Top

'തിരഞ്ഞെടുപ്പ് വിജയം കുറ്റകൃത്യത്തെ ഇല്ലാതാക്കുന്നില്ല', ഹരിയാനയിൽ വിവാദ എംഎൽഎയുമായുളള സഖ്യത്തിനെതിരെ ഉമ ഭാരതി

ഹരിയാനയിലെ ഭരണം പിടിക്കാൻ സ്വതന്ത്ര എംല്‍എമാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ഊർജ്ജിതമാക്കുന്നതിനിടെ വിവാദ എംഎല്‍എ ഗോപാല്‍ കന്ദയെ കൂടെ കൂട്ടുന്നതിനെതിരെ ബിജെപിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നു. മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഉമ ഭാരതിയാണ് ഈ എതിർപ്പുമായി രംഗത്തെത്തിയത്. ഗോപാല്‍ കന്ദയുമായടക്കം ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം.

'ഭരണം പിടിക്കാൻ നടപടികൾ സ്വീകരിക്കുമ്പോൾ പാർട്ടിയുടെ ധാർമ്മിക അടിത്തറ മറക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു' എന്ന് ഉൾപ്പെടൊയിരുന്നു മുൻ കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഒന്നിലധികം ട്വീറ്റുകളിലൂടെയാണ് ഉമ ഭാരതി നിലപാട് വ്യക്തമാക്കുന്നത്. എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഗോപാല്‍ കന്ദക്കെതിരെ ബിജെപി ഒരു കാലത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭുപിന്ദര്‍ സിങ് ഹൂഡ മന്ത്രിസഭയില്‍ അംഗമായിരുന്ന കന്ദയ്ക്ക് ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2012-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഗീതിക ശർമ എന്ന എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യ കുറിപ്പിലെ പരാമർശമായിരുന്നു വിവാദത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളം കന്ദ ജയിൽ വാസവും അനുഭവിച്ചിരുന്നു. ഇക്കാര്യമാണ് ഉമ ഭാരതി ചൂണ്ടിക്കാട്ടുന്നത്.
"പെൺകുട്ടിയുടെ ആത്മഹത്യയ്ക്കും അവരുടെ തന്നെ അമ്മയുടെ ആത്മഹത്യയ്ക്കും വിചാരണ നേരിടേണ്ടിവന്ന വ്യക്തിയുമാണ് കന്ദ. അയാൾ നിരപരാധിയോ കുറ്റവാളിയോ എന്നത് നിയമം തീരുമാനിക്കും. പക്ഷേ, ഒരു തിരഞ്ഞെടുപ്പിൽ വിജയം ഇതിൽ ഒന്നിനും മുകളില്‍ അല്ല. അവിടെ തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കുന്നത് മറ്റ് പല ഘടകങ്ങളുമാണ് ഉമാ ഭാരതി മറ്റൊരു ട്വീറ്റിൽ പറയുന്നു.
ബിജെപിയുടെ ധാർമ്മിക അടിത്തറ മറക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പാർട്ടിക്ക് നരേന്ദ്ര മോദിയെപ്പോലുള്ള ഒരു ശക്തിയുണ്ട്, രാജ്യം മാത്രമല്ല, ലോകം മുഴുവൻ മോദിജിയുടെ കൂടെയാണ്. 'ഹരിയാനയിൽ ബിജെപി അധികാരത്തിലെത്തണം. എന്നാൽ നമ്മോടൊപ്പമുള്ളവർ ബിജെപി പ്രവർത്തകരെപ്പോലെ ശുദ്ധരും കളങ്കമില്ലാത്തവരുമാണെന്ന് ഉറപ്പുവരുത്തണം". അവർ വ്യക്തമാക്കുന്നു.
ഹരിയാനയിൽ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ജെജെപി (ജനനായക് ജനതാ പാര്‍ട്ടി) നേതാവ് ദുഷ്യന്ത് ചൗട്ടാല കിംഗ് മേക്കറാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 സീറ്റുകളാണ് ജെജെപി നേടിയത്. അതേസമയം ജെജെപിയുടെ മാത്രമല്ല, ഏഴ് സ്വതന്ത്രന്മാരുടേയും ഒന്ന് വീതം എംഎല്‍എമാരുള്ള ഐഎന്‍എല്‍ഡിയുടേയും എച്ച്എല്‍പിയുടേയും (ഹരിയാന ലോക്ഹിത് പാര്‍ട്ടി) നിലപാടും പ്രധാനമാണ്. എച്ച്എല്‍പിയുടെ ഏക എംഎല്‍എയാണ് ഗോപാല്‍ കന്ദയാണ്.
10 ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്ന സമയത്താണ് കോണ്‍ഗ്രസ് കന്ദയെ ആഭ്യന്തര സഹമന്ത്രിയാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ അവഗണിച്ച കന്ദ, മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സൗജന്യമായി ഭക്ഷണവും വെള്ളവും പാഠപുസ്തകങ്ങളും മരുന്നുകളും വിതരണം ചെയ്തു. തേരാ ബാബയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് ഗോപാല്‍ കന്ദ എന്ന് അനുയായികള്‍ വാഴ്ത്തി. ഇലക്ട്രീഷ്യന്‍, ഷൂ ഷോപ്പ് ഉടമ, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍, കാര്‍ ഡീലര്‍, തേരാ ബാബ ഭക്തന്‍, വിമാന കമ്പനി ഉടമ - ഇതെല്ലാമാണ് ഗോപാല്‍ കന്ദ. എംഡിഎല്‍ആര്‍ എയര്‍ലൈന്‍സ്. ഇത് 2010 ഒക്ടോബറില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഭാഗമായി. ഇത്തവണ ഗോപാല്‍ കന്ദ സിര്‍സയില്‍ ജയിച്ചിരിക്കുന്നത് വെറും 602 വോട്ടിനാണ്. തോല്‍പ്പിച്ചത് സ്വതന്ത്രനായ ഗോകുല്‍ സേതിയയെ. ഗോപാല്‍ കന്ദയും അഞ്ച് സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്ക് നിരുപാധികം പിന്തുണ നല്‍കുമെന്നാണ് സഹോദരന്‍ ഗോബിന്ദ് കന്ദ പറഞ്ഞത്.


Next Story

Related Stories