TopTop

ബോയ്കോട്ട് എക്കണോമിസ്റ്റ്, ബോയ്കോട്ട് എക്കോണമി ആയപ്പോൾ - സമ്പദ് വ്യവസ്ഥയെ അവഗണിക്കുന്ന പൗരത്വ വിവാദങ്ങളെക്കുറിച്ച് എക്കണോമിസ്റ്റ്‌

ബോയ്കോട്ട് എക്കണോമിസ്റ്റ്, ബോയ്കോട്ട് എക്കോണമി ആയപ്പോൾ - സമ്പദ് വ്യവസ്ഥയെ അവഗണിക്കുന്ന പൗരത്വ വിവാദങ്ങളെക്കുറിച്ച് എക്കണോമിസ്റ്റ്‌

അസഹിഷ്ണുതയുടെ ഇന്ത്യ - ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ മോദി അപായത്തിലാക്കുന്നു (Intolerant India - How Modi is endangering the world's biggest democracy) എന്ന തലക്കെട്ടിലുള്ള ജനുവരി 23ന്റെ ദ എക്കണോമിസ്റ്റിന്റെ കവര്‍ സ്‌റ്റോറി, വലിയ ചര്‍ച്ചയായിരിക്കുന്നു. പൗരത്വ ഭേദഗതി നിയമവും അതിനെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയാണ് എക്കണോമിസ്റ്റിന്റെ കവര്‍ സ്‌റ്റോറി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ വിവാദ നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉയര്‍ന്നുനില്‍ക്കുന്നു.

എക്കണോമിസ്റ്റ് ദേശവിരുദ്ധമാണ് എന്നാണ് ട്വിറ്ററില്‍ ബിജെപി, സംഘപരിവാര്‍ അനുകൂലികള്‍ ആരോപിക്കുന്നത്. 2010ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ എക്കണോമിസ്റ്റ് പുകഴ്ത്തിയിരുന്നതായി ഇവര്‍ പറയുന്നു. ഇതാദ്യമായല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമര്‍ശനമേറ്റുവാങ്ങുന്നത്. ടൈം മാഗസിന്‍ 2019 മേയില്‍, മോദിയെ ഡിവൈഡര്‍ ഇന്‍ ചീഫ് (വിഭജന നേതാവ്) എന്നാണ് വിശേഷിപ്പിച്ചത്. അന്ന് #BoycottTime എന്ന പേരില്‍ ടൈം മാഗസിന്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് മോദി അനുകൂലികള്‍ ട്വിറ്റര്‍ കാംപെയിന്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ ദ എക്കണോമിസ്റ്റിനെ ബഹിഷ്‌കരിക്കാന്‍ ഉണ്ടാക്കിയ ഹാഷ് ടാഗ് തെറ്റി, മോദി അനുകൂലികള്‍ക്ക് തന്നെ തിരിച്ചടിയായി. #BoycottEconomist എന്നത് #BoycottEconomy (സമ്പദ് വ്യവസ്ഥയെ ബഹിഷ്‌കരിക്കുക) എന്നായി. വിദ്യാര്‍ത്ഥികള്‍, മതേതരവാദികള്‍, വലിയൊരു വിഭാഗം മാധ്യമങ്ങള്‍ തുടങ്ങിയവരൊക്കെ മോദിക്കെതിരെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് എക്കണോമിസ്റ്റ് പറയുന്നു.

അതേസമയം രൂക്ഷമായ പരിഹാസങ്ങളാണ് എക്കണോമിസ്റ്റിനെ എതിക്കുന്ന മോദി അനുകൂലികൾക്ക് നേരെ വരുന്നത്. #BoycottEconomist എന്നത് #BoycottEconomy ആതിനെ ട്വിറ്ററാറ്റികൾ കാര്യമായി ട്രോളുന്നു. I will travel in business class only #BoycottEconomy (ഞാൻ ബിസിനസ് ക്ലാസിലേ സഞ്ചരിക്കൂ, എക്കണോമി ക്ലാസിൽ സഞ്ചരിക്കില്ല.) എന്നാണ് ട്വീറ്റുകളിലൊന്ന്.ഇന്ത്യക്കാര്‍ പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴരുത് എന്നും സമ്പദ് വ്യവസ്ഥ എന്നുപറയുന്നത് ഒരു പാശ്ചാത്യ കാഴ്ചപ്പാടാണ് എന്നും മോദി അനുകൂലികളെ പരിഹസിച്ച് മറ്റൊരാള്‍.നരേന്ദ്ര മോദി ശരിക്കും ഇന്ത്യയെ ലോക മാപ്പിലെത്തിച്ചു എന്ന് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പരിഹസിക്കുന്നു. ടൈം, ന്യൂയോര്‍ക്കര്‍, എക്കണോമിസ്റ്റ് തുടങ്ങിയ എല്ലാ പ്രസിദ്ധീകരണങ്ങളും മോദിയെ വിമര്‍ശിക്കുകയാണ്. മുമ്പെങ്ങും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ ഇങ്ങനെ വിമര്‍ശിക്കപ്പെട്ട ഒരു സാഹചര്യമുണ്ടായിട്ടില്ല എന്നും റാണ അയ്യൂബ് ചൂണ്ടിക്കാട്ടുന്നു.മോദിയുടെ ഭരണത്തിൽ ഇന്ത്യയിൽ വർദ്ധിച്ച വർഗീയ അസഹിഷ്ണുതയേയും സാമ്പത്തികപ്രതിസന്ധിയേയും സംബന്ധിച്ച് ദ ഗാർഡിയനും ന്യൂയോർക്ക് ടൈംസും മറ്റും ലേഖനങ്ങളും മുഖപ്രസംഗങ്ങളും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഏറ്റവും ഒടുവിൽ വന്നതാണ് എക്കണോമിസ്റ്റിൻ്റെ വിമർശനം. ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങളില്‍ വലിയൊരു വിഭാഗത്തിന് പൗരത്വം തെളിയിക്കാനുള്ള രേഖകളില്‍ എന്ന് എന്ന് ദ എക്കണോമിസ്റ്റ് പറയുന്നു. അവര്‍ രാജ്യമില്ലാതാകുന്ന നിലയിലാണ്. വലയില്‍ കുടങ്ങിയ ഇരകളെ പാര്‍പ്പിക്കാനായി ഗവണ്‍മെന്റ് കാമ്പുകള്‍ നിര്‍മ്മിക്കുതയാണ് എന്നും എക്കണോമിസ്റ്റ് പറയുന്നു.

ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എങ്ങനെ അധികാരശക്തിയായി എന്നതിന്റെ ചരിത്രം എക്കണോമിസ്റ്റ് പരിശോധിക്കുന്നുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് അമൃതായി മാറിയ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് രാഷ്ട്രീയവിഷമായി മാറിയിരിക്കുകയാണ് എന്ന് എക്കണോമിസ്റ്റ് വിലയിരുത്തുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേയ്ക്ക് നയിച്ച അയോധ്യ-രാമജന്മഭൂമി പ്രസ്ഥാനമാണ് ബിജെപിക്ക് അധികാരക്കസേര പണിതത് എന്ന് പറയുന്ന എക്കണോമിസ്റ്റ് 2002ല്‍ ഗുജറാത്തിലെ വര്‍ഗീയ കലാപം മോദിയെ ഹിന്ദുത്വവാദികളുടെ ദേശീയ ഹീറോ ആക്കി മാറ്റിയെന്ന് പറയുന്നു. ബിജെപിയുടെ ദീര്‍ഘകാല രാഷ്ട്രീയ പദ്ധതിയിലെ നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ പൗരത്വ നിയമം നടപ്പാക്കാനുള്ള ശ്രമങ്ങള്‍.

അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭൂമി അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടതോടെ ബിജെപിയുടെ പ്രധാന രാഷ്ട്രീയ വിഷയങ്ങളിലൊന്ന് ഇല്ലാതായി. ഈ സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത് എന്ന വളരെ പ്രസക്തമായ നിരീക്ഷണം എക്കണോമിസ്റ്റ് നടത്തുന്നുണ്ട്. പൗരത്വ നിയമവും പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കും. തീവ്ര വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ട് നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇത്തരത്തിലാണ് രാജ്യത്തെ ഭൂരിപക്ഷ സമുദായമായ, ജനസംഖ്യയുടെ 80 ശതമാനം വരുന്ന ഹിന്ദുക്കള്‍ ഭീഷണിയിലാണ് എന്ന പ്രചാരണം നടത്തി വോട്ട് നേടാന്‍ ബിജെപിക്ക് കഴിയുന്നത്. മോദിയുടെ നയങ്ങള്‍ മുസ്ലീങ്ങളോട് വിവേചനം കാട്ടുന്നതാണ്. ഇത്തരം നയങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അപായത്തിലാക്കുകയാണ്. ഈ നിയമം ഭരണഘടനാവിരുദ്ധമാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം ഇന്ത്യന്‍ സുപ്രീം കോടതിക്കുണ്ടായാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോദി വേറെ വഴി നോക്കേണ്ടി വരുമെന്നും എക്കണോമിസ്റ്റ് ലേഖനം പറയുന്നു.


Next Story

Related Stories