ലഡാക്കില്‍ വീണ്ടും അതിക്രമിച്ചു കയറാനുള്ള ചൈനയുടെ നീക്കം പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ അധികൃതരുടെ വെളിപ്പെടുത്തലിന് പിന്നാലെ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അതിർത്തി അശാന്തമാവുന്നു. നാല് മാസമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ച നടത്തികൊണ്ടിരിക്കുമ്പോഴാണ് ചൈനയുടെ പ്രകോപനവും വിണ്ടും സംഘർഷ ഭീതിയും ഉയരുന്നത്. പാങ്ഗോങ് തടകത്തിനിന്റെ തെക്കന്‍ തീരം കേന്ദ്രീകരിച്ചാണ് ഇത്തവണ ചൈനയുടെ പ്രകോപന ശ്രമങ്ങളെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ചുങ്കുൾ മേഖലയിലെ പാങ്ഗോങ് തീരത്തിനും സ്പാൻഗുർ ഗ്യാപ്പിനും ഇടയിലുള്ള ഉയർന്ന സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യുടെ ഭാഗത്ത് നിന്നും "പ്രകോപനപരമായ സൈനിക നീക്കങ്ങൾ" ഉണ്ടായി. എന്നാൽ ഈ പ്രദേശത്ത് ഇന്ത്യൻ സൈനികരെ വേഗത്തിൽ വിന്യസിച്ച് നീക്കം തടഞ്ഞു. സമുദ്ര നിരപ്പിൽ നിന്നും 15,000 അടി ഉയരത്തിലാണ് ഇപ്പോൾ സംഘർഷം നിലനിൽക്കുന്ന പ്രദേശം. എന്നാൽ സൈന്യങ്ങൾ തമ്മിൽ എറ്റുമുട്ടലോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 29, 30 ദിവസങ്ങളിലാണ് പ്രകോപനമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെയുണ്ടായിരുന്ന ധാരണ മറികടന്നാണ് ചൈനീസ് ലിബറേഷന്‍ ആര്‍മി അതിക്രമത്തിന് മുതിര്‍ന്നത്. ആ നീക്കം പരാജയപ്പെടുത്തിയ ഇന്ത്യ പ്രദേശത്തെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് സൈന്യം വാര്‍ത്തകുറപ്പില്‍ അറിയിച്ചു.
ഏക പക്ഷീയമായ നീക്കമാണ് ചൈന നടത്തിയതെന്നാണ് ഇന്ത്യയുടെ നിലപാട്. ചൈനീസ് ഉദ്ദേശ്യങ്ങളെ തടയുന്നതിനുമുള്ള നടപടികൾ ഇതിനോടകം ചെയ്തിട്ടുണ്ട്. ചർച്ചകളുമായി മുന്നോട്ട് പോവുകയാണ്, സമാധാനം നിലനിർത്താൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബ്രിഗേഡ് കമാൻഡർ ലെവൽ ഫ്ലാഗ് മീറ്റിംഗ് ചുങ്കുളിൽ പുരോഗമിക്കുകയാണ്, "ഇന്ത്യൻ ആർമി പറഞ്ഞു. ചൈനീസ് സൈനിക നീക്കം തടയുന്നതിന് ഉചിതമായ പ്രദേശങ്ങളിലാണ് ഇന്ത്യൻ സൈന്യം കൂടുതൽ പേരെ വിന്യസിച്ചിട്ടുള്ളത്.
പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ചൊവ്വാഴ്ചയും തുടരും. എന്നാൽ നിലവിൽ നടക്കുന്ന കമാൻഡർ തല ചർച്ച നിർണായകമാണന്നും എന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഘർഷങ്ങൾ ഉണ്ടായതിന് പിന്നാലെ ഞായറാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഹോട്ട്ലൈനിൽ ബന്ധപ്പെട്ടിരുന്നു, തുടർന്നാണ് ചർച്ച നടന്നതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഇന്ത്യൻ സൈന്യം അന്താരാഷ്ട്ര അതിർത്തി ലംഘിച്ചെന്നും മുൻപുണ്ടാക്കിയ സമവായം ലംഘിച്ചെന്നുമാണ് പീപ്പിൾ ലിബറേഷൻ ആർമി വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ വക്താവ് സീനിയർ കേണൽ ഷാങ് ഷൂയിലിയുടെ പ്രതികരണം. ചൈനീസ് മാധ്യമമായ സിജിടിഎൻ ആണ് പ്രതികരണം പുറത്ത് വിട്ടത്. ചൈനീസ് അതിർത്തി സൈനികർ എല്ലായ്പ്പോഴും എൽഎസി കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും ഒരിക്കലും അതിർത്തി കടന്നിട്ടില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. പ്രദേശത്തെ പ്രശ്നങ്ങളിൽ സൈന്യങ്ങൾ തമ്മിൽ ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍-മെയ് മാസത്തിലാണ് ഇന്ത്യയും ചൈനയു തമ്മിലുള്ള പ്രശ്നം തുടങ്ങിയത്. ജൂണ്‍ 15 ഗുല്‍വാന്‍ താഴ് വരയില്‍ 20 സൈനികരാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ചൈനീസ് പക്ഷത്തിന് ഉണ്ടായ ആള്‍നാശം എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അന്നത്തെ സംഘര്‍ഷത്തെ തുടര്‍ന്നാണ് സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ പ്രശ്നപരിഹാരത്തിന് ആരംഭിച്ചത്.