TopTop
Begin typing your search above and press return to search.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ വിദഗ്ധ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ വിദഗ്ധ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു

ഇന്ത്യയിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ (ഇന്ത്യന്‍ സാര്‍സ് കോവ് 2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം - ഇന്‍സകോഗ്) അധ്യക്ഷസ്ഥാനം മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ രാജി. രാജ്യത്ത് വകഭേദം സംഭവിച്ച അതിതീവ്ര വൈറസ് പടരുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത് ഡോ.ജമീലിന്റെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു. വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെക്കുറിച്ച് മാര്‍ച്ച് ആദ്യം വിവരം നല്‍കിയ ഡോ. ജമീല്‍ രണ്ടാം തരംഗം ജൂലൈ വരെ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിച്ചില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് ഡോ. ജമീല്‍ സമിതിയില്‍നിന്ന് രാജിവെച്ചത്. രാജി ശരിയായ തീരുമാനമാണെന്നും ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നുമാണ് അദ്ദേഹം എന്‍ഡിടിവിയോട് പ്രതികരിച്ചത്. രാജിയുടെ കാരണം വിശദീകരിക്കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്ന് റോയിട്ടേഴ്‌സിന് നല്‍കിയ സന്ദേശത്തിലും വ്യക്തമാക്കി.

നേരത്തെ ഡോ ജമീല്‍ ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിരുന്നു. തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള നയ രൂപീകരണം സാധ്യമാകുന്നില്ല എന്നതാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ നേരിടുന്ന പ്രശ്‌നമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കുറഞ്ഞ പരിശോധന നിരക്ക്, വാക്‌സിന്‍ ദൗര്‍ലഭ്യം, വാക്‌സിനേഷന്റെ മെല്ലെപോക്ക്, ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യകത എന്നിങ്ങനെ കാര്യത്തില്‍ സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇത്തരം കോവിഡ് പ്രതിരോധ നടപടികള്‍ക്ക് രാജ്യത്തെ സഹ ശാസ്ത്രജ്ഞരുടെ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള നയ രൂപീകരണം ഉണ്ടാകുന്നില്ല എന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെക്കുറിച്ച് മാര്‍ച്ചില്‍ തന്നെ വിവരം നല്‍കിയ ഡോ. ജമീല്‍ രണ്ടാം തരംഗം ജൂലൈ വരെ തുടരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നില്ലെന്നും അതേപോലെ നില്‍ക്കുകയാണ്. എന്നാല്‍ എണ്ണം കുറയാന്‍ താമസമെടുക്കുമെന്നും ജമീല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സമിതിക്ക് മേല്‍നോട്ടം വഹിക്കുന്ന ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് ഡോ. ജമീലിന്റെ രാജിയോട് പ്രതികരിച്ചില്ല.


Next Story

Related Stories