TopTop
Begin typing your search above and press return to search.

ബിഹാറിൽ ജനസംഖ്യാ രജിസ്റ്റർ വിവരശേഖരണ തിയ്യതി പ്രഖ്യാപിച്ച് സുശീൽ മോദി; പിന്തുണച്ച് ജെഡിയു

ബിഹാറിൽ ജനസംഖ്യാ രജിസ്റ്റർ വിവരശേഖരണ തിയ്യതി പ്രഖ്യാപിച്ച് സുശീൽ മോദി; പിന്തുണച്ച് ജെഡിയു

ബിഹാറിൽ 'ദേശീയ ജനസംഖ്യാ രജിസ്റ്റർ' മെയ് 15 മുതൽ മെയ് 28 വരെ നടപ്പാക്കുമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദിയുടെ പ്രഖ്യാപനം. ശനിയാഴ്ചയാണ് സുശീൽ മോദിയുടെ ഈ പ്രഖ്യാപനം വന്നത്. ഈ പ്രഖ്യാപനത്തെ അനുകൂലിക്കുന്നതായി ജനതാദൾ യുനൈറ്റഡ് പിന്നീട് പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ സ്ഥിതിക്ക് ജനസംഖ്യാ രജിസ്റ്ററിനുള്ള വിവരശേഖരണം നടത്തുന്നതിൽ‌ തെറ്റില്ലെന്നാണ് ജനതാദള്‍ യുനൈറ്റഡിന്റെ നിലപാട്.

കഴിഞ്ഞമാസം രാജ്യത്തെമ്പാടും പൗരത്വ രജിസ്റ്ററിനും പൗരത്വ ബില്ലിനുമെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വന്നപ്പോൾ ജെഡിയു വൈസ് പ്രസിഡണ്ട് പ്രശാന്ത് കിഷോർ അതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇത് എൻഡ‍ിഎ സഖ്യകക്ഷിയായ പാർട്ടിക്കകത്ത് വലിയ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തു. ബില്ലിനെ അനുകൂലിച്ച് പാർലമെന്റിൽ നിലപാടെടുത്ത ജെഡിയു പ്രതിസന്ധിയിലായെങ്കിലും കൃത്യമായ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നു. എൻആർസി നടപ്പാക്കുന്നതിന് പാർട്ടി എതിരാണെന്ന് ജെഡിയു വക്താവ് പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിക്കുകയുണ്ടായില്ല.

എല്ലാ സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളിൽ ഭാഗഭാക്കാകേണ്ടതുണ്ടെന്ന് ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി ഇന്നലെ പറഞ്ഞു. നിയമപരമായ ബാധ്യതയായതിനാൽ ഇതിൽ നിന്നും ഒഴിവാകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഉദ്യോഗസ്ഥർ എൻപിആർ നടപ്പാക്കാനാകില്ലെന്ന് പറയുകയാണെങ്കിൽ അയാൾക്കെതിരെ 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചാർത്തപ്പെടുമെന്ന് സുശീൽ മോദി ചൂണ്ടിക്കാട്ടി.

അതെസമയം കേരളവും ബംഗാളും ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ ആധാരമാക്കിയാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ ജോലികൾ തുടങ്ങുക എന്നതാണ് പ്രശ്നമായി ഈ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.


Next Story

Related Stories