TopTop
Begin typing your search above and press return to search.

കാരവാൻ റിപ്പോർട്ടറെ ഡൽഹി പൊലീസ് അസി.കമ്മീഷണർ സ്റ്റേഷനിൽ വച്ച് മർദ്ദിച്ചതായി പരാതി

കാരവാൻ റിപ്പോർട്ടറെ ഡൽഹി പൊലീസ് അസി.കമ്മീഷണർ സ്റ്റേഷനിൽ വച്ച് മർദ്ദിച്ചതായി പരാതി

കാരവാന്‍ റിപ്പോര്‍ട്ടറായ മാധ്യമപ്രവര്‍ത്തകന്‍ അഹാന്‍ പെന്‍കറിനെ ഡല്‍ഹി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് (എസിപി), സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചതായി പരാതി. ഡല്‍ഹി മോഡല്‍ ടൗണ്‍ സ്‌റ്റേഷനില്‍ വച്ചാണ് എസിപി അജയ് കുമാര്‍, കാരവാന്‍ റിപ്പോര്‍ട്ടറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. മാധ്യമപ്രവര്‍ത്തകന്റെ മുതുകിനും മൂക്കിനും പരിക്കേറ്റു. ഇന്നലെയാണ് സംഭവം നടന്നത്. അഹാൻ പെൻകർ അടക്കം അഞ്ച് പേരെ എസിപി അജയ് കുമാർ സ്റ്റേഷൻ പരിസരത്ത് വച്ച് മർദ്ദിച്ചതായാണ് പരാതി.

മാധ്യമപ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിംഗിന് വന്നതാണന്നും ആവര്‍ത്തിച്ച് പറഞ്ഞ അഹാന്‍ പെന്‍കര്‍ പ്രസ് കാര്‍ഡ് കാണിച്ചിരുന്നു. എന്നാൽ തന്റെ കയ്യില്‍ നിന്ന് പൊലീസ് ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയതായി അഹാൻ പറയുന്നു. റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് എടുത്ത ഫോട്ടോകളും വീഡിയോകളും പൂര്‍ണമായും ഡിലീറ്റ് ചെയ്തതായി അഹാന്‍ പെന്‍കര്‍ പറഞ്ഞു. നാല് മണിക്കൂറോളം അഹാനെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചിരുന്നു. നോര്‍ത്ത് ഡല്‍ഹിയില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൊന്ന സംഭവത്തിലുള്ള പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യവേയാണ് സംഭവം.

കേസില്‍ എഫ്‌ഐആറിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളും മോഡല്‍ ടൗണ്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചകൂടിയിരുന്നു. ഒക്ടോബര്‍ 14ന്, ജോലിക്ക് നിന്നിരുന്ന വീട്ടിലാണ് ദലിത് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ബലാത്സംഗക്കൊലയാണെന്ന് കുടുംബം പറയുന്നു. വീട്ടുടമസ്ഥൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. എഫ്‌ഐആറിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസിനെതിരെ മുദ്രാവാക്യങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളടക്കമുള്ളവര്‍ കൂടി. തുടർന്ന് താനടക്കം അഞ്ച് പേരെ പൊലീസുകാർ സ്റ്റേഷനിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയതായി അഹാൻ പെൻകർ പറയുന്നു. ഇത് സംബന്ധിച്ച് ഡൽഹി പൊലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവയ്ക്ക് അഹാൻ പെൻകർ പരാതി നൽകി.




Next Story

Related Stories