TopTop
Begin typing your search above and press return to search.

എട്ട് യുപി പൊലീസുകാരെ കൊന്ന കേസ് - ഗുണ്ടാനേതാവ് വികാസ് ദുബെ അറസ്റ്റിൽ

എട്ട് യുപി പൊലീസുകാരെ കൊന്ന കേസ് - ഗുണ്ടാനേതാവ് വികാസ് ദുബെ അറസ്റ്റിൽ

ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ എട്ട് പൊലീസുകാരെ വെടിവച്ച് കൊന്ന കേസിൽ കൊലയാളി സംഘത്തിന്റെ നേതാവും 60 കൊലക്കേസുകളിൽ പ്രതിയുമായ വികാസ് ദുബെയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജെയിനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് സംസ്ഥാനങ്ങളില്‍ ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് വികാസ് ദുബെയെ പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഉജ്ജെയിനിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ദുബെയെ പിടികൂടിയത്. സമീപത്തുള്ള ഒരു കടക്കാരനാണ് വിവരം നല്‍കിയത്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ ചോദിച്ചപ്പോള്‍ വ്യാജ ഐഡി കാര്‍ഡാണ് കാണിച്ചത്. അവര്‍ നേരെ ദുബെയെ പൊലീസിലേല്‍പ്പിച്ചു.

വികാസ് ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുപി പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം 50,000 രൂപയാണ് പ്രഖ്യാപിച്ചിരുന്നത് പിന്നീട് ഇത് ഒരു ലക്ഷമായും രണ്ട് ലക്ഷമായും അഞ്ച് ലക്ഷമായും ഉയർത്തുകയായിരുന്നു. വികാസ് ദുബെയുടെ അനുയായികളായ രണ്ട് ക്രിമിനലുകളെ യുപി പൊലീസ് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി കൊലപ്പെടുത്തിയിരുന്നു. വികാസ് ദുബെയുടെ ഏറ്റവും വിശ്വസ്തനായിരുന്ന അമന്‍ ദുബെയെ ഇന്നലെയാണ് പൊലീസ് വധിച്ചത്.

ഒരു ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം എട്ട് പൊലീസുകാരെയാണ് വികാസ് ദുബെയെ പിടിക്കാന്‍ ബിക്രു ഗ്രാമത്തിലേയ്ക്ക് വരുന്ന വഴി, റോഡില്‍ തടഞ്ഞുനിര്‍ത്തിയ ക്രിമിനല്‍ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. എർത്ത് മൂവർ ട്രക്ക് റോഡിലിട്ട് ഗതാഗതം തടഞ്ഞ്, റോഡിലിറങ്ങിയ പൊലീസുകാരെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടി വയ്ക്കുകയായിരുന്നു. മുന്‍ ബിജെപി മന്ത്രിയെ കൊലപ്പെടുത്തിയതിയ കേസിലടക്കം നിരവധി കൊലപാതക, തട്ടിക്കൊണ്ടുപോകല്‍, കലാപമുണ്ടാക്കൽ, പണാപഹരണ കേസുകളില്‍ പ്രതിയാണ് വികാസ് ദുബെ. പല തവണ ജയിലിലായിരുന്നു. ജയിലിലിരുന്നുകൊണ്ട് കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത കേസുകളും വികാസ് ദുബെയ്ക്കെെതിരെയുണ്ട്. മുൻ ബി എസ് പി നേതാവാണ്.


Next Story

Related Stories