പാര്‍ട്ടിയില്‍ വിമതരെ ഒതുക്കി അധികാരം ഒരിക്കല്‍ കൂടി ഉറപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രതിപക്ഷ ഐക്യശ്രമത്തിനുള്ള ആദ്യ നീക്കം പാളുന്നതായി സൂചന. മഹാരാഷ്ട്രയിലെ സഖ്യകക്ഷി നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ യോഗത്തില്‍ പങ്കെടുക്കില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയനെ യോഗത്തിലേക്ക് ക്ഷണിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശിയ നേതൃത്വം ആലോചിച്ചുവെങ്കിലും, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയെന്നാണ് അറിയുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്റിവാളിനെ യോഗത്തിലേക്ക് ക്ഷണിച്ചുവെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. ഇന്ന് ഉച്ചതിരിഞ്ഞാണ് യോഗം
നീറ്റ് പരിക്ഷ, ജി എസ് ടി കൗണ്‍സില്‍ തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ സംഘടിപ്പിക്കാനാണ് നീക്കം. കൊറോണക്കാലത്ത് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് മധ്യവര്‍ഗ വിഭാഗക്കാരെ ആകര്‍ഷിക്കുമെന്ന കണക്കുകൂട്ടലും ഉണ്ട്. സര്‍ക്കാരില്‍ സംയുക്ത സമ്മര്‍ദ്ദം ചെലുത്തി പരീക്ഷ മാറ്റിവെയ്പ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രണ്ട് തവണ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.
നീറ്റ് പരീക്ഷയ്ക്ക് പുറമെ, ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ സംയുക്ത നിലപാടും സ്വീകരിക്കുകയാണ് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിന്റെ ലക്ഷ്യം. സംസ്ഥാനങ്ങള്‍ക്ക് 14 ശതമാനം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് പ്രതിപക്ഷ പാര്‍്ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേ ആവശ്യം എന്‍ ഡി എ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും ഉന്നയിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാതെ സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദി ആവശ്യപ്പെട്ടു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പണം കടം വാങ്ങിയെങ്കിലും നല്‍കണമെന്നതാണ് സുശില്‍ കുമാര്‍ മോദി ആവശ്യപ്പട്ടത്. ഒരു തരത്തിലും സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് നിലപാടാണ് എല്ലാ സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.്
രണ്ട് പ്രധാന വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിക്കാന്‍ ശ്രമം നടക്കുന്നെങ്കിലും രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുക്കുന്നില്ലെന്നതാണ് തിരിച്ചടിയായത്. ഇതില്‍ ഉദ്ദവ് താക്കറെയുടെ നിലപാടാണ് ഏറെ ശ്രദ്ധേയം. മഹാരാഷ്ട്രയില്‍ എന്‍സിപി, ശിവസേന കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂപപെടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച സോണിയാഗാന്ധി മമത ബാനര്‍ജിയുമായും ഉദ്ദവ് താക്കറെയുമായും സംസാരിച്ചിരുന്നു. ഉദ്ദവ് താക്കറെ യോഗത്തില്‍ പങ്കെടുക്കാത്തിതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.