TopTop

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റം: ജഡ്‌ജ് ലോയയെ ഓര്‍ത്ത് രാഹുല്‍ ഗാന്ധി, 'അദ്ദേഹം ധീരനായിരുന്നു, സ്ഥലം മാറ്റം കിട്ടിയില്ല'

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റം:  ജഡ്‌ജ് ലോയയെ ഓര്‍ത്ത് രാഹുല്‍ ഗാന്ധി,

ഡൽഹി കലാപക്കേസിൽ അർദ്ധരാത്രി വാദം കേൾക്കുകയും പോലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത ഹൈക്കോടതി ജഡ്ജി ജ. മുരളീധറിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ കോൺഗ്രസ്. നേതാക്കളായ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയാണ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ജസ്റ്റിസിനെതിരായ നടപടിയിൽ നാണക്കേട് തോന്നുന്നു എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. സ്ഥലം മാറ്റനടപടി സംബന്ധിച്ച വാർത്തയുള്‍പ്പെടെ പങ്കുവച്ച് ട്വിറ്ററിലായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

'ജസ്റ്റിസ് മുരളീധറിന്റെ അർദ്ധരാത്രിയുലുള്ള സ്ഥലം മാറ്റം നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഞെട്ടിപ്പിക്കുന്നതല്ല, പക്ഷേ ഇത് വളരെ സങ്കടകരവും ലജ്ജാകരവുമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഇപ്പോഴും ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്, എന്നാൽ നീതിയെ കബളിപ്പിക്കാനും അവരുടെ വിശ്വാസം തകർക്കാനുമുള്ള സർക്കാർ ശ്രമങ്ങൾ നിന്ദ്യമാണ്.' എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.


അതേസമയം, ജസ്റ്റിസ് മുരളീധറിന്റെ സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ധീരനായ ജഡ്ജി ലോയയെ ഓർക്കുന്നു, എന്നാൽ അദ്ദേഹത്തെ സ്ഥലം മാറ്റിയില്ല'. എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെടുകയും 27 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾക്ക് ശേഷം ആദ്യമായാണ് മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ പ്രതികരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, സ്ഥലംമാറ്റ നടപടിയെ ന്യായീകരിച്ച് നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. സ്ഥലം മാറ്റം ജ. മുരളീധറിന്റെ സമ്മതം തേടിയതിന് ശേഷമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ കോണ്‍ഗ്രസ് കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കപിൽ മിശ്രയും കേന്ദ്ര മന്ത്രിയും അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിര്‍ദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി അര്‍ദ്ധരാത്രി ഉത്തരവിറങ്ങിയത്.

ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു കഴി‍ഞ്ഞ ദിവസം ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ച് നടത്തിയത്. ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായി ഇത് വാദപ്രതിവാദത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, അഭയ് വര്‍മ തുടങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് പരിശോധിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

കേസ് അടിയന്തരമായി പരിഗണിക്കേണ്ട കാര്യമില്ലെന്നും നാളത്തേയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടല്ലോ എന്നും സോളിസിറ്റർ ജനറൽ പറഞ്ഞിരുന്നു. അതേസമയം പൊലീസ് എഫ്ഐആർ ഇടാത്തത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ലേ എന്നായിരുന്നു ജസ്റ്റിസ് മുരളീധറിന്റെ ചോദ്യം.


Next Story

Related Stories