TopTop
Begin typing your search above and press return to search.

ബാബറി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളിൽ ഉമ ഭാരതിക്ക് രാമക്ഷേത്ര ചടങ്ങിലേയ്ക്ക് ക്ഷണം, അദ്വാനിയേയും ജോഷിയേയും ഒഴിവാക്കി

ബാബറി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളിൽ ഉമ ഭാരതിക്ക് രാമക്ഷേത്ര ചടങ്ങിലേയ്ക്ക് ക്ഷണം, അദ്വാനിയേയും ജോഷിയേയും ഒഴിവാക്കി

ബാബറി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളായ ബിജെപി നേതാക്കൾ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്ക് ഓഗസ്റ്റ് 5ന് നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അസ്ഥിവാരം കീറൽ ചടങ്ങിന് ക്ഷണമില്ല. പ്രതികളായ മുതിർന്ന നേതാക്കളിൽ ഉമ ഭാരതിയെ മാത്രമാണ് ക്ഷണിച്ചത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം അദ്വാനിയുടേയും ജോഷിയുടേയും പ്രായം കണക്കിലെടുത്താണോ ഇതെന്ന് വ്യക്തമാക്കിയിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അദ്വാനിയേയും ജോഷിയേയും ചടങ്ങിൽ പങ്കെടപ്പിക്കുന്നത് സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഇരുവർക്കും ക്ഷണമില്ലെന്ന റിപ്പോർട്ട്. ബാബറി മസ്ജിദ് തകർക്കാൻ വിഎച്ച്പി അടക്കമുള്ള സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരായ ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമൊരുക്കിയ അക്കാലത്തെ യു പി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാൺ സിംഗിന് ക്ഷണമുണ്ട്. കല്യാൺ സിംഗിന് 88 വയസ്സും ഉമ ഭാരതിക്ക് 61 വയസ്സുമാണ് പ്രായം. അദ്വാനിക്ക് 92ഉം ജോഷിക്ക് 86ഉം വയസ്സുണ്ട്. തങ്ങളെ ക്ഷണിക്കാത്തതിൽ മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ദിഗ് വിജയ് സിംഗും കമൽനാഥും നീരസം പ്രകടിപ്പിച്ചിരുന്നു.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിൽ തങ്ങൾക്ക് യാതൊരു കുറ്റബോധവും പശ്ചാത്താപവുമില്ലെന്ന് ഉമ ഭാരതിയും കല്യാൺ സിംഗും എൻഡിടിവിയോട് പറഞ്ഞു. കർസേവനകരായ കലാപകാരികൾക്കെതിരെ വെടി വയ്ക്കാൻ ജില്ല മജിസ്ട്രേറ്റ് അനുമതി തേടിയിരുന്നതായും എന്നാൽ താൻ ഇതിന് അനുമതി നൽകാതിരുന്നത് കൊണ്ട് പള്ളി പൊളിക്കാൻ കഴിഞ്ഞെന്നും കല്യാൺ സിംഗ് പറഞ്ഞു. മുൻ ഉപപ്രധാനമന്ത്രിയായ അദ്വാനിയും മുൻ കേന്ദ്ര മന്ത്രിയായ ജോഷിയും ബാബറി മസ്ജിദ് പൊളിച്ച കേസിൽ കഴിഞ്ഞയാഴ്ച സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരായി മൊഴി നൽകിയിരുന്നു. സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നാണ് ഇരുവരും പറഞ്ഞത്. നാലരമണിക്കൂറിലധികം നീണ്ട നടപടിയിൽ ആയിരത്തിലധികം ചോദ്യങ്ങൾ അദ്വാനിയോട് ചോദിച്ചിരുന്നതായും എല്ലാ ആരോപണങ്ങളും അദ്വാനി നിഷേധിച്ചതായും അഭിഭാഷകൻ പറഞ്ഞു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ ഉമ ഭാരതിയും കോടതിയിൽ മൊഴി നൽകിയിരുന്നു. ഞാൻ കോടതിയിൽ സത്യം പറഞ്ഞു. വിധി എന്താണെന്നത് എനിക്ക് പ്രശ്നമല്ല. എന്നെ കഴുമരത്തിലേയ്ക്കയച്ചാലും ഞാൻ അനുഗ്രഹിക്കപ്പെട്ടതായി കരുതും - ഉമ ഭാരതി പറഞ്ഞു.

ബാബറി മസ്ജിദ് തകർക്കുന്നതിലേയ്ക്ക് നയിച്ച ഹിന്ദുത്വവർഗീയ പ്രചാരണങ്ങൾ നിറഞ്ഞ രഥയാത്ര നടത്തിയ എൽ കെ അദ്വാനി രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു. ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് അദ്വാനിയും ജോഷിയും ഉമ ഭാരതിയും മറ്റും സംഭവസ്ഥലത്ത് ഉണ്ടാവുകയും ചെയ്തിരുന്നു. അദ്വാനിയുടേയും ജോഷിയുടേയും ഉമ ഭാരതിയുടേയും കല്യാൺ സിംഗിന്റേയും മറ്റും വിദ്വേഷപ്രസംഗങ്ങൾ കർസേവകരെ അക്രമത്തിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു എന്ന് സിബിഐ കണ്ടെത്തിയിരുന്നു. അതേസമയം രാമക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ട് ചോരയും വിയർപ്പുമൊഴുക്കിയ തങ്ങളെ ചടങ്ങിന് വിളിക്കാത്തത് ശരിയായില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പറഞ്ഞു. ചടങ്ങിന് പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ, പിന്നീട് ചടങ്ങ് വീഡിയോ വഴി സംഘടിപ്പിക്കുന്നതാകും ഉചിതമെന്നും അഭിപ്രായപ്പെട്ടിരുന്നു.

കോവിഡ് കാലത്തെ യാത്രാ നിയന്ത്രണങ്ങളടക്കമുള്ളവ പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള 50 വിഐപികളേ ചടങ്ങിനെത്തൂ എന്നാണ് സൂചന. വലിയ ഒരുക്കങ്ങളാണ് പ്രദേശത്ത് നടത്തിയിരിക്കുന്നത്. 40 കിലോഗ്രാം ഭാരമുള്ള വെള്ളി ഇഷ്ടിക സ്ഥാപകശിലയായി വയ്ക്കും. പ്രധാനമന്ത്രി മോദിയാണ് ഇത് നിർവഹിക്കുക. ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലമടക്കം അയോധ്യയിലെ 2.77 ഏക്കർ ഭൂമി ഹിന്ദുക്ഷേത്ര നിർമ്മാണത്തിനായി വിട്ടുനൽകാനും ഇതിനായി ട്രസ്റ്റ് രൂപീകരിക്കാനും സുപ്രീം കോടതി വിധിച്ചത് 2019 നവംബറിലാണ്. അയോധ്യയിൽ മറ്റൊരിടത്ത് മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ 5 ഏക്കർ സ്ഥലം വിട്ടുനിൽകാനും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു.


Next Story

Related Stories