TopTop
Begin typing your search above and press return to search.

'കര്‍ഷക സമരത്തിന് പിന്നില്‍ ചൈനയും പാകിസ്താനും'; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

കര്‍ഷക സമരത്തിന് പിന്നില്‍ ചൈനയും പാകിസ്താനും; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ ആരോപിച്ചു. പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലീങ്ങള്‍ നേരത്തേ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ദേശീയ പൗരത്വ രജിസ്റ്റര്‍ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു മുസ്ലീങ്ങള്‍ രാജ്യം വിട്ടുപോകേണ്ടി വരുമെന്നാണ് അവരോട് പറഞ്ഞത്. എന്നാല്‍ ആ ശ്രമങ്ങള്‍ ഫലം കണ്ടില്ല, ഇപ്പോള്‍ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും റാവു സാഹിബ് ദാന്‍വെ പറഞ്ഞു. എന്നാല്‍ ചൈനയ്ക്കും പാകിസ്താനുമെതിരേ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയില്ല. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേയല്ല. അതിന് പിന്നില്‍ ചൈനയുടെയും പാകിസ്താന്റെയും കരങ്ങളുണ്ട്. രാജ്യത്തെ മുസ്ലിങ്ങളെയാണ് ആദ്യം അവര്‍ സ്വാധീനിച്ചത്. അവരോട് എന്താണ് പറഞ്ഞത്? ദേശീയ പൗരത്വ രജിസ്റ്റര്‍ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു ആറുമാസത്തിനുളളില്‍ മുസ്ലിങ്ങള്‍ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇപ്പോള്‍ കര്‍ഷകരോട് പറയുകയാണ് പുതിയ നിയമങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്.' കേന്ദ്രമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഒരു കിലോ ഗോതമ്പ് 24 രൂപയ്ക്കും, അരി 34 രൂപയ്ക്കും വാങ്ങുന്നു. ജനങ്ങള്‍ക്ക് അത് യഥാക്രമം രണ്ടും മൂന്നും രൂപയില്‍ നല്‍കുന്നു. ഇതിനായി സബ്സിഡിക്ക് 1.75 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ചെലവാക്കുന്നു. കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നു. കേന്ദ്രം പണം ചിലവിടുന്നത് കര്‍ഷകരുടെ ക്ഷേമത്തിലാണ്. ഇത് മറ്റുളളവര്‍ക്ക് ഇഷ്ടപ്പെടുന്നില്ല.' കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഒരു തീരുമാനവും കര്‍ഷകര്‍ക്ക് എതിരായിരിക്കില്ലെന്നും റാവു സാഹിബ് ദാന്‍വെ പറഞ്ഞു.


Next Story

Related Stories