TopTop
Begin typing your search above and press return to search.

'റിമോട്ട്കൺട്രോൾ' കുടുംബത്തിലെ ആദ്യ ഭരണസാരഥി, ഹിന്ദുത്വത്തിന് പുറത്തെ രാഷ്ട്രീയത്തിൽ ശിവസേനയെ നയിക്കാൻ ഉദ്ധവിനാകുമോ?

റിമോട്ട്കൺട്രോൾ കുടുംബത്തിലെ ആദ്യ ഭരണസാരഥി, ഹിന്ദുത്വത്തിന് പുറത്തെ രാഷ്ട്രീയത്തിൽ ശിവസേനയെ നയിക്കാൻ ഉദ്ധവിനാകുമോ?

അധികാരത്തിൽ നേരിട്ട് പങ്കാളിയായല്ല, മറിച്ച് നിയന്ത്രിച്ചായിരുന്നു താക്കറെ കുടുംബത്തിൻറെ ശീലം. മഹാരാഷ്ട്രയിലെ അധികാര രാഷട്രീയത്തെ നിയന്ത്രിച്ചു മാത്രം ശീലമുള്ള കുടുംബത്തിൽനിന്നാണ് ഉദ്ധവ് താക്കറെ ഭരണത്തെ നേരിട്ട് നയിക്കാനെത്തുന്നത്. അതും മഹാരാഷ്ട്ര ഇതുവരെ പരിചയിച്ചിട്ടില്ലാത്ത രാഷ്ട്രീയ സമവാക്യത്തിൻ്റെ പിൻബലത്തിൽ.

1995-99ലെ ശിവസേന - ബിജെപി സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ചത് ആദ്യം മനോഹര്‍ ജോഷിയും പിന്നീട് നാരായണ്‍ റാണെയുമായിരുന്നു. . മനോഹര്‍ ജോഷി മൂന്ന് വര്‍ഷവും 323 ദിവസവും നാരായണ്‍ റാണെ 258 ദിവസവും. എന്നാല്‍ 1995 മാര്‍ച്ച് 14 മുതല്‍ 1999 ഒക്ടോബർ 17 വരെ നീണ്ട ശിവസേന - ബിജെപി സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ 'മാതോശ്രീ'യില്‍ ബാല്‍ താക്കറെയുടെ കയ്യിലായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. ശിവസേനയും, സേന പിളര്‍ത്തി താക്കറെയുടെ അനന്തരവന്‍ രാജ് താക്കറെ രൂപീകരിച്ച മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുമെല്ലാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും അധികാര സ്ഥാനങ്ങള്‍ നേരിട്ട് വഹിക്കുന്നതില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ബാല്‍ താക്കറെയുടെ കുടുംബം ഇതുവരെ വിട്ടുനില്‍ക്കുകയായിരുന്നു.

ഇതിന് മാറ്റം വന്നത് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനും യുവസേന നേതാവുമായ ആദിത്യ താക്കറെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ്. വര്‍ളിയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ആദിത്യ താക്കറെ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എതിര്‍ചേരിയിലുള്ള എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ്.

നേരത്തെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്ന ഏക്‌നാഥ് ഷിന്‍ഡെ അടക്കമുള്ളവരെയാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിനെ ഉദ്ധവ് തന്നെ നയിക്കണമെന്ന് എന്‍സിപിയും കോണ്‍ഗ്രസും നിര്‍ദ്ദേശിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായി. Reluctant Politician to CM എന്നാണ് ഇന്ന് പല ഇംഗ്ലീഷ് പത്രങ്ങളുടേയും തലക്കെട്ട് ഉദ്ദവ് താക്കറെയെക്കുറിച്ച് പറയുന്നത്. ഒരു കാലത്ത് ഉദ്ധവ് അങ്ങനെ തന്നെ ആയിരുന്നു. രാഷ്ട്രീയത്തേക്കാള്‍ ഫോട്ടോഗ്രഫിയിലും ക്രിക്കറ്റിലുമായിരുന്നു താല്‍പര്യം. മഹാരാഷ്ട്ര ദേശ് (2010), പഹവ വിത്തല്‍ (2011) എന്നീ രണ്ട് ഫോട്ടോഗ്രാഫി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലും ഏരിയല്‍ ഫോട്ടോഗ്രാഫിയിലും അതീവ തല്‍പ്പരന്‍. ബാൽ താക്കറെയ്ക്ക് ശേഷം ശിവസേനയെ നയിക്കും എന്ന സൂചനകളൊന്നും 95ലെ സേന - ബിജെപി സർക്കാർ അധികാരത്തിൽ വരുന്നത് വരെ ഉദ്ധവ് നൽകിയിരുന്നില്ല.

ബാല്‍ താക്കറെ പൊതുപരിപാടികള്‍ക്കെത്തുമ്പോള്‍ ഇരുവശത്തുമായി ഉദ്ധവ് താക്കറെയേയും രാജ് താക്കറെയേയും ഇരുത്തുമായിരുന്നു. സിംഹാസന മാതൃകയിലുള്ള വലിയ ഇരിപ്പിടത്തില്‍ മകനേയും അനന്തരവനേയും ഇരുവശത്തുമായിരുത്തിയ ബാല്‍ താക്കറെ, തനിക്ക് ശേഷം ഇതിലാര് ശിവസേനയെ നയിക്കും എന്ന കാര്യത്തില്‍ സൂചന നല്‍കിയിരുന്നില്ല. അതേസമയം ഊര്‍ജ്ജസ്വലനായ രാജ് താക്കറെയാണ് ബാല്‍ താക്കറെയുടെ രാഷ്ട്രീയ പിന്‍ഗാമിയായി ശിവസേനയെ നയിക്കാന്‍ പോകുന്നത് എന്ന് പ്രവചിക്കപ്പെട്ടു. ഉദ്ധവ് രാഷ്ട്രീയത്തില്‍ വലിയ താല്‍പര്യമില്ലാത്ത, നേതൃപാടവമില്ലാത്ത ആളായാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. ബാൽ താക്കറെയുടെ ആക്രമണോത്സുക പ്രസംഗ ശൈലിയും രൂപസാദൃശ്യവും പെരുമാറ്റ രീതികളും ഉദ്ധവിനേക്കാൾ കൂടുതൽ രാജിനാണ് ഉണ്ടായിരുന്നത്. പൊതുവേദികളിൽ പലപ്പോഴും ഉദ്ധവ് താക്കറെ സാധാരണ കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് എത്തിയപ്പോൾ വെള്ള ജുബ്ബയടക്കം, വസ്ത്രധാരണത്തിലും ശരീരഭാഷയിലും രാജ് എപ്പോളും മുതിർന്ന താക്കറെയെ അനുകരിച്ചു.

ഉദ്ധവിനെ 'കഴിവ് തെളിയിക്കാന്‍' സഹായിക്കാന്‍ രാജിനോട് ഒരിക്കല്‍ ബാല്‍ താക്കറെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകനും അനന്തരവനും തമ്മിലുള്ള സംഘര്‍ഷത്തില്‍ മകനൊപ്പം നിന്ന ബാല്‍ താക്കറെയുടെ നിലപാട് ശിവസേനയുടെ പിളര്‍പ്പിലേയ്ക്കും രാജ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎൻഎസ്) രൂപം കൊള്ളുന്നതിലേയ്ക്കും നയിച്ചു. 95ലെ സേന - ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉദ്ധവ് കാര്യമായി രാഷ്ട്രീയത്തിലും ഭരണകാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി

മനോഹര്‍ ജോഷിക്ക് ശേഷം മുഖ്യമന്ത്രിയായ നാരായണ്‍ റാണെയെ പരസ്യമായി വിമര്‍ശിക്കാന്‍ ഉദ്ദവ് മടി കാണിച്ചിരുന്നില്ല. നാരായണ്‍ റാണെ വൈകാതെ ശിവസേനയില്‍ നിന്ന് പുറത്താക്കപ്പെടുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ബാൽ താക്കറെയുടെ പിന്തുണയോടെ ഉദ്ദവ്പാർട്ടി നേതൃത്വത്തിൽ പിടി മുറുക്കുകയായിരുന്നു. 2006ല്‍ ശിവസേന, എംഎന്‍എസ് പ്രവര്‍ത്തകര്‍ മുംബൈയില്‍ ഏറ്റുമുട്ടി. ബാല്‍ താക്കറെയുടെ ഹോര്‍ഡിംഗുകളും ഫ്‌ളക്‌സുകളും എംഎന്‍എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി ശിവസേന ആരോപിച്ചു. പിന്നില്‍ നിന്ന് കുത്തുന്നവന്‍ എന്ന് രാജ് താക്കറെയെ ബാല്‍ താക്കറെ വിളിച്ചു. എംഎൻഎസുമായുള്ള സംഘർഷങ്ങളിൽ നിന്ന് പിന്തിരിയാനാണ് ഉദ്ധവ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്. അതേസമയം ഒരു ഘട്ടത്തിൽ ശിവസേനയിൽ നിന്ന് എംഎൻഎസിലേയ്ക്ക് വ്യാപകമായ കൊഴിഞ്ഞുപോക്കുണ്ടായിരുന്നു. 2014ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് എംഎൻഎസ് എഴുതിത്തള്ളപ്പെടാൻ തുടങ്ങിയത്. ഇതുവരെ പുറത്തുവന്ന മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളൊന്നും തന്നെ എംഎന്‍എസിനെ നിര്‍ണായക ശക്തിയാക്കി മാറ്റിയില്ല.

തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ ശിവസേന മിക്കപ്പോഴും സ്ഥിരത നിലനിര്‍ത്തിയപ്പോള്‍ തുടക്കത്തില്‍ പ്രാദേശിക തലത്തില്‍ നേടിയ മുന്നേറ്റവും എംഎന്‍എസിന് പിന്നീട് നഷ്ടമായി. ഒരിടവേളയ്ക്ക് ശേഷം ശിവസേനയുടെ ജീവവായു ആയ പ്രാദേശിക തീവ്രവാദം സജീവമാക്കിയെങ്കില്‍ എംഎന്‍എസിന് പിന്നീട് തിരിച്ചടികളുടെ കാലമായിരുന്നു. മുംബയ് കോര്‍പ്പറേഷനില്‍ 2012ല്‍ 27 സീറ്റുണ്ടായിരുന്ന എംഎന്‍എസ് 2017ല്‍ ഏഴ് സീറ്റിലേയ്ക്ക് ചുരുങ്ങി. ഇതില്‍ ആറ് പേര്‍ പിന്നീട് ശിവസേനയിലേയ്ക്ക് കൂറുമാറി. നിലവില്‍ മുംബയ് കോര്‍പ്പറേഷനില്‍ ഒരു കൗണ്‍സിലര്‍ മാത്രമാണ് എംഎന്‍എസിനുള്ളത്. താനെ, കല്യാണ്‍ - ഡോംബിവിളി, ഉല്ലാസ്‌നഗര്‍, പൂനെ, നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെല്ലാം എംഎന്‍എസ് രണ്ടക്കത്തില്‍ നിന്ന് ഒരക്കത്തിലേയ്ക്ക് കൂപ്പുകുത്തി. നാസിക്കില്‍ 40 സീറ്റില്‍ നിന്ന് അഞ്ച് സീറ്റിലേയ്ക്കാണ് അവര്‍ ചുരുങ്ങിയത്. പൂനെയില്‍ 29ല്‍ നിന്ന് രണ്ടിലേയ്ക്കും കല്യാണില്‍ 26ല്‍ നിന്ന് 10ലേയ്ക്കും ചുരുങ്ങി. 2009ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 13 സീറ്റ് നേടിയ എംഎന്‍എസ് 2014ല്‍ ഒരു സീറ്റിലേയ്ക്ക് ചുരുങ്ങി. 2019ലും അതിൽ മാറ്റിമില്ല.

2002ലെ ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശിവസേനയെ വന്‍ വിജയത്തിലേയ്ക്ക് നയിച്ചതോടെ ഉദ്ദവ് താക്കറെ ചുവടുറപ്പിച്ചിരുന്നു. 2003ല്‍ ശിവസേന വര്‍ക്കിംഗ് പ്രസിഡന്റായി ഉദ്ധവിനെ അവരോധിച്ചതിന് പിന്നാലെയാണ് രാജ് ഇടയാന്‍ തുടങ്ങിയത്. മഹാബലേശ്വറിൽ നടന്ന പാർട്ടി സമ്മേളനത്തിൽ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഉദ്ദവ്ൻ്റെ പേര് നിർദ്ദേശിച്ചത് രാജ് ആയിരുന്നു എന്നത് മറ്റൊരു കാര്യം. 2006ല്‍ ബാല്‍ താക്കറെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ രാജ് താക്കറെ ശിവസേന വിട്ടു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ചു. ഇപ്പോള്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമ്പോള്‍ രാജ് താക്കറെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഏറെക്കുറെ അപ്രസക്തനാവുകയാണ്. ഉത്തരേന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ തല്ലിയോടിക്കുന്നതില്‍ ഒരു ഘട്ടത്തില്‍ ശിവസേനയുമായി മത്സരിച്ച്, മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ എംഎന്‍എസ് നടത്തിയ ശ്രമങ്ങളൊന്നും പച്ചപിടിച്ചില്ല. 2008ലാണ് ബിഹാറിൽ നിന്നും യുപിയിൽ നിന്നുള്ളവരെ ലക്ഷ്യമിട്ടുള്ള കുപ്രസിദ്ധ ആക്രമണങ്ങൾ മുബൈയിൽ എംഎൻഎസിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയത്. രാജ് താക്കറെ ഗാലറിയിലെ കാഴ്ചക്കാരന്‍ മാത്രമാകുമ്പോള്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര സര്‍ക്കാരിനെ നയിക്കാന്‍ ഒരുങ്ങുന്നു.

2014ലെ ലോക് സഭ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും ശിവസേനയും വെവ്വേറെ മത്സരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ശിവസേന സഖ്യത്തിൻ്റെ ഭാഗമായി. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ ആവശ്യപ്പെട്ട പ്രാതിനിധ്യം ബിജെപി നൽകിയില്ലെങ്കിലും ശിവസേന സർക്കാരിൻ്റെ ഭാഗമായി തുടർന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷൻ അമിത് ഷായുടേയും ശക്തരായ വിമർശകരിൽ ഒരാളായി ഉദ്ദവ് താക്കറെ മാറി. മോദിയേയും ഷായേയും വിമർശിച്ച ഉദ്ധവ് താക്കറെ രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും പുകഴ്ത്താനും മടി കാണിച്ചില്ല. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ ആത്മാർത്ഥതയില്ല എന്ന് പറഞ്ഞ് മോദി സർക്കാരിനേയും ബിജെപിയേയും കുറ്റപ്പെടുത്തിയ ഉദ്ധവ് താക്കറെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ഒരു ഭാഗത്ത് ഉയർത്തിപ്പിടിക്കുമ്പോൾ മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ കർഷക പ്രശ്നങ്ങളിലടക്കം കുറ്റപ്പെടുത്തി. ശിവസേന മുഖപത്രം സാംന ബിജെപിയെ വിമർശിച്ചുകൊണ്ട് നിരന്തരം മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഇത് ഇപ്പോളും തുടരുന്നു. മഹാരാഷ്ട്രയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിലേയും എൻഡിഎയിലേയും ഒന്നാമൻ സ്ഥാനം ബിജെപി പിടിച്ചെടുത്തത് ശിവസേനയ്ക്കും ഉദ്ധവ് താക്കറെയ്ക്കും സഹിക്കാവുന്നതായിരുന്നില്ല. ബാൽ താക്കറെയുടെ കാലത്ത് സീറ്റ് വിഭജനത്തിൽ ശിവസേനയുടെ ഔദാര്യം തേടിയിരുന്ന ബിജെപി തിരിച്ച് ശിവസേനയ്ക്ക് സീറ്റുകൾ അനുവദിക്കാൻ തുടങ്ങിയിരുന്നു. ഇതിൽ നിന്നാണ് ബിജെപിയുമായുള്ള ശിവസേനയുടെ നിരന്തര സംഘർഷങ്ങൾ ഉടലെടുത്തത്.

നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സീറ്റ് വിഭജന വേളയിൽ തന്നെ ഉദ്ദവ് താക്കറെയും സഞ്ജയ് റാവുത്തുമെല്ലാം അസ്വസ്ഥതകൾ പ്രകടമാക്കിയിരുന്നു. പകുതി സീറ്റില്ലെങ്കിൽ സഖ്യം വിടുമെന്ന് സഞ്ജയ് റാവുത്ത് ഭീഷണി മുഴക്കി. അതേസമയം ബിജെപി പ്രഖ്യാപിച്ച സീറ്റ് ഫോർമുല അംഗീകരിച്ച് ശിവസേന സഖ്യത്തിൽ തുടർന്നു. ഫലം വന്നപ്പോൾ ബിജെപിക്ക് 17 സീറ്റ് നഷ്ടം. ശിവസേനയ്ക്ക് അത്ര വലിയ പരിക്ക് പറ്റിയതുമില്ല. ഈ അവസരം ഉദ്ധവ് താക്കറെയും സേനയും വിലപേശലിനായി നന്നായി ഉപയോഗിച്ചു. ശരദ് പവാറിൻ്റെ തന്ത്രങ്ങൾ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനും 10 വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം കൈപ്പിടിയിലൊതുക്കാനും ശിവസേനയെ സഹായിച്ചു. ബിജെപിയ്ക്കെതിരെ സഞ്ജയ് റാവുത്ത് ആക്രമണോത്സുകമായി പ്രതികരിച്ചപ്പോൾ, ഉദ്ധവ് താക്കറെ തുടക്കത്തിൽ സമവായത്തിൻ്റേതായ സാധ്യതകൾ പൂർണമായും അടച്ചിരുന്നില്ല. ബിജെപിയുമായി ചേരാൻ വീണ്ടും തയ്യാറാണ് എന്ന സൂചനകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ദേവേന്ദ്ര ഫഡ്നാവിസിനെ കടന്നാക്രമിച്ചുകൊണ്ട് ബിജെപിയുമായി ഇനിയൊരു നീക്കുപോക്കില്ല എന്ന് പിന്നീട് ഉദ്ധവ് പ്രഖ്യാപിച്ചു.

അതേസമയം ശിവസേനയുമായി എൻസിപിയും കോൺഗ്രസും ശരദ് പവാർ അടക്കമുള്ള നേതാക്കളും പല ഘട്ടങ്ങളിലും സഹകരിക്കുകയും ബന്ധം പുലർത്തുകയുമെല്ലാം ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് മുൻ മാതൃകകളില്ലാത്ത ഒരു സഖ്യമാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ അധികാരത്തിലെത്താൻ പോകുന്ന മഹാവികാസ് അഖാഡി എന്ന ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യം. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് നീണ്ട ചർച്ചകൾക്കും അസ്ഥിരതകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഈ സർക്കാർ രൂപീകരിക്കപ്പെടുന്നത്. ഞങ്ങളുടെ സഖ്യം അഞ്ച് വർഷം തികയ്ക്കും എന്നാണ് ശരദ് പവാർ അവകാശപ്പെട്ടത്. എന്നാൽ റിസോർട്ടുകളെ ആശ്രയിക്കാതെ സ്വന്തം എംഎൽഎമാർ കൂറ് മാറുന്നത് തടയാൻ കഴിയാത്ത മൂന്ന് പാർട്ടികളും ചേർന്നുള്ള സർക്കാരിനെ നയിച്ച് അഞ്ച് വർഷം പൂർത്തിയാക്കുക എന്നത് ഉദ്ധവ് താക്കറെയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും.


Next Story

Related Stories