ഈ പഠനറിപ്പോർട്ട് പുറത്തുവിടുന്നുണ്ട്. സർക്കാരിന്റെ സൗജന്യ ആംബുലൻസ് സേവനങ്ങളും മറ്റും ഉപയോഗിച്ചിട്ടു കൂടി ശരാശരി ഒരു പ്രസവത്തിനായി 6500 രൂപയിൽ കൂടുതൽ രൂപ ചെലവ് വരുന്നുണ്ട്. ഓരോ സംസ്ഥാനത്തിലെയും രണ്ടു ജില്ലകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ തന്നെ അനുക്രമമല്ലാതെ തിരഞ്ഞെടുത്ത രണ്ടു ബ്ലോക്കിൽ നിന്നും 800 മുതൽ ആയിരം പേർ വരുന്ന രണ്ടു ഗ്രാമങ്ങളെ തിരഞ്ഞെടുത്തായിരുന്നു പഠനം പൂർത്തിയാക്കിയത്. ഈ പ്രദേശത്തുള്ള 12 അംഗനവാടികളിൽ നിന്നുമാണ് ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്.


Next Story

Related Stories