കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റേത് തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശ്വാസത്തിന് എതിരായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. 2009ല്‍ കേരളത്തിലെ ജ്യുഡീഷ്യറി 'ലൗ ജിഹാദി'നെ പറ്റി പറഞ്ഞു. എന്നാല്‍ 'ലൗ ജിഹാദി'നെതിരെ നടപടിയെടുക്കുന്നതിനു പകരം അതിനെ അനകൂലിക്കുകയാണ് ചെയ്തത്. എന്നാല്‍ യുപി സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവന്നു. കേരളത്തിന് സമൃദ്ധിയാണ് ജനങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ലൗ ജിഹാദ്' കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റാനുളള സാധ്യതയുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും സര്‍ക്കാര്‍ നടപടിക സ്വീകരിച്ചില്ല. ഇക്കാരണങ്ങളാല്‍ കേരളത്തിന് ബിജെപിയുടെ ആവശ്യമുണ്ട്. ബിജെപി കേവലം സമൃദ്ധി മാത്രമല്ല ഓരോ പൗരനും സുരക്ഷിതത്വം സംബന്ധിച്ച ഗ്യാരണ്ടിയും ഉറപ്പുനല്‍കുന്നു.
കേരളത്തില്‍ സിപിഎം സര്‍ക്കാരാണെങ്കിലും അതിനുമുമ്പുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണെങ്കിലും നടത്തുന്നത് അഴിമതിയാണ്. തങ്ങളുടെ രാഷ്ട്രീയ സ്വാര്‍ത്ഥതയ്ക്കുവേണ്ടി സംസ്ഥാനത്ത് അരാജകത്വം കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചിട്ടുളളത്. ഇപ്പോഴത്തെ സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങള്‍ വെച്ച് കളിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശം അതിനൊരു ഉദാഹരണമാണ്. ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ജനവികാരം തള്ളിക്കളയുകയും സംഘട്ടനങ്ങളിലൂടെ അരാജത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. ഇവിടെ ഹലാല്‍ ബാങ്ക് ഉണ്ടാക്കുന്നു. ഇതിനെതിരെ മാനവികതയുടെ ശബ്ദം ഉയര്‍ത്താന്‍ കഴിയണം. കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു കാലത്ത് യുപിയെ നോക്കി പരിഹസിച്ച പിണറായിയുടെ സര്‍ക്കാരിനെ നോക്കി ലോകം പരിഹസിക്കുകയാണ്. രാമക്ഷേത്രമെന്നത് രാജ്യത്തിന്റെ മന്ദിരമാണ്. അതിനായി കേരളം നല്കുന്ന സംഭാവനയ്ക്ക് നന്ദി പറഞ്ഞുമാണ് യോഗി ആദിത്യനാഥ് പ്രസംഗം അവസാനിപ്പിച്ചത്.