വാറന്റില്ലാതെ ആരെയും എപ്പോഴും അറസ്റ്റ് ചെയ്യാൻ കഴിയുന്ന പ്രത്യേക സേനയെ സൃഷ്ടിച്ച് ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. യുപി സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് എന്നാണ് ഈ സേനയുടെ പേര്. മെട്രോ റെയിൽവേ, കോടതികൾ, എയർപോർട്ടുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ വിന്യസിക്കാനാണ് ഈ സേനയെ സൃഷ്ടിച്ചിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ പറയുന്നു. സെന്ട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനൊപ്പമായിരിക്കും ഈ സേന പ്രവർത്തിക്കുകയെന്നു് ആഭ്യന്തര മന്ത്രാലയത്തിന്റെ അഡിഷണൽ ചീഫ് സെക്രട്ടറി അവിനാഷ് അവാസ്തി പറഞ്ഞു.
ഉത്തർപ്രദേശ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് ആക്ട് പ്രകാരമാണ് സംസ്ഥാനം ഇത്തരമൊരു സേനയെ സൃഷ്ടിച്ചിരിക്കുന്നതെന്ന് അവാസ്തി അറിയിച്ചു. സിഐഎസ്എഫിനുള്ള അതേ അധികാരങ്ങളാണ് ഈ പ്രത്യേക സേനയ്ക്കും നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിയമപ്രകാരം സേനയിലെ ഏതൊരംഗത്തിനും യാതൊരു ഔദ്യോഗിക ഉത്തരവും കൂടാതെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയും. മജിസ്ട്രേറ്റിന്റെ വാറന്റ് അടക്കം യാതൊന്നും ഇതിന് പിൻബലമായി ആവശ്യമില്ല. സേനയിലെ അംഗങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാലോ ഭീഷണിയുണ്ടായാലോ യാതൊരു വ്യവസ്ഥയുമില്ലാതെ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാകും.
അക്രമം നടക്കുകയാണെങ്കിൽ അക്രമിക്ക് രക്ഷപ്പെടാൻ അവസരം കൊടുക്കാതെ പെട്ടെന്ന് പിടികൂടാൻ ഈ സേനയ്ക്ക് കഴിയുമെന്ന് സർക്കാർ പറയുന്നു. പിടികൂടുന്നയാൾക്ക് താൻ പിടികൂടിയയാൾ കുറ്റക്കാരനാണെന്ന ബോധ്യമുണ്ടായാൽ മാത്രം മതിയെന്നും സർക്കാർ വ്യക്തമാക്കുന്നു.
സിവിൽ കോടതികളുടെ സുരക്ഷിതത്വം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി കഴിഞ്ഞവർഷം ഡിസംബറിൽ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സേനയെ രൂപീകരിച്ചിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
അതെസമയം സർക്കാരിന്റെ നീക്കത്തെ 'റൌലത്ത് നിയമം' എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടുവന്ന ഈ നിയമം ഇന്ത്യയിൽ ഏറ്റവും വലിയ ബഹുജനപ്രക്ഷോഭം വിളിച്ചുവരുത്തിയ ഒന്നായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥാ മുൻകരുതലുകൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം. ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ഈ നിയമം സർക്കാരിന് അധികാരം നൽകി.
സർക്കാരിന്റെ ഈ നിയമത്തെ നേരിടാൻ നിയമപരമായ മാർഗങ്ങൾ ആരായുമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലൂ പറഞ്ഞു.,