TopTop

"നിങ്ങൾ പാകിസ്താനികളാണോ?" ചായ കുടിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥികളോട് ബെംഗളൂരു പൊലീസ്; മർദ്ദിച്ചതായി പരാതി

"നിങ്ങൾ പാകിസ്താനികളാണോ?" ചായ കുടിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥികളോട് ബെംഗളൂരു പൊലീസ്; മർദ്ദിച്ചതായി പരാതി

ചായ കുടിക്കാൻ സുഹൃത്തുക്കളുമൊത്ത് ഫ്ലാറ്റിന് പുറത്തേക്കിയ മലയാളി യുവാക്കൾ പാകിസ്താനിൽ നിന്നുള്ളവരാണോയെന്ന് ചോദിച്ച് ബെംഗളൂരു പൊലീസ് മർദ്ദിച്ചതായി റിപ്പോർട്ട്. ഈസ്റ്റ് ബെംഗളൂരുവിലെ എസ്ജി പാല്യയിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയാണ് തന്റെ ഫ്ലാറ്റിൽ നിന്ന് മലയാളിയായ ഒരു യുവാവ് കൂട്ടുകാരോടൊപ്പം പുറത്ത് രാത്രി തുറന്നുവെക്കാറുള്ള കടയിലേക്ക് ചായ കുടിക്കാനായി ഇറങ്ങിയത്. ഇവർ ആറുപേരുണ്ടായിരുന്നു. എല്ലാവരും നഗരത്തിലെ വിവിധ കോളജുകളിൽ പഠിക്കുന്നവരാണ്.

പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർ ഇവരെ തടയുകയായിരുന്നു. രാത്രിയിൽ എന്തു ചെയ്യുന്നുവെന്ന ചോദ്യത്തോടെയാണ് പൊലീസുകാര്‍ വന്നത്. എല്ലാവരുടെയും ഐഡന്റിറ്റി കാർഡ് ചോദിച്ചു. വിദ്യാർത്ഥികളിൽ ചിലർ മുസ്ലിങ്ങളാണെന്ന് കണ്ടപ്പോൾ അവർ പാകിസ്താനികളാണോ എന്നായി പൊലീസുകാർ.

ഇതിനിടെ ബഹളം കേട്ട് യുവാക്കളിലൊരാളുടെ സഹോദരൻ ഫ്ലാറ്റിൽ നിന്നും പുറത്തുവന്നു. ഇതോടെ പൊലീസുകാർക്ക് എല്ലാവരുടെയും ഫോൺ കൈയിൽ കിട്ടണം. എന്നാൽ, ഫോൺ പിടിച്ചെടുക്കുന്നതു പോലെയുള്ള നടപടിക്ക് ആവശ്യമായ ഉത്തരവ് കൈയിലുണ്ടോയെന്ന് വിദ്യാർത്ഥികൾ ചോദ്യമുന്നയിച്ചു. എന്നാൽ തങ്ങൾ ഈയിടെ ചില ഭീകരവാദികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന വാദമാണ് പൊലീസുകാർ തിരിച്ചുന്നയിച്ചത്. തങ്ങളോട് ഇതൊക്കെ പറയുന്നത് എന്തിനാണെന്നായി വിദ്യാർത്ഥികൾ.

വിദ്യാർത്ഥികളിലൊരാൾ സംഭവങ്ങൾ വീഡിയോയിൽ പകർത്താൻ തുടങ്ങിയപ്പോൾ പൊലീസുകാർ കൂടുതൽ പേരെ വിളിച്ചു വരുത്തി. പൊലീസ് വാഹനങ്ങൾ വരികയും വിദ്യാർത്ഥികളെ പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ വെച്ച് ഒരു പൊലീസുകാരൻ തങ്ങളെ ക്രൂരമായി മർദ്ദിച്ചെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. മൂന്ന് പൊലീസുകാരാണ് തങ്ങളെ മാറിമാറി മർദ്ദിച്ചത്. ഇതിനിടെ കുട്ടികളുടെ ലോക്കൽ ഗാർഡിയൻ സ്ഥലത്തെത്തിയപ്പോൾ രാത്രിയിൽ പൊതുജനത്തിന് ശല്യമുണ്ടാക്കിയെന്നത് അടക്കമുള്ള കേസുകൾ ചാർജ് ചെയ്തതിനു ശേഷമാണ് വിട്ടയച്ചത്. കന്നഡയിലെഴുതിയ ചില പ്രമാണങ്ങളിൽ ഒപ്പിടുവിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായതോടെ വൈറ്റ്ഫീൽഡ് ഡിസിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


Next Story

Related Stories