TopTop
Begin typing your search above and press return to search.

'ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരായ പ്രചാരണങ്ങള്‍ക്കുപിന്നില്‍ കേരളം; ദ്വീപുവാസികളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല'

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരായ പ്രചാരണങ്ങള്‍ക്കുപിന്നില്‍ കേരളം; ദ്വീപുവാസികളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ പ്രചാരണങ്ങള്‍ക്കുപിന്നില്‍ കേരളമാണെന്ന് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍. ദ്വീപുവാസികളുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. തങ്ങളുടെ ഭൂമി അപഹരിച്ച് വികസനത്തിന്റെ പേരില്‍ പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കുമെന്നാണ് അവര്‍ ഭയപ്പെടുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരമൊരു ചിന്തയ്ക്ക് കാരണം. വികസന അതോറിറ്റി ആവശ്യമാണ്. കവരത്തിയിലും മറ്റു ദ്വീപുകളിലും മികച്ച ആസൂത്രണത്തോടെയുള്ള വികസനം കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ലക്ഷദ്വീപ് വികസന അതോറിറ്റി രൂപീകരിച്ചത്. മറ്റു തരത്തിലുള്ള ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ദീ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

ചട്ടപ്രകാരം, എതിര്‍പ്പുകളോ ശുപാര്‍ശകളോ അറിയുന്നതിനായി പുതിയ ബില്ലിന്റെ കരട് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിരവധി എതിര്‍പ്പുകള്‍ ലഭിച്ചു. അതിനെക്കുറിച്ചെല്ലാം പഠിച്ചശേഷമാണ് ബില്ല് കേന്ദ്രത്തിന് അയച്ചത്. ബില്ലിനെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നെങ്കില്‍ എങ്ങനെയാണ് പ്രതിഷേധം ഉണ്ടാവുക?

ബില്ലിനും പുതിയ നിര്‍ദേശങ്ങള്‍ക്കുമെതിരായ എതിര്‍പ്പുകള്‍ കേരളത്തില്‍നിന്ന് ആരംഭിച്ചതാണെന്നാണ് മനസിലാക്കുന്നത്. കേന്ദ്ര ഭരണപ്രദേശം സ്വതന്ത്രമാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരായ പ്രചാരണം നടത്തുന്നത് കേരളമാണ്. ബീഫ് നിരോധനം, മദ്യ വില്‍പന എന്നിവയെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാത്തിനെയും വര്‍ഗീയകോണില്‍ കാണുന്നത് എന്തിനാണെന്നായിരുന്നു പ്രഫുല്‍ പട്ടേലിന്റെ മറുചോദ്യം. ഇതെല്ലാം ടൂറിസത്തെ പ്രത്സോഹിപ്പിക്കാന്‍ വേണ്ടിയുള്ളതാണ.് റിസോര്‍ട്ടില്‍ വിനോദസഞ്ചാരികള്‍ക്കായാണ് മദ്യത്തിന് പെര്‍മിറ്റ് അനുവദിക്കുന്നത്. അക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര കടല്‍പ്പാതയുള്ള ഇടമാണ് ലക്ഷദ്വീപ്. കഴിഞ്ഞകാലങ്ങളില്‍ മയക്കുമരുന്ന്, ആയുധങ്ങള്‍, സ്‌ഫോടനസാമഗ്രികള്‍ പിടിച്ചെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച കേസുകളും ദ്വീപിലുണ്ട്. ഒരു സംസ്ഥാനത്ത് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍, ഐപിസിയിലെ സെക്ഷന്‍ 302 അവിടെ ഇല്ലാതാക്കണമെന്ന് അതിന് അര്‍ത്ഥമുണ്ടോ? എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞശേഷം നിയമം കൊണ്ടുവരുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്. പുതിയ പരിഷ്‌കാരങ്ങളില്‍ ബിജെപി നേതാക്കള്‍ അതൃപ്തരാണോ എന്നറിയില്ല. ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍, അക്കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല.

അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നതിനാല്‍ 2020 ഡിസംബര്‍ വരെ ഒരു കോവിഡ് കേസ് പോലും ലക്ഷദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, അതിര്‍ത്തികള്‍ തുറന്നുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു. ദ്വീപുവാസികളും യാത്ര ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അവര്‍ക്ക് ഉപജീവനാര്‍ത്ഥം അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അതിര്‍ത്തി തുറക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ഇക്കാര്യങ്ങള്‍ നടപ്പാക്കിയത്.

മെയ് പകുതിയോടെ മണ്‍സൂണ്‍ മൂലം കടല്‍, വ്യോമ ഗതാഗതം തടസപ്പെടും. പ്രധാനദ്വീപില്‍ മറ്റിടങ്ങളിലേക്ക് പോകാന്‍ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. തെളിഞ്ഞ കാലാവസ്ഥയില്‍ ഹെലികോപ്ടറുകള്‍ക്ക് പറക്കാനാകും. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ആളുകളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംകൊണ്ടുവന്നത്. സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷം പിന്നിടുമ്പോഴും ദ്വീപില്‍ അതനുസരിച്ചുള്ള വികസനം ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് അന്താരാഷ്ട്ര ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളാണ് ദ്വീപില്‍ നടപ്പാക്കുതെന്നും പ്രഫുല്‍ പട്ടേല്‍ പറയുന്നു.


Next Story

Related Stories