TopTop
Begin typing your search above and press return to search.

കുത്തിവയ്പ് ലഭിച്ച വളണ്ടിയർക്ക് അസ്വാസ്ഥ്യം, കൊവാക്സിൻ പരീക്ഷണം നിർത്തിയിട്ടില്ലെന്ന് ഭാരത് ബയോടെക്ക്

കുത്തിവയ്പ് ലഭിച്ച വളണ്ടിയർക്ക് അസ്വാസ്ഥ്യം, കൊവാക്സിൻ പരീക്ഷണം നിർത്തിയിട്ടില്ലെന്ന് ഭാരത് ബയോടെക്ക്

കോവിഡ് 19 വാക്‌സിനായ കൊവാക്‌സിന്‍ കുത്തിവയ്‌പെടുത്ത വളര്‍ണ്ടിയര്‍ക്ക് അസുഖം. 35 വയസ്സുള്ള പുരുഷ വളണ്ടിയറെ നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വാക്‌സിന്‍ ട്രയല്‍ നിര്‍ത്തിവയ്ക്കില്ലെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചു. അസുഖം കുത്തിവയ്പ് മൂലമല്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ചേര്‍ന്നാണ് കൊവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ബ്രിട്ടനില്‍ (യുകെ) ആസ്ട്ര സെനീക്കയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിനിടെ വളണ്ടിയര്‍ക്ക് അസുഖമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവച്ചിരുന്നു.

വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിനിടെ ഒരു വളണ്ടിയര്‍ക്ക് വൈറല്‍ ന്യുമോണിറ്റിസ് ബാധിച്ചിരുന്നു. എന്നാല്‍ പരീക്ഷണം നിര്‍ത്തിവച്ചില്ല. യുകെയില്‍ വളണ്ടിയര്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആസ്ട്ര സെനീക്കയും ഓക്‌സ്‌ഫോഡും പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. കൊവിഷീല്‍ഡ് എന്ന ഈ വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മ്മാതാക്കളായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉടന്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിരുന്നില്ല. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് സെറം വാക്‌സിന്‍ ട്രയല്‍ നിര്‍ത്തിവച്ചത്. എന്തുകൊണ്ട് വാക്സിൻ ട്രയൽ നിർത്തിയില്ല എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിജിഐ, സെറത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.


Next Story

Related Stories