TopTop
Begin typing your search above and press return to search.

മധ്യപ്രദേശില്‍ വാക്‌സിന്‍ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് 2.40 ലക്ഷം ഡോസ് കോവാക്‌സിന്‍

മധ്യപ്രദേശില്‍ വാക്‌സിന്‍ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് 2.40 ലക്ഷം ഡോസ് കോവാക്‌സിന്‍

മധ്യപ്രദേശില്‍ കോവിഡ് വാക്‌സിന്‍ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 2,40,000 ഡോസ് കൊവാക്‌സിന്‍ ആണ് ട്രക്കില്‍ ഉണ്ടായിരുന്നത്. എട്ട് കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് വാക്‌സിന്‍. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെയാണ് സംഭവം.

നരസിങ്പുര്‍ ജില്ലയിലെ കരേലി ബസ് സ്റ്റാന്‍ഡിനു സമീപമാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വളരെ നേരമായി ട്രക്ക് പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായും ഡ്രൈവറെയും സഹായിയെയും കാണാനില്ലെന്നും പ്രദേശവാസികള്‍ പൊലീസിനെ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രക്കിനുള്ളില്‍ വാക്‌സിന്‍ കണ്ടെത്തിയത്. സമീപപ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ട്രക്ക് ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ഡ്രൈവറേയും സഹായിയെയും കണ്ടത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ട്രക്കിന്റെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്‌സിന്‍ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. ഡ്രൈവര്‍ക്കും സഹായിക്കും വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് കരേലി സ്റ്റേഷന്‍ എസ്‌ഐ ആശിഷ് ബോപാച്ചെ പറഞ്ഞു.


രാജ്യത്ത് 18-44 പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇന്നാണ് തുടങ്ങിയത്. മതിയായ വാക്‌സിന്‍ ഇല്ലാത്തതിനാല്‍ വാക്‌സിന്‍ വിതരണം തുടങ്ങാനാവില്ലെന്നാണ് മധ്യപ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. അതിനിടെയാണ് ഇത്തരമൊരു സംഭവം.


Next Story

Related Stories