ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനി ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് യുഎസ് കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്കി നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരന് പറഞ്ഞു.
കമ്പനിയുടെ വിശദാംശങ്ങള്‍ ആരാഞ്ഞുള്ള കത്തിന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 2019 ഒക്ടോബര്‍ 21ന് മറുപടി നല്‍കിയിരുന്നു. സ്ഥാപനത്തില്‍നിന്ന് ഒരു മറുപടിയും കിട്ടിയില്ല, കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം മാത്രമാണ്. സ്ഥാപനം എന്ന നിലയില്‍ വിശേഷിപ്പിക്കാനാവില്ല എന്നുമായിരുന്നു കോണ്‍സുലേറ്റിന്റെ മറുപടി. ഇക്കാര്യങ്ങള്‍ അറിഞ്ഞതിനുശേഷമാണ് 2020 ഫെബ്രുവരി 28ന് അസെന്റില്വെച്ച് ഇഎംസിസിയുമായി കേരള സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുന്നത്. അവര്‍ നല്കിയ വിലാസത്തില്‍ പ്രവര്‍ത്തിക്കാത്തതും രജിസ്ട്രേഷന് മാത്രവുമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു സര്‍ക്കാര്‍ നടപടി.
ഇഎംസിസിയുടെ വിശ്വാസ്യത അറിയുന്നതിനായി ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്പനിയെക്കുറിച്ച് അന്വേഷിച്ച് മറുപടി നല്‍കിയിരുന്നു. കമ്പനി വിശ്വാസയോഗ്യമല്ലെന്ന് മറുപടിയില്‍ സൂചിപ്പിച്ചിരുന്നു.