TopTop
Begin typing your search above and press return to search.

നെഹ്‌റുവിനെ സ്മരിക്കുമ്പോള്‍ ശാസ്ത്ര ബോധത്തേയും മത നിരപേക്ഷതയേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും കുറിച്ചാണ് ഓര്‍മിക്കേണ്ടത്

നെഹ്‌റുവിനെ സ്മരിക്കുമ്പോള്‍ ശാസ്ത്ര ബോധത്തേയും മത നിരപേക്ഷതയേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും കുറിച്ചാണ് ഓര്‍മിക്കേണ്ടത്

ഏതാനും ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ വാക്‌സിനേഷനു വേണ്ടി ഒരു ഗ്രാമത്തില്‍ ചെല്ലുകയുണ്ടായി. ഡോക്ടര്‍മാരുടെ വരവുകണ്ട് പേടിച്ചിട്ട് ഗ്രാമവാസികള്‍ ആ പ്രദേശം വിട്ടോടാന്‍ തുടങ്ങി. ചിലര്‍ സരയൂ നദിയില്‍ ചാടി. ഗ്രാമവാസികളെ വാക്‌സിനേഷന് വേണ്ടി 'സെന്‍സിറ്റൈസ്' ചെയ്യാനുള്ള ഡോക്ടര്‍മാരുടെ ശ്രമം അമ്പേ പരാജയപ്പെട്ടു. ഡോക്ടര്‍മാര്‍ കുത്തിവെച്ച് മനുഷ്യരെ കൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു ഗ്രാമവാസികള്‍ ധരിച്ചു വശായത്. വാക്‌സിനേഷനെ പേടിച്ച് ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍ സരയൂ നദിയില്‍ ചാടിയ വാര്‍ത്ത കഴിഞ്ഞ ആഴ്ച പത്രങ്ങളിലെല്ലാം വന്നതാണ്.

എന്തുകൊണ്ടാണ് ഗ്രാമവാസികള്‍ ഇതുപോലെ വാക്‌സിനേഷനെ പേടിക്കുന്നത്? ശാസ്ത്രബോധത്തിന്റെ അഭാവം തന്നെ കാരണം. കണ്ടമാനം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്‍ക്കുന്ന ഈ രാജ്യത്ത് ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളും പരത്താന്‍ അനേകര്‍ ഉണ്ട്. ബിജെപിയും സംഘ പരിവാറുകാരും സംഘടിതമായി തന്നെ ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളും പരത്തുന്നു. കേരളത്തിലെ ശബരിമല പ്രക്ഷോഭത്തിന്റെ സമയത്ത് ഇങ്ങനെ ആസൂത്രിതവും സംഘടിതവുമായി ആര്‍ത്തവത്തെ ചൊല്ലി വാര്‍ത്തകള്‍ പ്രചരിച്ചു. ആര്‍ത്തവത്തെ കുറിച്ച് ബിജെപിയും സംഘ പരിവാറുകാരും ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളും പരത്തി. വാട്‌സാപ്പും സോഷ്യല്‍ മീഡിയയുമാണ് അന്ന് വന്‍തോതില്‍ ജനമനസുകളെ സ്വാധീനിക്കാന്‍ ദുരുപയോഗം ചെയ്യപ്പെട്ടത്.

ഇന്നിപ്പോള്‍ വാക്‌സിനേഷനെതിരെ ആളുകളെ തിരിക്കാന്‍ വേണ്ടി ഉത്തരേന്ത്യയില്‍ വന്‍ ജന സ്വാധീനമുള്ള ബാബാ രാംദേവ് പല പ്രസ്താവനകളും നടത്തുകയുണ്ടായി. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പരിപാടിയില്‍ ബാബാ രാംദേവ് അലോപ്പതി ചികിത്സയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി. അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നുമാണ് ബാബാ രാംദേവ് വിളിച്ചു പറഞ്ഞത്.

അലോപ്പതി ചികിത്സയ്ക്കെതിരെയുള്ള ബാബാ രാംദേവിന്റെ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നായിരുന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. ബാബാ രാംദേവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടാകുകയും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പരാമര്‍ശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് രാംദേവിന് കത്തയക്കുകയും ചെയ്തിരുന്നു.

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ബാബാ രാംദേവിനെതിരെ പ്രകടനം നടത്തി. 'അറസ്റ്റ് ബാബാ രാംദേവ്' എന്ന കാമ്പയിന്‍ പോലും സോഷ്യല്‍ മീഡിയയില്‍ നടന്നു. പക്ഷെ ബാബാ രാംദേവിന് യാതൊരു കുലുക്കവുമില്ല. അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നവരുടെ പിതാക്കന്‍മാര്‍ക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബാബാ രാംദേവിന്റെ വെല്ലുവിളി. കേന്ദ്രത്തില്‍ തനിക്ക് നല്ല പിടിയുണ്ടെന്നുള്ളതാണ് ബാബാ രാംദേവിന്റെ അഹങ്കാരത്തിനും അതിരുകടന്ന ആത്മവിശ്വാസത്തിനും കാരണം.

'അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നവരുടെ പിതാക്കന്‍മാര്‍ക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന്' ബാബാ രാംദേവ് പറയുമ്പോള്‍ പച്ചയായ ഭാഷയില്‍ വിമര്‍ശകരുടെ അപ്പന് വിളിക്കുകയാണ് ബാബാ രാംദേവ്. മുമ്പും മോഡേണ്‍ മെഡിസിനെതിരെ പല വിവാദ പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട് ബാബാ രാംദേവ്. ബാബാ രാംദേവിന്റെ പതജ്ഞലി ഗ്രൂപ്പിന്റെ ചീഫ് ഫിസിഷ്യന്‍ ആയ ആചാര്യ ബാലകൃഷ്ണന്‍ യോഗക്കും ആയുര്‍വേദത്തിനും എതിരേ ക്രിസ്ത്യന്‍ പ്രൊപ്പഗാണ്ട നടക്കുന്നു എന്നും ആരോപിച്ചു. വാക്‌സിനേഷനും മോഡേണ്‍ മെഡിസിനും എതിരേയുള്ള വിവാദ പരാമര്‍ശങ്ങള്‍ക്ക് ഗൂഢാലോചനയുടേയും വര്‍ഗീയതയുടേയും മാനങ്ങള്‍ കൊടുക്കാന്‍ ശ്രമിക്കുകയാണ് രാംദേവും കൂട്ടരും.

ഈ അലമ്പൊക്കെ കാണുമ്പോഴാണ് മത നിരപേക്ഷതയും ശാസ്ത്രബോധവും ഇന്ത്യയില്‍ പ്രോത്സാഹിപ്പിച്ച നെഹ്റുവിനെ സ്മരിക്കേണ്ടത്. നെഹ്റുവിന്റെ ചരമ വാര്‍ഷിക ദിനമായ മെയ് 27 'സയന്റ്റിഫിക്ക് ടെമ്പര്‍' ഇന്ത്യയില്‍ പ്രോത്സാഹിപ്പിച്ച വ്യക്തിയുടെ ഓര്‍മദിനമായിട്ടാണ് വാസ്തവത്തില്‍ ആചരിക്കേണ്ടത്. ഐഐഎം, ഐഐടി, ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഎസ്ആര്‍ഒ, പഞ്ചരത്‌ന കമ്പനികള്‍, നവരത്‌ന കമ്പനികള്‍, ഐസിഎംആര്‍, ആസൂത്രണ കമ്മീഷന്‍, സാഹിത്യ അക്കാദമി -ഇതൊക്കെ നെഹ്റുവിന്റെ കാലത്ത് ഉണ്ടാക്കിയതാണ്. ഇതൊക്കെ കൂടാതെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ മാറ്റിമറിച്ച ഭീലായ് സ്റ്റീല്‍ പ്ലാന്റ്, ഭക്രാനംഗല്‍ ഡാം - ഇവയൊക്കെ നെഹ്‌റു യാഥാര്‍ത്ഥ്യമാക്കിയ ബൃഹത് പദ്ധതികളായിരുന്നു. ഇതൊന്നും ഗുരുജി ഗോള്‍വാര്‍ക്കറോ, ഹെഗ്ഡെവാറോ, സവര്‍ക്കറോ ഉണ്ടാക്കിയതല്ല. രാജ്യസ്‌നേഹമുണ്ടെങ്കില്‍ രാഷ്ട്രശില്‍പിയായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെ സംഘ പരിവാറുകാര്‍ അടക്കം എല്ലാവരും അംഗീകരിക്കേണ്ടതും ബഹുമാനിക്കേണ്ടതുമാണ്.

സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അര്‍ധരാത്രി മുതല്‍ 1964 മെയ് 27 വരെ 17 വര്‍ഷമാണ് നെഹ്‌റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യല്‍ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്രുവിന്റെ ആ 17 വര്‍ഷത്തെ ഭരണത്തിലൂടെയായിരുന്നു. അത് കൂടാതെയാണ് രാജ്യത്തിന്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി നെഹ്റു സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്നാണ് നെഹ്‌റു ഇതെല്ലാം പടുത്തുയര്‍ത്തിയതെന്ന് ഓര്‍ക്കണം. ബ്രട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ അഭയാര്‍ഥികളും, കടക്കെണിയും, വര്‍ഗീയവത്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിന്റെ ആകെ കൈമുതല്‍. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നെഹ്‌റുവിനെ വിമര്‍ശിക്കുന്നവരില്‍ പലരും ഇത്തരം വിമര്‍ശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ആ 'Freedom of Speech'ന്റെ ഫലമാണ് ഈ വിമര്‍ശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ഉയര്‍ത്തിപ്പിടിച്ച ആ പുരോഗമന മൂല്യങ്ങളാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്. വാട്‌സാപ്പും ഫേസ്ബുക്കും ട്വിറ്ററും ഒക്കെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ നെഹ്റു ഉയര്‍ത്തിപിടിച്ച അഭിപ്രായ സ്വാതന്ത്ര്യത്തെ നാം ആദരപൂര്‍വം സ്മരിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് നെഹ്റുവിന്റെ മത നിരപേക്ഷത കൈവിട്ടതാണ് ഇന്നു കാണുന്ന വര്‍ഗീയതക്ക് തുണയായത്. പശുവും കിടാവും കോണ്‍ഗ്രസ് ചിഹ്നമായി സ്വീകരിച്ചപ്പോള്‍ തന്നെ നെഹ്റുവിന്റെ സെക്കുലര്‍ ചിന്തയെ വെല്ലുവിളിക്കുകയായിരുന്നു. ജനതാ സര്‍ക്കാര്‍ പിന്നീട് ഗോവധം നിരോധിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അലഹബാദ് ഹൈക്കോടതി തന്നെ ഗോവധ നിരോധന ബില്‍ സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന് പറഞ്ഞു. ഗോവധ നിരോധന നിയമം എടുത്തു കാണിച്ച് ആളുകളെ ആവശ്യമില്ലാതെ നിയമപരമായി പീഡിപ്പിക്കുന്നു എന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടും ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന് ഒരു കുലുക്കവുമില്ല.

സത്യത്തില്‍ നെഹ്റുവിയന്‍ ചിന്താഗതിക്ക് വിരുദ്ധമായ ബിജെപിയുടെയും, ആര്‍എസ്എസിന്റെയും പശു സ്‌നേഹം രാജ്യത്തെ അധോഗതിയിലേക്കേ നയിക്കുകയുള്ളൂ. പശു സ്‌നേഹം മൂലം ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയില്ല. ക്ഷീര കര്‍ഷകര്‍ക്കും അത് ഗുണം ചെയ്യില്ല. പശു സ്‌നേഹവും, നോട്ടു നിരോധനവും മൂലം തുകല്‍ മേഖലയിലും (ലെതര്‍ ഇന്‍ഡസ്ട്രി) വന്‍ പ്രതിസന്ധി രൂപപ്പെട്ടത് മാത്രമാണ് ഫലം. മുംബൈയിലെ ധാരാവി, ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍, തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങള്‍ - ഈ സ്ഥലത്തെയൊക്കെ ജീവനാഡി തന്നെ ലെതര്‍ ഇന്‍ഡസ്ട്രിയാണ്. ഈ തുകല്‍ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ബിജെപിയുടേയും, സംഘ പരിവാറുകാരുടേയും പശു രാഷ്ട്രീയമാണ്. ബിജെപി പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ എത്തിയപ്പോള്‍ നടപ്പാക്കിയ ഗോവധ നിരോധനം മൂലം തുകല്‍ വ്യവസായത്തിന് വന്‍ പ്രതിസന്ധി നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്ഥാനമുണ്ടായിരുന്ന തുകല്‍ വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായത്. ലോകത്ത് തുകല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. ഇതില്‍ അനുദിനം ഇടിവുണ്ടായി. പാദരക്ഷകളുടെ കയറ്റുമതിയില്‍ ഇടിവുണ്ടായി. കൃത്യമായ സപ്‌ളൈ ഉറപ്പില്ലാതെ ആയതോടെ ഇന്ത്യയില്‍നിന്ന് തുകല്‍ ഇറക്കുമതി ചെയ്തിരുന്ന ആഗോള ബ്രാന്‍ഡുകളെല്ലാം ചൈന, ബംഗ്ലാദേശ്, ഇന്‍ഡോനേഷ്യ, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി തുടങ്ങുകയും ചെയ്തു. മാംസത്തിന്റെയും തുകലിന്റെയും കയറ്റുമതി കേന്ദ്രങ്ങള്‍ മിക്കവയും പൂട്ടി. തൊഴിലില്ലായ്മയും ഈ മേഖലയില്‍ വ്യാപകമായി.

പശു രാഷ്ട്രീയം കര്‍ഷകരുടെയും ജീവിതം ദുരിതത്തിലാക്കി. ഗോവധ നിരോധനം കര്‍ശനമായി നടപ്പിലാക്കിയാലുള്ള ദൂഷ്യഫലങ്ങളെ കുറിച്ച് മുന്‍ പ്ലാനിങ് കമ്മീഷന്‍ അംഗം കീര്‍ത്തി പരീക് കുറേനാള്‍ മുമ്പ് ദീര്‍ഘമായി എഴുതി. തനത് ഇന്ത്യന്‍ വംശങ്ങളിലുള്ള പശുക്കളെ വില്‍ക്കാന്‍ പറ്റാതെ വളര്‍ത്തുന്നത് നഷ്ടത്തിലേക്ക് നയിക്കും എന്നതുകണ്ട് അത്തരം പശുക്കളുടെ വംശനാശം ആയിരിക്കും ഗോവധം നിരോധനം കര്‍ശനമായി നടപ്പിലാക്കിയാല്‍ സംഭവിക്കുക എന്ന് കീര്‍ത്തി പരീക് തുറന്നെഴുതി. പക്ഷെ ഇതൊക്കെ പശുസ്‌നേഹം പറയുന്നവരുടെ തലയ്ക്കകത്ത് കേറുമോ?

മഹാത്മാ ഗാന്ധിയുടെ മാനുഷികതയേയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതനിരപേക്ഷതയേയും അപഹസിച്ച എല്ലാവരും ഇന്ന് കാണുന്ന ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഉത്തരവാദികളാണ്. ഈ രണ്ടു പേരുടേയും ആദര്‍ശങ്ങള്‍ തള്ളിപ്പറഞ്ഞ ആളുകളെല്ലാം ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു. അതില്‍ കോണ്‍ഗ്രസുകാരും പെടും. മഹാത്മാ ഗാന്ധിക്ക് എല്ലാം ത്യജിച്ച ഒരു സന്യാസിയുടെ പരിവേഷം ഉണ്ടായിരുന്നു. ഇന്ത്യയെ ബ്രട്ടീഷുകാരില്‍ നിന്ന് മോചിപ്പിക്കാനായി പിറവിയെടുത്ത ഒരു അവതാരം പോലെയാണ് സാധാരണക്കാരായ ജനം ഗാന്ധിജിയെ നോക്കിക്കണ്ടിരുന്നത്. മഹാത്മാ ഗാന്ധി ജീവിച്ചിരുന്നപ്പോള്‍ അതുകൊണ്ട് തന്നെ ഹിന്ദുത്വ രാഷ്ട്രീയം വേരോടുവാന്‍ സാധ്യമല്ലായിരുന്നു.

രാമ ഭക്തനും, രാമ രാജ്യത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്ന ഗാന്ധിയെ തള്ളി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് എങ്ങനെയാണ് മറ്റൊരു രാമനെ പ്രതിഷ്ഠിക്കാന്‍ ആവുക? പക്ഷെ ഗാന്ധിജിയുടെ ആ രാമഭക്തി തികഞ്ഞ മത സാഹോദര്യത്തിന് തടസമായില്ല എന്നും കൂടി ഓര്‍ക്കണം. ശ്രീരാമന്‍ എന്ന പേരിനെ ഇന്ത്യയില്‍ രക്തപ്പുഴകളുടെയും, ക്രൂരതയുടെയും, മത വൈര്യത്തിന്റെയും പര്യായമാക്കി ബിജെപിയും സംഘ പരിവാറുകാരും മാറ്റി. ഗാന്ധിജിയുടെ രാമന്‍ സ്‌നേഹത്തിന്റെയും അഭയത്തിന്റെയും മര്യാദയുടെയും നിറകുടമായിരുന്നു. രാമനെ പ്രകീര്‍ത്തിക്കുന്നത് ഇന്നിപ്പോള്‍ മുസ്ലീം വിരുദ്ധതയുടെ പ്രതീകമായി മാറ്റിയിരിക്കുകയാണ് ബിജെപിയും സംഘ പരിവാറുകാരും. അവിടെയാണ് പ്രശ്‌നം മുഴുവനും.

ഗാന്ധിജിയുടെ രാമ ഭക്തിയില്‍ മുസ്ലീം വിരുദ്ധതക്ക് യാതൊരു സ്ഥാനവുമില്ലായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം മുസ്ലീങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഗാന്ധി നിലകൊണ്ടത്. ഗോഡ്‌സെ ഗാന്ധിയെ വധിക്കുന്നത് തന്നെ പാക്കിസ്താന്‍ അനുകൂല നിലപാടെടുത്തു എന്ന ആരോപണം ഉന്നയിച്ചാണ്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ജീവന്‍ തന്നെ ബലിയര്‍പ്പിച്ച മഹാത്മാ ഗാന്ധിയുടെ സംഭാവനകള്‍ മൗദീദിസ്റ്റുകള്‍ അംഗീകരിച്ചില്ല. കമ്യൂണിസ്റ്റുകാരും അംബേദ്കറിസ്റ്റുകളും നിരന്തരം ഗാന്ധിയെ അപഹസിച്ചു. ഇപ്പോഴാണ് കെ. വേണുവിനെ പോലുള്ള പഴയ നക്‌സലൈറ്റ് ആചാര്യന്‍മാര്‍ക്ക് സംഘ പരിവാറുകാരുടെ വര്‍ഗീയവത്കരണത്തെ നേരിടാന്‍ ഗാന്ധിയന്‍ തത്വസംഹിതയാണ് ഏറ്റവും നല്ലതെന്ന തിരിച്ചറിവുണ്ടായത്.

'ഞാനൊരു സനാതന ഹിന്ദുവാണെന്ന്' പറഞ്ഞുകൊണ്ടു തന്നെയായിരുന്നു ഗാന്ധി സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലീങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടത്. ഭൂരിപക്ഷ സമുദായത്തിന് അങ്ങനെ ഒരു മാതൃക സൃഷ്ടിക്കാന്‍ ഗാന്ധിക്ക് സാധിച്ചു. പക്ഷെ ഇന്നിപ്പോള്‍ ആ മാതൃക ഏറ്റെടുക്കാന്‍ അധികം പേരൊന്നും മുന്നോട്ട് വരുന്നില്ലെന്നുള്ളതാണ് സമകാലീന ഇന്ത്യയിലെ ദുഃഖസത്യം. സ്വതന്ത്ര ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാര്‍ ഏറ്റവും നിന്ദിച്ച വ്യക്തികളില്‍ ഒരാള്‍ ഒരുപക്ഷെ നെഹ്‌റുവായിരിക്കും. മൂഢ കമ്യൂണിസ്റ്റ് സങ്കല്‍പങ്ങള്‍ക്ക് അടിമപ്പെട്ട അവര്‍ക്ക് നെഹ്‌റു 'റണ്ണിങ് ഡോഗ് ഓഫ് ഇമ്പീരിയലിസം' ആയിരുന്നു. നെഹ്‌റുവിന്റെ പഞ്ചവത്സര പദ്ധതികളെ അവര്‍ 'പഞ്ഞവത്സര പദ്ധതികള്‍' എന്ന് വിളിച്ചാണ് അധിക്ഷേപിച്ചിരുന്നത്. തീവ്ര ഇടതുപക്ഷം ആയ നക്‌സലൈറ്റുകളാകട്ടെ, നെഹ്‌റുവിനെ അധിക്ഷേപിക്കുന്നതില്‍ ഒരു പടി കൂടി മുന്നോട്ടുപോയി. 1970കളില്‍ അവര്‍ തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്‌റുവിന്റെ പ്രതിമ ബോംബ് വെച്ച് തകര്‍ത്തു. ഇന്നിപ്പോള്‍ മുന്‍ സോവിയറ്റ് യൂണിയനിലും, ചൈനയിലും, കിഴക്കന്‍ യൂറോപ്പിലുമൊന്നും ജനത്തിന് കമ്യൂണിസം വേണ്ട. 30-40 വര്‍ഷങ്ങളായി കമ്യൂണസത്തിന്റെ എല്ലാ സാധ്യതകളും അടഞ്ഞു. അപ്പോള്‍ ശാസ്ത്രീയതയുടേയും, മൂഢ സങ്കല്‍പ്പങ്ങളുടേയും പേരില്‍ ഇന്ത്യയുടെ രാഷ്ട്ര ശില്‍പിയെ അവഹേളിച്ചവര്‍ക്ക് എന്ത് മറുപടിയുണ്ട്?

മഹാത്മാ ഗാന്ധിയുടെ മാനുഷികതയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതനിരപേക്ഷതയും നിന്ദിക്കപ്പെട്ടപ്പോള്‍ ഒരു വലിയ വിടവാണ് സൃഷ്ടിക്കപ്പെട്ടത്. ആ വിടവിലൂടെയായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘ പരിവാറുകാരുടെ തള്ളിക്കയറ്റം. ഈ രണ്ടു മഹാമേരുക്കള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനിന്നിടത്തോളം കാലം സംഘ പരിവാറുകാര്‍ക്ക് യാതൊരു സ്വാധീനവും സൃഷ്ടിക്കാനായില്ല എന്നും കൂടി ഓര്‍ക്കേണ്ടതുണ്ട്.

നെഹ്‌റു മതേതരനായിരുന്നു. പക്ഷെ അപ്പോഴും ഇന്ത്യയിലെ ജനങ്ങളുടെ പ്രധാനമന്ത്രിയും ആയിരുന്നു. ജനലക്ഷങ്ങളുടെ പ്രിയങ്കരനായ നേതാവായിരിക്കുമ്പോള്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ പലപ്പോഴും നേതാവ് സ്വീകരിക്കേണ്ടതായി വരും. നെഹ്‌റു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് 1947 ഓഗസ്റ്റ് 14ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ സന്യാസിമാര്‍ 'പീതാംബരം' ധരിപ്പിച്ചിട്ടുണ്ട്; നെറ്റിയില്‍ ഭസ്മം പൂശിയിട്ടുണ്ട്; സന്യാസിമാര്‍ നെഹ്‌റുവിനെ തഞ്ചാവൂരില്‍ നിന്നുള്ള ജലം കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റില്‍' അതൊക്കെ വളരെ വിശദമായി പറയുന്നുണ്ട് (ന്യുയോര്‍ക്ക്: എ വണ്‍ ബുക്‌സ്, 1975 എഡിഷന്‍, പേജ് 282). ഇന്ത്യയുടെ പാരമ്പര്യ രീതികള്‍ ഒരിക്കലും തള്ളിപ്പറഞ്ഞ ആളല്ലായിരുന്നു പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു. സമ്മേളനങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ അദ്ദേഹത്തെ സ്ത്രീകള്‍ ആരതി ഉഴിഞ്ഞായിരുന്നു എതിരേറ്റിരുന്നത്. നെഹ്‌റുവിന് അതൊക്കെ വളരെ ഇഷ്ടവും ആയിരുന്നു. എല്ലാ ദിവസവും യോഗ ചെയ്തിരുന്ന ആളായിരുന്നല്ലോ നെഹ്‌റു. നെഹ്‌റു 'ശീര്‍ഷാസനത്തില്‍' നില്‍ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ വളരെ പ്രസിദ്ധവും ആണല്ലോ. നെഹ്‌റു ഗംഗാ നദി ഇന്ത്യയെന്ന മഹത്തായ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാകുന്നതെങ്ങെനെയെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് മരണശേഷം തന്റെ ചിതാഭസ്മം ഗംഗയിലൊഴുക്കണമെന്ന് പറഞ്ഞിരുന്നു. നെഹ്‌റുവിന്റെ ആഗ്രഹപ്രകാരം അങ്ങനെ ചിതാഭസ്മം ഒഴുകുകയും ചെയ്‌തെന്നാണ് അറിവ്. പാക്കിസ്താനെ യുദ്ധത്തിലൂടെ പരാജയപ്പെടുത്തിയ ഇന്ദിരാ ഗാന്ധി ഇന്ത്യക്കാര്‍ക്ക് ദുര്‍ഗയായിരുന്നു. പക്ഷെ നെഹ്‌റുവിന്റെ ഗംഗയോടുള്ള സ്‌നേഹവും, ഇന്ദിരാ ഗാന്ധിയുടെ ദുര്‍ഗയും ഒരിക്കലും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതായിരുന്നില്ല. ബിജെപിയും, സംഘ പരിവാറുകാരും 1990കളില്‍ ചെയ്തതുപോലെ ആരാധനാലയങ്ങള്‍ പൊളിക്കാനും, കലാപം നയിക്കാനുമുള്ള ആഹ്വാനങ്ങളൊന്നും ദീര്‍ഘ വീക്ഷണമുണ്ടായിരുന്ന നമ്മുടെ മുന്‍ ഭരണാധികാരികളില്‍നിന്ന് ഒരിക്കലും വന്നിരുന്നില്ല. അവരൊക്കെ ഭാരത സംസ്‌കാരത്തെ ഉള്‍ക്കൊണ്ടിരുന്നു; അതേസമയം ഇന്ത്യയുടെ ബഹുസ്വരത കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.

(ലേഖകന്റെ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories