രാജ്യത്ത് ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 ആയി. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വൈറസ് വകഭേദമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 158 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യ സഹ മന്ത്രി അശ്വിനി ചൗബെ രാജ്യസഭയില്‍ അറിയിച്ചു.
മാര്‍ച്ച് നാലിന് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 242 ആയിരുന്നു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വൈറസ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇവയ്ക്ക് സാധാരണ കൊറോണ വൈറസിനേക്കാള്‍ വ്യാപനശേഷി വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകള്‍ ഉദ്ധരിച്ച് അശ്വിനി ചൗബെ വ്യക്തമാക്കി. ആദ്യം കോവിഡ് വന്നുപോയവരില്‍ വീണ്ടും രോഗം പടര്‍ത്താനുള്ള ശേഷിയുമുണ്ട്. എന്നാല്‍, രാജ്യത്തെ കോവിഡ് ബാധിതരില്‍ ആര്‍ക്കെങ്കിലും പിന്നീട് അതിതീവ്ര വൈറസ് ബാധിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡിസംബര്‍ 29നാണ് ഇന്ത്യയില്‍ ആദ്യമായി ജനിതകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് യാത്രക്കാരിലാണ് അതിതീവ്ര വൈറസ് ബാധ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് യുകെയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.