TopTop
Begin typing your search above and press return to search.

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്: ഡിഎംകെ മുന്നേറ്റം തുടരുന്നു

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്: ഡിഎംകെ മുന്നേറ്റം തുടരുന്നു

തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രതിപക്ഷ കക്ഷിയായ ഡിഎംകെ മികച്ച മുന്നേറ്റം നടത്തുന്നതായി വിവരം. വോട്ടെണ്ണലിന്റെ തുടക്കത്തിൽ എഐഎഡിഎംകെയാണ് മുന്നിട്ടു നിന്നിരുന്നത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചതോടെ ഡിഎംകെ മിക്ക പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും ആധിപത്യം സ്ഥാപിക്കുന്നതിന്റെ റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഇന്നലെ തുടങ്ങിയ വോട്ടെണ്ണൽ രാത്രിയിലും തുടർന്നു. കനത്ത സുരക്ഷാ സംവിധാനത്തിലും സിസിടിവി ക്യാമറകൾ അടക്കമുള്ള സന്നാഹത്തിൻകീഴിലുമാണ് നടക്കുന്നത്.

5,067 പഞ്ചായത്തുകളിൽ 2131ലും ഡിഎംകെയാണ് മുന്നേറുന്നത്. 515 ജില്ലാ പഞ്ചായത്തുകളിൽ ഡിഎംകെ നയിക്കുന്ന സഖ്യം 260 എണ്ണത്തിലും മുന്നേറുന്നു. ഡിസംബർ മാസത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. 655 ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കും 6,471 പഞ്ചായത്ത് യൂണിയൻ വാർഡുകളിലേക്കും (ബ്ലോക്ക് പഞ്ചായത്ത്), 12,524 പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്കും, 99,324 പഞ്ചായത്ത് വാർഡുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.

ജില്ലാ പഞ്ചായത്ത് വാർഡുകളിൽ എഐഎഡിഎംകെ 240 വാർഡുകളിലാണ് മുന്നിട്ടു നിൽക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ ഡിഎംകെ 2330 എണ്ണത്തിൽ മുന്നിട്ടു നില്‍ക്കുന്നു. എഐഎഡിഎംകെ 2165 ബ്ലോക്കുകളിൽ ലീഡ് ചെയ്യുന്നു. 536 വാർഡുകളിൽ മറ്റു കക്ഷികൾ ലീഡ് ചെയ്യുന്നു.


Next Story

Related Stories