TopTop

കേന്ദ്ര മന്ത്രിതല സംഘം കാശ്മീര്‍ സന്ദര്‍ശനത്തിന്, പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ നടപടി; ഒമർ അബ്ദുള്ളയെ ഹരി നിവാസിൽ നിന്നും മാറ്റും

കേന്ദ്ര മന്ത്രിതല സംഘം കാശ്മീര്‍ സന്ദര്‍ശനത്തിന്, പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ  നടപടി;  ഒമർ അബ്ദുള്ളയെ  ഹരി നിവാസിൽ നിന്നും മാറ്റും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോൾ കേന്ദ്ര മന്ത്രിതല സംഘം ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനെത്തുന്നു. പുനഃസംഘടനയ്ക്ക് ശേഷം നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടിക്കഴിഞ്ഞിരുന്ന സംസ്ഥാനത്തേക്ക് ആദ്യമായാണ് ഒരു ഉന്നത തല സംഘം സന്ദർശനം നടത്തുന്നത്. ജനുവരി 17ന് ചേരുന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിന് ശേഷം സന്ദര്‍ശനത്തിന്റെ കൃത്യമായ തിയ്യതിയില്‍ തീരുമാനമാകും.

സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ഉണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന് പുറമെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ നടപടിയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും, കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക എന്നിവയുൾപ്പെടെയാണ് സന്ദർശന ലക്ഷ്യം.

ജനുവരി അവസാനത്തോടെ പൂർത്തിയാക്കുന്ന തരത്തിൽ ജനുവരി 19 മുതല്‍ 24 വരെയായിരിക്കും സന്ദർശനത്തിന്റെ സമയക്രമമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിമാരായ രവി ശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, കിരണ്‍ റിജ്ജു, അനുരാഗ് താക്കൂര്‍, കിഷന്‍ റെഡ്ഡി തുടങ്ങിയവര്‍ ഉൾപ്പെട്ട സംഘത്തെയാണ് ഇതിനായി നിയോഗിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ, ആർട്ടിക്കിൾ 370 വ്യവസ്ഥകൾ റദ്ദാക്കിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ഔദ്യോഗിക വസതിക്ക് സമീപമുള്ള വീട്ടിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. മന്ത്രിതല സന്ദർശനത്തിന് മുന്നോടിയായാണ് നടപടി. ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ 163 ദിവസം പിന്നിടുമ്പോഴാണ് നീക്കം. നിലവിൽ ഹരി നിവാസിൽ തടങ്കലിൽ കഴിയുന്ന ഒമറിനെ വ്യാഴാഴ്ച മാറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിലെത്തുന്ന മന്ത്രിതല സംഘത്തിന് താമസ സൗകര്യം ഒരുക്കുന്നതിനാണ് നടപടിയെന്ന് എൻഡി‍‍വി റിപ്പോർട്ട് ചെയ്യുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ ജമ്മു- കശ്മീര്‍ മേഖലയില്‍ നിയന്ത്രണം ഏർപ്പെടുത്തിയ ഇന്റര്‍നെറ്റിന്റെ സേവനം കാര്യക്ഷമമാക്കാന്‍ ബ്രോഡ്ബാന്റ് സംവിധാനം ബുധനാഴ്ച, മുതല്‍ ഭാഗികമായി പുന:സ്ഥാപിക്കാന്‍ ആരംഭിച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍, ഇ ബാങ്കിങ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. ഇന്റര്‍നെറ്റ് സൗകര്യം ഒരുതരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന കാര്യം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഈ സ്ഥാപനങ്ങള്‍ക്കു തന്നെയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

സുപ്രീകോടതി സുരക്ഷാപരമായ നിയന്ത്രണങ്ങളെക്കുറിച്ച് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ഏഴുദിവസത്തേക്കാണ് നിയന്ത്രണം ലഘൂകരിച്ചത്. തുടർ നടപടികൾ അവലോകനം നടത്തിയ ശേഷം മറ്റ് തീരുമാനങ്ങളെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതിനിടെ, യുഎന്‍ രക്ഷാസമിതി ക്ലോസ്ഡ് ഡോര്‍ യോഗത്തിൽ വീണ്ടും കാശ്മീർ വിഷയം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ചൈനയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു ആഫ്രിക്കൻ രാജ്യവുമായി ബന്ധപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം വിളിച്ചിരുന്നു. പിന്നാലെയാണ് "മറ്റേതെങ്കിലും ബിസിനസ് പോയിന്റുകൾ" എന്ന അജണ്ട പ്രകാരം കശ്മീർ വിഷയം ആലോചിക്കാൻ ചൈന ബുധനാഴ്ച അഭ്യർത്ഥന നടത്തിയത്. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം ചേരുന്നത്.Next Story

Related Stories