Top

അയോധ്യ വിധി ഇന്ത്യൻ രാഷ്ട്രീയത്തിൽ വരുത്തുന്ന രണ്ട് മാറ്റങ്ങൾ

അയോധ്യ വിധി ഇന്ത്യൻ രാഷ്ട്രീയത്തിൽ വരുത്തുന്ന രണ്ട് മാറ്റങ്ങൾ

നൂറ്റാണ്ടുകളായി നില നിന്നിരുന്ന, ഇന്ത്യൻ‌ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ പോലും നിശ്ചയിച്ചിരിരുന്ന അയോധ്യ എന്ന വിവാദ വിഷയം' സുപ്രീം കോടതി വിധിയോടെ അവസാനിക്കുന്നു. ഒരു രക്തച്ചൊരിച്ച് ഒഴിവാക്കി നിയമവഴിയിലൂടെ രാമ ജൻമഭൂമി-ബാബറി മസ്ജിദ് തർ‌ക്കം അവസാനിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ വഴിത്തിരിവാകാൻ പോവുകയാണ് അയോധ്യയിലെ വിധിയെന്നാണ് വിലയിരുത്തൽ. രണ്ട് വലിയ മാറ്റങ്ങളുടെ സൂചനയാണ് വിധി വന്ന ശേഷമുള്ള ചില പ്രമുഖരുടെ പരാമർ‌ശങ്ങൾ നൽകുന്ന സൂചനകളെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഒന്ന്- കേന്ദ്ര ഭരണം കയ്യാളുന്ന ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഉൾപ്പെടെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ എല്ലാവരും പ്രമുഖ നേതാക്കളും വിധിന്യായത്തെ പിന്തുണയ്ച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ചില കോണിൽ‌ നിന്നും ചെറിയ വിമർശനങ്ങൾ ഒഴിച്ചാൽ എല്ലാവരും വിധിയെ പിന്തുണയ്ക്കുകയാണ്. രാമക്ഷേത്രം നിർമ്മിക്കാമെന്ന സുപ്രിം കോടതി വിധി സ്വീകരിക്കപ്പെടുമ്പോൾ പതിറ്റാണ്ടുകളായി തിര‍ഞ്ഞെടുപ്പുകളിലെ ചൂടുള്ള പ്രചാരണ വിഷയം കൂടിയാണ് ഇല്ലാതാവുന്നത്.

രണ്ട്- വിധിക്ക് ശേഷം ആർഎസ്എസ് മേധാവിയും മറ്റ് സംഘപരിവാർ സംഘടനകളും നടത്തിയ പ്രതികരണങ്ങളാണ് മറ്റൊരു സൂചനയായി ചൂണ്ടിക്കാട്ടുന്നത്. 'ആര്‍എസ്എസ് പ്രക്ഷോഭങ്ങള്‍ നടത്താനുദ്ദേശിച്ച ഉണ്ടാക്കിയതല്ല; വ്യക്തിത്വ രൂപീകരണത്തില്‍ വിശ്വസിക്കുന്ന സംഘടനയാണത്' എന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.

രാമക്ഷേത്ര വിഷയം സജീവമായി നിലനിർത്തുന്നതിൽ സംഘടന വഹിച്ച പങ്ക് ചൂണ്ടിക്കാട്ടുന്നതായിരുന്നു പരാമർശം. ബാബറി മസ്ജിദിനൊപ്പം ഉയര്‍ത്തിക്കൊണ്ടു വന്ന കാശി, മഥുര എന്നിവിടങ്ങളിലെ തര്‍ക്കങ്ങള്‍ ഇപ്പോഴത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്ന സൂചനയാണ് ഭാഗവതിന്റെ വാക്കുകളിലുള്ളത്..

മോഹൻ ഭഗവതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിധി ആഘോഷത്തിന്റെ വിഷയമല്ലെന്നായിരുന്നു പ്രതികരിച്ചത്. രാജ്യത്തെ ഭരണം നിയന്ത്രിക്കുന്ന ഈ മുന്ന് വ്യക്തികളുടെ പ്രതികരണം മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യയിലെ മുസ്‌ലിംകൾക്ക് മുന്നിലേക്ക് ഒരു അനുരഞ്ജന സൂചനയാണെന്നും റിപ്പോർട്ട് പറയുന്നു.

വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം സുപ്രീം കോടതി വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്തതോടെ രാഷ്ട്രീയ വിഷയമായി രാമക്ഷേത്രം എന്നവിഷയം അവസാനിപ്പിക്കാൻ പ്രതിപക്ഷവും ശ്രമിച്ചതായി വിലയിരുത്തുന്നു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പ്രതികരണത്തിലും ഈ സൂചന ശക്തമാക്കുന്നു. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള അപൂർവമായ അഭിപ്രായ സമന്വയവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories