Top

ആര്‍എസ്എസ് ആസ്ഥാനത്തിന് പുറത്ത് ചിലര്‍ കരഞ്ഞു, അകത്ത് ചിരിയും: ഗാന്ധി വധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകൻ

ആര്‍എസ്എസ് ആസ്ഥാനത്തിന് പുറത്ത് ചിലര്‍ കരഞ്ഞു, അകത്ത് ചിരിയും: ഗാന്ധി വധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകൻ

മഹാത്മ ഗാന്ധി വധിക്കപ്പെട്ടതിന്റെ പിറ്റെ ദിവസം, അതായത് 1948 ജനുവരി 31ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പോയപ്പോള്‍ പുറത്ത് ചിലര്‍ കരയുന്നത് കണ്ടതായി, അന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടറായിരുന്ന വാള്‍ട്ടര്‍ ആല്‍ഫ്രഡ് ഓര്‍ക്കുന്നു. എന്നാൽ അകത്ത് പലരുടേയും മുഖത്ത് സന്തോഷമാണ് കണ്ടത് എന്ന് ആൽഫ്രഡ് പറയുന്നു. നാഗ്പൂരില്‍ പിടിഐയുടെ റിപ്പോര്‍ട്ടറായിരുന്ന ആല്‍ഫ്രഡ് വാള്‍ട്ടറിന് കഴിഞ്ഞ മാസം 99 വയസ് തികഞ്ഞു. എന്നാല്‍ ഓര്‍മ്മകള്‍ക്ക് പൂര്‍ണമായി മങ്ങലേറ്റിട്ടില്ല. പിടിഐയോടാണ് ആല്‍ഫ്രഡ് വാള്‍ട്ടര്‍ ഗാന്ധി വധിക്കപ്പെട്ട ദിവസത്തേയും തുടര്‍ന്നുള്ള ദിവസങ്ങളിലേയും തന്റെ അനുഭവങ്ങള്‍ പിടിഐയുമായി പങ്കുവച്ചത്. ആർഎസ്എസുകാർക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് ഗാന്ധിയേയും നെഹ്രുവിനേയും ഇഷ്ടമായിരുന്നില്ല. എന്നാല്‍ ആര്‍എസ്എസുകാര്‍ ഗാന്ധി കൊല്ലപ്പെട്ടതില്‍ ഇത്തരത്തില്‍ സന്തോഷിക്കുമെന്ന് താന്‍ വിചാരിച്ചിരുന്നില്ല എന്നും വാള്‍ട്ടര്‍ ആല്‍ഫ്രഡ് പറയുന്നു.

ഗാന്ധി വധിക്കപ്പെട്ട് ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് അന്ന് ആല്‍ഫ്രഡ് വിവരമറിഞ്ഞത്. ജനുവരി 30ന് വൈകീട്ട് 6.30 - 7.00 മണിയായി കാണും. ഓഫീസിലെ ഫോണ്‍ റിംഗ് ചെയ്തു. ബോംബെയില്‍ നിന്ന് സഹപ്രവര്‍ത്തകനാണ് വിളിച്ചത്. ഗാന്ധിജി കൊല്ലപ്പെട്ടതായി അറിയിച്ചു - വാള്‍ട്ടര്‍ ആല്‍ഫ്രഡ് പറയുന്നു. 5.17ഓടെയാണ് ന്യൂഡല്‍ഹിയിലെ ബിര്‍ള ഹൗസില്‍ വച്ച്, സായാഹ്ന പ്രാര്‍ത്ഥനയ്ക്ക് പോവുകയായിരുന്ന ഗാന്ധിജിയെ വെടിവച്ച് കൊന്നത് എന്നാണ് പറഞ്ഞത്. അതേസമയം വിവരം വിളിച്ചുപറഞ്ഞ സുഹൃത്തിന്റെ പേര് പോങ്ക്‌ഷേ എന്ന് മാത്രമാണ് ആല്‍ഫ്രഡ് ഓര്‍ക്കുന്നത്.

വിദൂര വാര്‍ത്തകള്‍ക്കായി ടെലിക്‌സുകളേയും ടെലിപ്രിന്ററുകളേയും മാത്രം ആശ്രയിക്കാന്‍ കഴിയുന്ന കാലമായിരുന്നു അത്. എഴുതുന്ന റിപ്പോര്‍ട്ടുകള്‍ ടെലിഗ്രാഫ് ലൈനുകള്‍ വഴിയാണ് കൈമാറിയിരുന്നത്. 300 മിനുട്ടുള്ള ഒരു സ്‌റ്റോറി ടൈപ്പ് ചെയ്ത് മെഷിനില്‍ കാണിക്കണമെങ്കില്‍ കുറച്ച് സമയമെടുക്കുമായിരുന്നു. എന്നാല്‍ അക്കാലത്ത് നാഗ്പൂരില്‍ ടെലിക്‌സ്, ടെലി പ്രിന്റര്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ആ സമയം പിടിഐയ്ക്ക് അവിടെ ഓഫീസ് ഉണ്ടായിട്ട് അധികമായിരുന്നില്ല.

ന്യൂഡല്‍ഹിയിലും ബോംബെയിലും മാത്രമാണ് പിടിഐയ്ക്ക് കാര്യമായ സൗകര്യങ്ങളുണ്ടായിരുന്നത്. അത്ര അടിയന്തരമായി നല്‍കേണ്ടതില്ലാത്ത വാര്‍ത്തകള്‍ അന്ന് ഡല്‍ഹിയിലെ പിടിഐ ആസ്ഥാനത്ത് നിന്ന് ചെറിയ ഓഫീസുകളിലേയ്ക്ക് അയച്ചിരുന്നത് ടെലിഗ്രാം വഴിയായിരുന്നു. ഈ ടെലിഗ്രാമിലെ വിവരങ്ങള്‍ ഇവിടെയുള്ള ലേഖകര്‍ എഴുതിയെടുക്കും. അടിയന്തരമായി കൊടുക്കേണ്ട വാര്‍ത്തകള്‍ക്കായി പിടിഐ ആസ്ഥാനത്തെ റിപ്പോര്‍ട്ടര്‍മാര്‍ ട്രങ്ക് കോള്‍ വിളിക്കും. ഇത് മറ്റ് ഓഫീസുകളിലുള്ളവര്‍ എഴുതിയെടുക്കും. ഗാന്ധിജി കൊല്ലപ്പെട്ട വിവരമറിഞ്ഞയുടന്‍ വാര്‍ത്ത ടൈപ്പ് ചെയ്ത് തുടങ്ങി.

വൈകാരിക വിക്ഷോഭങ്ങള്‍ക്ക് തനിക്ക് സമയം കിട്ടിയിരുന്നില്ല എന്നും ആല്‍ഫ്രഡ് പറഞ്ഞു. ഗോഡ്‌സെയെ അറസ്റ്റ് ചെയ്തത് അടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ആക്കണമായിരുന്നു. ഗോഡ്‌സെയുടെ ആര്‍എസ്എസ് ബന്ധമടക്കമുള്ള വിഷയങ്ങളും. ബോംബെയിലെ ഗൗവാലിയ ടാങ്ക് മൈതാനത്ത് മഹാത്മ ഗാന്ധി ക്വിറ്റ് ആഹ്വാനം നടത്തിയ സമ്മേളനം റിപ്പോര്‍ട്ട് ചെയ്തതടക്കം, ഗാന്ധിയുമായി ബന്ധപ്പെട്ട് നിരവധി ഓര്‍മ്മകളുണ്ടായിരുന്നു വാള്‍ട്ടര്‍ ആല്‍ഫ്രഡിന്. എന്നാല്‍ ഗാന്ധി കൊല്ലപ്പെട്ടതറിഞ്ഞപ്പോള്‍ ഇതൊന്നും പെട്ടെന്ന് ഓര്‍ക്കാനുള്ള സമയം പോലുമുണ്ടായിരുന്നില്ല.

1920 സെപ്റ്റംബര്‍ 21ന് മംഗലാപുരത്താണ് വാള്‍ട്ടര്‍ ആല്‍ഫ്രഡിന്റെ ജനനം. 1938ല്‍ 18ാം വയസില്‍ ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സില്‍ ജോലിയില്‍ പ്രവേശിച്ചതാണ് വാള്‍ട്ടര്‍ ആല്‍ഫ്രഡ്. അന്ന് അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ എന്നായിരുന്നു പിടിഐയുടെ പേര്. എപിഐ റോയിട്ടേഴ്‌സിന്റെ ഉടമസ്ഥതയിലായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമാണ് ഇത് പിടിഐ ആയി മാറിയതും സ്വതന്ത്ര ഏജന്‍സി ആയതും.

ALSO READ: റോഡ് ക്ലീന്‍ ചെയ്യാനും വൃത്തിയെക്കുറിച്ച് ഉപന്യാസം രചിക്കാനുമുള്ള വിഷയം മാത്രമല്ല മഹാത്മാ ഗാന്ധി- എഡിറ്റോറിയല്‍Next Story

Related Stories