TopTop
Begin typing your search above and press return to search.

'തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നു', മെയ് 22 ന് ദേശീയ പണിമുടക്കിന് ട്രേഡ് യൂണിയനുകൾ

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നു, മെയ് 22 ന് ദേശീയ പണിമുടക്കിന് ട്രേഡ് യൂണിയനുകൾ

ലോക്ക്ഡൗൺ കാലയളിൽ തൊഴിലാളി വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്നെന്ന് ആരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകൾ പണിമുടക്കുന്നു. തൊഴിലാളി സംഘടനകളുടെ സംയുക്ത സംഘടനയാണ് മെയ് 22 ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. മെയ് 14 ന് ചേർന്ന യോഗത്തിലാണ് പണിമുടക്ക് സംബന്ധിച്ച തീരുമാനം ഉണ്ടായതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ലോക്ക്ഡൗണിന്റെ മറവില്‍ വിവിധ സംസ്ഥാന സര്‍ക്കാറുകളും രാജ്യത്തെ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുകയാണെന്നാണ് സംഘടനകളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനെ സമീപിക്കുമെന്നും സംയുക്ത തൊഴിലാളി യൂണിയൻ വ്യക്തമാക്കുന്നു. 10 തൊഴിലാളി സംഘടനകളാണ് സംയുക്ത സംഘടനയിലുള്ളത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് പ്രധാന തൊഴിൽ നിയമങ്ങൾ തന്നെ താൽക്കാലികമായി മരവിപ്പിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന പേരിൽ മധ്യപ്രദേശും ചില നിയമങ്ങൾ മാറ്റി. ഗുജറാത്ത്, ത്രിപുര, മറ്റ് പല സംസ്ഥാനങ്ങളും ഈ പാത പിന്തുടർന്നേക്കുമെന്നും മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കാനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തിനെതിരെ നേരത്തെ ബിജെപി അനൂകൂല സംഘടനയായി ബിഎംഎസും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എട്ടു മണിക്കൂര്‍ ജോലിയെന്നത് 12 മണിക്കൂര്‍ ആക്കാന്‍ പോകുന്ന സംസ്ഥാനങ്ങളുടെ നടപടിയെയും ശക്തമായി വിമർശിക്കുന്നു. ചരിത്രത്തില്‍ ജനാധിപത്യ വിരുദ്ധ രാജ്യങ്ങളില്‍ പോലും നടപ്പിലാക്കിയിട്ടാത്ത കേട്ടുകേള്‍വിയില്ലാത്തതാണ് നടപടിയാണിതെന്ന് ബി.എം.എസ് ജനറല്‍ സെക്രട്ടറി വിജ്രേഷ് ഉപാദ്ധ്യായ് നിലപാട് എടുത്തിരുന്നു. മേയ് 20 രാജ്യവ്യാപകമായി സൂചനാ പ്രതിഷേധം പ്രഖ്യാപിച്ച് ബിഎംഎസ് രംഗത്തുവന്നതിന് പിന്നാലെയാണ് മറ്റു ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് ഉൾപ്പെടെ പ്രഖ്യാപിക്കുന്നത്.

തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മും സിപിെഎയും ഉള്‍പ്പെടെ ഇടത് പാര്‍ട്ടികളും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ഏഴ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചേർന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തുനല്‍കുന്നത് ഉൾപ്പെടെ നടപടികളും ഇടത് പാർട്ടികൾ നടത്തി.


Next Story

Related Stories