TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രി മോദിക്ക് താടി വടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍, കുറിപ്പ്; അസംഘടിത മേഖല തകര്‍ന്നതില്‍ ചായക്കടക്കാരന്റെ പ്രതിഷേധം

പ്രധാനമന്ത്രി മോദിക്ക് താടി വടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍, കുറിപ്പ്; അസംഘടിത മേഖല തകര്‍ന്നതില്‍ ചായക്കടക്കാരന്റെ പ്രതിഷേധം

കോവിഡിലും ലോക്ഡൗണിലും അസംഘടിത മേഖല തകര്‍ന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷേധമറിയിച്ച് ഒരു ചായക്കടക്കാരന്‍. പ്രധാനമന്ത്രിയുടെ താടി വടിക്കാന്‍ 100 രൂപയുടെ മണി ഓര്‍ഡറിനൊപ്പമാണ് പ്രതിഷേധ കുറിപ്പ് അയച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശിയും ഇന്ദപുര്‍ റോഡിലെ സ്വകാര്യ ആശുപത്രിക്കുസമീപം ചായക്കട നടത്തുന്നയാളുമായ അനില്‍ മോറെയുടേതാണ് വ്യത്യസ്ത പ്രതിഷേധം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ, കോവിഡും ലോക്ഡൗണും കാരണം ഉപജീവനം ബുദ്ധിമുട്ടായതോടെയാണ് അനില്‍ മോറെ തന്റെ പ്രതിഷേധം നേരിട്ട് പ്രധാനമന്ത്രിയെ അറിയിച്ചതെന്ന് മറാത്ത ന്യൂസ് പോര്‍ട്ടലായ ലോക്മത് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി മോദി താടി വളര്‍ത്തുകയാണ്. അദ്ദേഹം എന്തെങ്കിലും വളര്‍ത്താന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍, അത് ജനങ്ങളുടെ തൊഴില്‍ അവസരമാകണം. വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയാണ് അദ്ദേഹത്തിന്റേത്. പ്രധാനമന്ത്രിയാണ് രാജ്യത്തെ പരമോന്നത നേതാവ്. അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് താടി വടിക്കാന്‍ എന്റെ വരുമാനത്തില്‍നിന്ന് 100 രൂപ അയച്ചുനല്‍കുന്നു. അദ്ദേഹത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കോവിഡ് കാലത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള മാര്‍ഗം മാത്രമാണിത്. ഇക്കാലയളവില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കണം. ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപ വീതം നല്‍കണം -മണി ഓര്‍ഡറിനൊപ്പം അയച്ച കത്തില്‍ അനില്‍ മോറെ ആവശ്യപ്പെടുന്നു.


Next Story

Related Stories