TopTop

ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണത്തിനെത്തുന്നത് ആയിരങ്ങള്‍; കൊറോണ ഭീതിക്കിടയില്‍ പട്ടിണിയും പലായനങ്ങളും

ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണത്തിനെത്തുന്നത് ആയിരങ്ങള്‍; കൊറോണ ഭീതിക്കിടയില്‍ പട്ടിണിയും പലായനങ്ങളും

ഡല്‍ഹി നഗരത്തിലെ ഷെല്‍റ്റര്‍ ഹോമുകളില്‍ വിശന്നെത്തുന്ന ആര്‍ക്കും ഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനു പിന്നാലെ ആയിരങ്ങളാണ് ഷെല്‍റ്റര്‍ ഹോമുകളിലേക്ക് ഒഴുകിയെത്തിയത്. ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ബുധനാഴ്ച മാത്രം 16,000 പേര്‍ക്ക് ഉച്ചഭക്ഷണവും അത്താഴവും നല്‍കിയിട്ടുണ്ട്. ആയിരങ്ങള്‍ വെയിലത്ത് ഭക്ഷണം കാത്ത് കുത്തിയിരിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. തലസ്ഥാനനഗരത്തിലെ ദാരിദ്ര്യത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചയെന്നതിനപ്പുറം ഇതൊരു വലിയ ആശങ്കയായി മാറുന്നുമുണ്ട്. നഗരത്തിലെ 220 രാത്രിവാസകേന്ദ്രങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഈ കൊറോണക്കാലത്ത് ഒത്തുകൂടുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

അതെസമയം ഈ പ്രശ്നത്തിന് ഏതുവിധത്തില്‍ പരിഹാരം കാണുമെന്നതില്‍ സര്‍ക്കാരിലും വ്യക്തതയില്ല. ഞായറാഴ്ചയാണ് ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയത്. ലോക്ക്ഡൗണ്‍ കാലത്ത് മുഴുവന്‍ ഭക്ഷണം നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഭക്ഷണം നല്‍കുന്നത് അവസാനിപ്പിച്ചാല്‍ പട്ടിണിമരണങ്ങള്‍ക്കു വരെ സാധ്യതയുണ്ട്. ഓരോദിവസവും ഭക്ഷണത്തിന്റെ അളവ് 40% കൂട്ടി വരികയാണെന്നാണ് ഡല്‍ഹി അര്‍ബന്‍ ഷെല്‍‌റ്റര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ് പറയുന്നത്. ഒരാള്‍പോലും വിശന്നിരിക്കരുതെന്ന് അവര്‍ പറയുന്നു.

നഗരത്തില്‍ ലോക്ക്ഡൗണ്‍ വന്നതോടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെല്ലാം കുടുങ്ങിയിരിക്കുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് തൊഴിലിനായി വന്നെത്തിയവരെല്ലാം തിരിച്ചുപോകുകയാണ്. മിക്കവരും നൂറും ഇരുന്നൂറും കിലോമീറ്ററുകള്‍ നടന്നാണ് സ്വദേശങ്ങളിലേക്ക് പോകുന്നത്. ഓട്ടോ തൊഴിലാളികള്‍ അടക്കമുള്ളവര്‍ കഷ്ടപ്പാടിലാണ്. 200-250 രൂപയാണ് തങ്ങളുടെ ദിവസ വരുമാനമെന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്നവരിലൊരാള്‍ പറയുന്നു. ഇപ്പോള്‍ ഇതും മുടങ്ങിയിരിക്കുന്നു. വരുമാനമില്ലെങ്കിലും വീട്ടുവാടക കൊടുക്കേണ്ടി വരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ല. കുറച്ച് റൊട്ടിയും ഉപ്പും പൊതിഞ്ഞെടുത്താണ് ഇവരുടെയെല്ലാം യാത്ര. പൊലീസ് ഇവരോട് അനുതാപം കാണിക്കുന്നുണ്ട്. അതുകൊണ്ട് പ്രശ്നമില്ലാതെ യാത്ര നടക്കുന്നു. പലരും ഇരുന്നൂറും മുന്നൂറും പലരില്‍ നിന്നും കടമായി വാങ്ങിയാണ് നാട്ടിലേക്ക് തിരിക്കുന്നത്.





Next Story

Related Stories