TopTop
Begin typing your search above and press return to search.

ട്രംപിന്റെ സന്ദര്‍ശനത്തില്‍ ചെറിയ വ്യാപാര കരാറിന് പോലും സാധ്യതയില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍

ട്രംപിന്റെ സന്ദര്‍ശനത്തില്‍ ചെറിയ വ്യാപാര കരാറിന് പോലും സാധ്യതയില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇന്ത്യയും യുഎസും തമ്മില്‍ ചെറിയ വ്യാപാര കരാറില്‍ പോലും ഒപ്പുവയ്ക്കാന്‍ സാധ്യതയില്ല എന്ന് യുഎസ് ഉദ്യോഗസ്ഥര്‍. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുമായി ഒരു വലിയ കരാറിന് യുഎസിന് പദ്ധതിയുണ്ടെന്നും അതേസമയം ഇത്തവണത്തെ സന്ദര്‍ശനത്തില്‍ അതുണ്ടാകുമെന്ന് പറയാനാകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ വേണ്ടവിധം തങ്ങളെ പരിഗണിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയുടെ വ്യാപാര നിയന്ത്രണങ്ങൡ യുഎസിന് കടുത്ത അതൃപ്തിയുണ്ട്. കാര്‍ഷിക ഉത്പന്നങ്ങള്‍, മെഡിക്കല്‍ സര്‍വീസുകള്‍, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടും നികുതി നിരക്കുകളുമായി ബന്ധപ്പെട്ടുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുള്ളത്.

5.6 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍ ഇന്ത്യക്ക് നല്‍കിയിരുന്ന ഫ്രീ താരിഫ്, യുഎസ് റദ്ദാക്കിയിരുന്നു. വ്യാപാര ചര്‍ച്ചകള്‍ തുടരുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്്. അതേസമയം ആഭ്യന്തര മാനുഫാക്ച്വറിംഗ് ശക്തിപ്പെടുത്താനുള്ള മേക്ക് ഇന്‍ ഇന്ത്യ ശ്രമങ്ങളുടെ ഭാഗമായുള്ള പുതിയ നികുതിനിര്‍ദ്ദേശങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായി യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഫെബ്രുവരി ഒന്നിന് ബജറ്റ് നിര്‍ദ്ദേശത്തില്‍ പുതിയ ഇറക്കുമതി താരിഫുകള്‍ തുടങ്ങിയവ പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ സേവനങ്ങള്‍, വാല്‍നട്ടുകള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറക്കുന്നത് ലക്ഷ്യമിട്ടാണ്. എന്നാല്‍ ഇത് പല യുഎസ് കമ്പനികളേയും ബാധിച്ചു. യുഎസ് മെഡിക്കല്‍ സേവനങ്ങളുടെ വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരവേ ഇത്തരത്തില്‍ പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചത് യുഎസ് വ്യാപാരവൃത്തങ്ങളില്‍ അതൃപ്തിയുണ്ടാക്കി. കാര്‍ഡിയാക്ക് സ്റ്റേന്റുകളും നീ ഇംപ്ലാന്റുകളും സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്.

വ്യാപാരവുമായി ബന്ധപ്പെട്ട യാതൊരു പ്രഖ്യാപനവുമുണ്ടാകില്ല എന്നൊന്നും ഉദ്യോഗസ്ഥര്‍ പറയുന്നില്ല. അതേസമയം ഇന്ത്യയുടെ സമീപനത്തെ ആശ്രയിച്ചിരിക്കും ഇത് എന്നാണ് യുഎസ് വൃത്തങ്ങള്‍ പറയുന്നത്. വ്യാപാര കരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും തീരുമാനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് റോബര്‍ട്ട് ലൈറ്റ്‌തൈസര്‍ ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ചൈന കഴിഞ്ഞാല്‍ യുഎസിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഉഭയകക്ഷി ചരക്ക്, സേവന വ്യാപാരങ്ങള്‍ 2018ല്‍ 142.6 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2019ല്‍ ഇന്ത്യയുമായുള്ള ചരക്ക് വ്യാപാരത്തില്‍ 23.2 ബില്യണ്‍ ഡോളറിന്റെ കമ്മി വന്നിരുന്നു. ചരക്ക് വ്യാപാരത്തില്‍ ഇന്ത്യ യുഎസിന്റെ ഒമ്പതാമത്തെ വലിയ പങ്കാളിയായി.


Next Story

Related Stories