TopTop
Begin typing your search above and press return to search.

കുട്ടി കുഴൽക്കിണറിൽ തുടരുന്നു: രക്ഷാപ്രവർത്തനം 60 മണിക്കൂർ പിന്നിട്ടു, വെല്ലുവിളിയായി കാഠിന്യമേറിയ പാറ

കുട്ടി കുഴൽക്കിണറിൽ തുടരുന്നു: രക്ഷാപ്രവർത്തനം 60 മണിക്കൂർ പിന്നിട്ടു, വെല്ലുവിളിയായി കാഠിന്യമേറിയ പാറ

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ 60 മണിക്കുർ പിന്നിടുന്നു. കുഴൽക്കിണറിന് സമീപ സമാന്തര കിണർ കുഴിച്ച് തുരംഗമുണ്ടാക്കി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. സമാന്തര കിണറിൽ പക്ഷേ താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളുടെ സാന്നിധ്യം രക്ഷാ പ്രവർത്തകര്‍ക്ക് വെല്ലുവിളിയാവുകയാണ്. ഇതോടെ സമാന്തര കിണർ നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചിരുന്നെങ്കിലും രാവിലെ ഏഴ് മണിയോടെ പുനഃരാരംഭിക്കുകയും ചെയ്തു.

അതിനിടെ, രക്ഷാ പ്രവര്‍ത്തനം 60 മണിക്കൂര്‍ പിന്നിടുന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കുന്നത് ഉൾപ്പെടെ ചർച്ചചെയ്യാൻ രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ യോഗം ചേരുകയാണ്. രക്ഷാ പ്രവർത്തകന് അകത്തേക്ക് പോകാൻ കഴിയുന്ന തരത്തിണ് സമാന്തര കിണർ നിർമാണം. എന്നാൽ മണ്ണിന്റെയും പാറയുടെയും സാന്നിധ്യം വെല്ലുവിളയാവുകയാണ്. കഴിഞ്ഞ രാത്രി മുഴുവനും പ്രവർത്തിച്ചിട്ടും 40 അടിയില്‍ നിന്നും പുതിയ റിഗ് മെഷീന് 5 അടി മാത്രം തുരക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നാണ് റിപ്പോർട്ടുകൾ. പാറയുടെ സാന്നിധ്യം ഇല്ലാത്ത സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളും രക്ഷാ പ്രവർത്തകർ പരിഗണക്കുന്നുണ്ട്. ഇതിനായി മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികളും പരിഗണിക്കുന്നുണ്ട്. വേഗത്തില്‍ കിണര്‍ തുരക്കുന്നതിനായി രാമനാഥപുരത്ത് നിന്ന് എത്തിച്ച പുതിയ റിഗ് യന്ത്രം ഉപയോഗിച്ചാണ് പ്രവർത്തനം നടന്നത്.

കുട്ടി വീണ കിണറില്‍ നിന്നും രണ്ടു മീറ്റര്‍ മാറി പുതിയ കിണര്‍ കുഴിച്ച് സമാന്തരമായി തുരങ്കം നിര്‍മ്മിച്ച് ഇതിലൂടെ കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5 മണിവരെ കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കാര്യമായ പ്രതികരണമുണ്ടായിട്ടില്ലെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതികരണമില്ലെങ്കിലും ഓക്സിജൻ നൽകുന്നുണ്ട്. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് കുഴൽക്കിണറിനുള്ളിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ താപനില കണ്ടെത്തിയതോടെ കുട്ടി ജീവനോടെയുണ്ടെന്ന അനുമാനത്തിലാണ് രക്ഷാപ്രവർത്തകർ. എന്നാൽ, ആരോഗ്യസ്ഥിതി സംബന്ധിച്ച മറ്റുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

അതിനിടെ, കുട്ടിയെ ഇന്ന് തന്നെ പുറത്ത് എത്തിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർ സെൽവം കഴിഞ്ഞ ദിവസം വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണ സേന പരമാവധി വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ പരാതി ഉന്നയിക്കേണ്ട അവസ്ഥയില്ല. അതേസമയം, ഇത്തരം ദുരന്തങ്ങൾ ആവർത്തികാതിരിക്കാൻ തമിഴ്നാട്ടിൽ ഉപയോഗ ശ്യൂനമായതും തുറന്ന് കിടക്കുന്നതുമായ മുഴുവൻ കുഴൽ കിണറുകളുടേയും കണക്ക് എടുക്കും, ഇതിനായി കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്നലെ അപകട സ്ഥം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനായി പ്രാർത്ഥിക്കുന്നെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചു. “രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുമ്പോൾ തമിഴ്നാട് സുജിത്തിനെ രക്ഷിക്കാനായി യത്നിക്കുകയാണ്. കുഞ്ഞിന് എത്രയുംവേഗം കുടുംബവുമായി ഒത്തുചേരാനാകട്ടെയെന്ന് പ്രാർഥിക്കുന്നു” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ‘ട്വീറ്റ്’. കുട്ടിയെ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയാണുള്ളതെന്ന് നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസൻ പറഞ്ഞു. കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാനാവട്ടെയെന്ന്‌ പ്രാർഥിക്കുന്നതായി നടൻ രജനീകാന്തും പറഞ്ഞു.


Next Story

Related Stories