TopTop
Begin typing your search above and press return to search.

സിഎഎ പ്രതിഷേധക്കാര്‍ക്കും ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും ശിക്ഷയില്ല; തമിഴ്‌നാട്ടില്‍ റദ്ദാക്കുന്നത് പത്ത് ലക്ഷത്തിലധികം കേസുകള്‍

സിഎഎ പ്രതിഷേധക്കാര്‍ക്കും ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും ശിക്ഷയില്ല; തമിഴ്‌നാട്ടില്‍ റദ്ദാക്കുന്നത് പത്ത് ലക്ഷത്തിലധികം കേസുകള്‍

തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സമരം ചെയ്തവര്‍ക്കും കോവിഡ് ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും എതിരായ കേസുകള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു. സിഎഎ പ്രതിഷേധക്കാര്‍ക്ക് എതിരായ 1500 കേസുകളും ലോക്ഡൗണ്‍ ലംഘിച്ചതിനുള്ള പത്ത് ലക്ഷത്തോളം കേസുകളുമാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. പൊതു മുതലുകള്‍ക്ക് നാശമുണ്ടാക്കിയതും പൊലീസിനെ തടഞ്ഞതും ഉള്‍പ്പെടെ കേസുകളാണ് റദ്ദാക്കുന്നത്. അതേസമയം, ഗുരുതരമായ കുറ്റകൃത്യങ്ങളും പൊലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയതും ഉള്‍പ്പെടെ കേസുകള്‍ തുടരുമെന്നും മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിഎഎ നിയമം പാസാക്കിയതിനു പിന്നാലലെ നിരവധി സമരങ്ങള്‍ അരങ്ങേറി. ചില സമുദായങ്ങളിലും സംഘത്തിലും ഉള്‍പ്പെടുന്നവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും റാലിയും സംഘടിപ്പിക്കുകയും നേതാക്കളുടെ കോലങ്ങളും നിയമത്തിന്റെ പ്രതികളും കത്തിക്കുകയും ചെയ്തു. പൊലീസ് 1500 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍, അക്രമം ഉള്‍പ്പെടെ ഗുരുതരമായ കേസുകളും പൊലീസിന്റെ ജോലി തടസപ്പെടുത്തിയതും ഒഴികെ എല്ലാം കേസുകളും പിന്‍വലിക്കുമെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

2020 മാര്‍ച്ച് 25 മുതലാണ് കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. അത് കര്‍ശനമായി പാലിക്കുന്നതിന് പൊലീസ് പലയിടങ്ങളിലും പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ലോക്ഡൗണ്‍ ലംഘിച്ചവര്‍, വ്യാജവാര്‍ത്തയും ഊഹാപോഹവും പ്രചരിപ്പിച്ചവര്‍, ക്രമസമാധാന നില ലംഘിച്ചവര്‍ തുടങ്ങിയവര്‍ക്കെതിരെ 10 ലക്ഷത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അക്രമം, ഇ പാസ് ക്രമക്കേട്, പൊലീസിന്റെ ജോലി തടസപ്പെടുത്തല്‍ ഒഴികെ എല്ലാ കേസുകളും സര്‍ക്കാര്‍ റദ്ദാക്കും. ഇത്തരത്തില്‍ റദ്ദാക്കുന്ന കേസുകളിലെ തുടര്‍ അന്വേഷണം ഒഴിവാക്കും. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടുള്ളതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ, തിരുപ്പൂരില്‍ മുസ്ലീം സമുദായങ്ങളുടെ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. അതിനുശേഷമാണ് സിഎഎ പ്രതിഷേധകാര്‍ക്ക് എതിരായ കേസുകള്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ തീരുമാനം ഉണ്ടായിരിക്കുന്നത്. കേരള മാതൃകയില്‍ സിഎഎക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അണ്ണാഡിഎംകെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പല തവണ ഡിഎംകെ സഭ ബഹിഷ്‌കരിച്ചിരുന്നു. മുസ്ലീം സംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയപ്പോഴും രാജ്യവ്യാപക പ്രതിഷേധം ശക്തമായപ്പോഴും സിഎഎയെ പിന്തുണക്കുന്ന സമീപനമായിരുന്നു അണ്ണാഡിഎംകെയുടേത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സഖ്യകക്ഷിയായ ബിജെപിയുടെ എതിര്‍പ്പ് മറികടന്നാണ് അണ്ണാഡിഎംകെയുടെ പ്രഖ്യാപനം.


Next Story

Related Stories